കാഞ്ഞങ്ങാട്:[www.malabarflash.com] കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകള്‍ വിപണനം നടത്തുന്നവര്‍ക്കും ഉപഭോക്താക്കള്‍ക്കും പരസ്പരം തിരിച്ചറിയാന്‍ പ്രത്യേക രീതിയിലുള്ള ചിഹ്നവും മുത്തുമാലയും. തീരദേശം അടക്കമുള്ള കാഞ്ഞങ്ങാട്ടെ പ്രധാനപ്പെട്ട മേഖലകളില്‍ റോഡരികിലും മറ്റുമായി കൊത്തിവെക്കപ്പെട്ട 'സമാധാനത്തിന്റെ' ചിഹ്നം കഞ്ചാവ് ഇടപാടുകാര്‍ക്കുള്ള ദിശാ സൂചികയാണെന്ന് പറയപ്പെടുന്നു.
നഗരത്തിലോടുന്ന ചില ഓട്ടോറിക്ഷകള്‍ അടക്കമുള്ള വാഹനങ്ങളുടെ പിറകിലും ഈ ചിഹ്നം കാണാം. കൗമാരം പിന്നിട്ടിട്ടില്ലാത്തവരും യുവാക്കളും ധരിക്കുന്ന കറുത്ത മുത്തുമാലക്കും ഈ ചിഹ്നം അടങ്ങിയ താലിയുണ്ട്. ഇവ പലപ്പോഴും ഷര്‍ട്ടിന്റെ പുറത്തേക്ക് പ്രദര്‍ശിപ്പിച്ചാണ് ധരിക്കുക. മാലയും താലിയും കണ്ടാല്‍ ഇവര്‍ കഞ്ചാവിന്റെ ഉപഭോക്താക്കളാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമത്രേ.
തീരദേശത്തിന് പുറമേ നഗരസഭയുടെ കിഴക്കന്‍ മേഖലകളില്‍ അപ്പാടെ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നിന്റെ അടിമകള്‍ നാള്‍ക്കുനാള്‍ കൂടി വരികയാണ്. മിക്കയിടത്തും കൗമാരക്കാര്‍ തന്നെയാണ് പ്രധാന ഇരകള്‍. കുട്ടികളെ വലയിലാക്കാന്‍ നഗരം കേന്ദ്രീകരിച്ച് ചില വമ്പന്‍ സ്രാവുകളുമുണ്ട്.
ആദ്യ ഘട്ടത്തില്‍ ലഹരി ഉപയോഗിച്ച് അടിമകളായി തീരുന്ന കൗമാരക്കാര്‍ പിന്നീട് കഞ്ചാവ് മാഫിയയുടെ പ്രധാനപ്പെട്ട കണ്ണികളായി മാറുകയും ചെയ്യുന്നു. അന്യദേശ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലൊക്കെ കൗമാരക്കാര്‍ കയറി ഇറങ്ങി ലഹരി വസ്തുക്കള്‍ കൈമാറുന്ന കാഴ്ച പരസ്യമായിട്ടും വേണ്ടത്ര ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. കഞ്ചാവ് മാഫിയക്കെതിരെ മിക്കയിടങ്ങളിലും ജനങ്ങള്‍ സംഘടിച്ചു തുടങ്ങിയിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment