Latest News

ട്രാവല്‍ ഏജന്‍സിയില്‍ റെയ്ഡ്; 35 വ്യാജ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തു

കാഞ്ഞങ്ങാട്:[www.malabarflash.com] കാഞ്ഞങ്ങാടും പരിസരത്തും നേരത്തെ തരപ്പെടുത്തിക്കൊടുത്ത 150ലധികം വരുന്ന വ്യാജ പാസ്‌പോര്‍ട്ടുകളെ കുറിച്ച് കോഴക്കോട്ട് കേന്ദ്രീകരിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം തുടര്‍ന്നു കൊണ്ടിരിക്കെ കാഞ്ഞങ്ങാട്ടെ ഒരു പാസ്‌പോര്‍ട്ട് ഏജന്‍സിയില്‍ നിന്ന് ഞായറാഴ്ച പോലീസ് 35 വ്യാജ പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തു. ഇതില്‍ 27 എണ്ണം വ്യാജവും എട്ടെണ്ണം കാലാവധി തീര്‍ന്നതുമാണ്.

വിവിധ ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും വ്യാജ മേല്‍വിലാസത്തിലാണ് പാസ്‌പോര്‍ട്ട് തരപ്പെടുത്തിയതെന്നാണ് വിവരം. കോട്ടച്ചേരി ബസ്റ്റാന്റിനടുത്ത ന്യൂ വേള്‍ഡ് ട്രാവല്‍ ഏജന്‍സിയില്‍ നിന്നാണ് ഇത്രയധികം പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്. ഏജന്‍സി ഉടമ കൊളവയല്‍ ഇക്ബാല്‍ ഹൈസ്‌കൂളിനടുത്ത് താമസിക്കുന്ന അന്തുമായി എന്ന അബ്ദുള്‍ റഹിമാനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. അബ്ദുള്‍ റഹിമാന്‍ ഒളിവിലാണ്. ഞായറാഴ്ച പോലീസ് മണിക്കൂറുകളോളം റെയ്ഡ് നടത്തിയാണ് വ്യാജ പാസ്‌പോര്‍ട്ട് കണ്ടെത്തിയത്.

പ്രിന്‍സിപ്പല്‍ എസ് ഐ ബിജുലാല്‍, എസ് ഐ ബിജുപ്രകാശ്, അഡീഷണല്‍ എസ് ഐ ശിവദാസന്‍ നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. നഗരത്തിലെ ചില ട്രാവല്‍ ഏജന്‍സി വഴി വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തി കൊടുത്തിരുന്നു. ഇതിന് സഹായമായി ചില പോസ്റ്റുമാന്‍മാരും ട്രാവല്‍ ഏജന്‍സി ഉടമകളെ സഹായിച്ചുവെന്ന് എസ് ഐ ടിയുടെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇവരെ നേരത്തെ തന്നെ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതാണ്.

രാജ്യരക്ഷക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മാണവും വിതരണവും. ചന്തേര പോലീസ് വ്യാജ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് കാടങ്കോട്ടെ യൂസഫിനെ പിടികൂടിയിരുന്നു. യൂസഫിനെ വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തിക്കൊടുത്തത് അബ്ദുള്‍ റഹിമാനാണെന്നാണ് യൂസഫ് പോലീസിന് മൊഴി കൊടുത്തത്.

ചെറുവത്തൂരിലെ അക്ഷയ കേന്ദ്രത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ അയച്ചത്. അപേക്ഷയോടൊപ്പം നല്‍കിയ തിരിച്ചറിയല്‍ രേഖയില്‍ വില്ലേജ് ഓഫീസ് അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് അവര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും വ്യാജമായിരുന്നു. മുസ്തഫ 1989 കാടങ്കോട് ഗവ ഫിഷറീസ് ഹൈസ്‌കൂളിലാണ് പഠിച്ചിരുന്നത്. എന്നാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ രേഖയില്‍ പേര് വിശ്വംഭരന്‍ എന്നായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റിനുണ്ടാക്കിയ എംബ്ലം കാഞ്ഞങ്ങാട്ടെ ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.