Latest News

കാന്തപുരത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് കോടതി; വിജിലന്‍സ് അന്വേഷണം നടത്തണം

തലശ്ശേരി: [www.malabarflash.com]വിവാദമായ കറപ്പത്തോട്ടം ഭൂമി ഇടപാടുകോസില്‍ കാന്തപുരത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടു. അതേസമയം കാന്തപുരത്തിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി ഇടപാട് കേസിലാണ് കാന്തപുരം അബുബക്കര്‍ മുസ് ലിയാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. സ്ഥലം കൈമാറ്റം ചെയ്ത കാന്തപുരത്തിനെതിരെ അന്വേഷണം നടത്തിയില്ലെന്ന ഇരിട്ടി സ്വദേശി കെ.എ.ഷാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടത്. എന്നാല്‍, കാന്തപുരത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി തള്ളി.

അനധികൃത ഭൂമി ഇടപാടിനെക്കുറിച്ച് പ്രത്യേക അന്വേഷണത്തിനാണ് കോടതി നിര്‍ദേശിച്ചത്. വിജിലന്‍സ് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന് ശേഷം സംഘത്തിന് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാമെന്നും കോടതി നിര്‍ദേശിച്ചു.

2000ത്തില്‍ കാന്തപുരം മര്‍ക്കസ് അധ്യക്ഷനായിരിക്കെ നടത്തിയ ഭൂമി കൈമാറ്റത്തില്‍
വന്‍തോതിലുള്ള ക്രമക്കേട് നടന്നിരുന്നുവെന്ന് വിജിലന്‍സ്, തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ ഒമ്പത് പേരെ വിജിലന്‍സ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നു. നിയമപ്രകാരം മിച്ചഭൂമിയാകേണ്ട കറപ്പത്തോട്ടം തോട്ടമല്ലെന്ന് കാണിച്ച് സ്വകാര്യ വ്യക്തികള്‍ ഏറ്റെടുത്തതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

അഞ്ചരക്കണ്ടി കറപ്പത്തോട്ട ഇടപാടില്‍ കൃത്രിമം നടത്തിയെന്ന പരാതിയില്‍ കാന്തപുരം ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് സി.ഐ എ.പി. ചന്ദ്രന്‍ അന്വേഷണം നടത്തി ആദ്യഘട്ടമെന്ന നിലയില്‍ ഒമ്പതുപേരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്.

എന്നാല്‍ 300 ഏക്കര്‍ ഭൂമി ഇടപാട് നടത്തിയ കേസില്‍ കാന്തപുരത്തെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് കാണിച്ചാണ് ഇരിട്ടിയിലെ എ.കെ. ഷാജി ഹരജി നല്‍കിയത്. കാന്തപുരത്തെ ചോദ്യം ചെയ്യുകയോ പ്രതി ചേര്‍ക്കുകയോ ചെയ്യാത്തത് കേസിന്റെ നിലനില്‍പ്പിനെതന്നെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ അഡ്വ. ഇ. നാരായണന്‍ മുഖേന വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്.

മുക്ത്യാര്‍ അധികാരത്തിലൂടെ ഭൂമി മുറിച്ചുവിറ്റ കണ്ണൂര്‍ പഴയങ്ങാടി സ്വദേശി അബ്ദുല്‍ ജബ്ബാര്‍, വില്‍പനക്കും വ്യാജരേഖയുണ്ടാക്കാനും ഒത്താശചെയ്ത അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍ ഓഫീസര്‍മാരായിരുന്ന കെ.വി. പ്രഭാകരന്‍, കെ. ബാലന്‍, സ്‌പെഷല്‍ വില്ലേജ് ഓഫിസറായിരുന്ന എ.പി.എം. ഫല്‍ഗുനന്‍, അഞ്ചരക്കണ്ടി വില്ലേജ് ഓഫിസറായിരുന്ന ടി. ഭാസ്‌കരന്‍, കണ്ണൂര്‍ കലക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് സി.ടി. സരള, അഡ്വ. നിസാര്‍ അഹമ്മദ്, മിച്ചഭൂമിയായിട്ടും സര്‍ക്കാറിലേക്കു കണ്ടുകെട്ടുന്നതില്‍ വീഴ്ച വരുത്തിയ കണ്ണൂര്‍, തലശ്ശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്മാര്‍ എന്നിവരാണ് പ്രതികള്‍.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.