Latest News

കാസര്‍കോട് കോട്ട വില്‍പ്പന; വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി

കാസര്‍കോട്:[www.malabarflash.com] സര്‍ക്കാര്‍ ഭൂമിയായ കാസര്‍കോട് കോട്ടയും 5.41 ഏക്കര്‍ ഭൂമിയും വ്യാജ രേഖകള്‍ ചമച്ച് സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റതിന് പിന്നില്‍ സിപിഎം നേതാവ് എസ്.ജെ പ്രസാദും പ്രമുഖ അഭിഭാഷകന്‍ വെങ്കിട്ടരമണ ഭട്ടും ചേര്‍ന്നുള്ള ഗൂഡാലോചനയെന്ന് കണ്ടെത്തല്‍.

അനുകൂല വിധി നേടുന്നതിനായി ലാന്റ് റവന്യു കമ്മീഷണറായിരുന്ന ടി. ഒ സൂരജിനെ പോലും സംഘം സ്വാധീനിച്ചെന്നും വിജിലന്‍സിന്റെ അന്വേഷണത്തില്‍ വ്യക്തമായി. അന്വേഷണം പൂര്‍ത്തിയാക്കി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് വിജിലന്‍സ് കാസര്‍കോട് യൂണിറ്റ്
ഒരു നൂറ്റാണ്ട് നീണ്ട നിയമ യുദ്ധത്തിനൊടുവില്‍ 2006 ല്‍ കോട്ടയും അനുബന്ധ ഭൂമിയും സര്‍ക്കാരിന്റേതാണെന്ന് ഹൈക്കോടതി അന്തിമമായി വിധി പറഞ്ഞത്. ഈ കേസില്‍ ജന്‍മിയായിരുന്ന ചന്ദ്രവാര്‍ക്കര്‍ കുടുംബത്തിന് വേണ്ടി ഹാജരായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ വെങ്കിട്ടരമണ ഭട്ടും കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാന്‍ എസ് ജെ പ്രസാദും ഗൂഡാലോചന നടത്തിയാണ് ഭൂമി മറിച്ച് വിറ്റതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. 

നേത്തെ കോടതിയില്‍ ഹാജരാക്കാതിരുന്നു പട്ടയവുമായി ചന്ദ്രവാര്‍ക്കര്‍ കുടുംബാംഗമായ അശ്വിനെ കാസര്‍കോട് എത്തിച്ച് നികുതി അടക്കാന്‍ അവകാശ വാദം ഉന്നയിപ്പിച്ചതും ഇരുവരും ചേര്‍ന്നാണന്നും വിജിലന്‍സ് കണ്ടെത്തി.

അന്നു തന്നെ ഭൂമി മൂന്ന് ആധാരങ്ങളാക്കി. എസ് ജെ പ്രസാദ്, സജി സെബാസ്റ്റൃന്‍, ഗോപിനാഥന്‍ നായര്‍, കൃഷണന്‍ നായര്‍ എന്നിവര്‍ക്ക് വിറ്റു. 2010ല്‍ ഈ നടപടി ജില്ല കലക്ടര്‍ റദ്ദാക്കിയപ്പോള്‍. എസ് ജെ പ്രസാദ് ഒഴികെയുള്ളവര്‍ ലാന്റ് റവന്യു കമ്മീഷണറെ സമീപിച്ചു. 

അസിസ്റ്റന്റ് ലാന്റ് റവന്യു കമ്മീഷണറുടെ റിപ്പോര്‍ട്ട് പോലും തള്ളി കമ്മീഷണറായിരുന്ന ടി.ഒ സൂരജ് ഭൂമി പരാതിക്കാര്‍ക്ക് വിട്ടുനല്‍കാന്‍ ഉത്തരവിട്ടു. ഇതിലും ക്രമക്കേടുണ്ടായി എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. 

നിലവില്‍ ലാന്റ് റവന്യു കമ്മീഷണറുടെ ഉത്തരവ് നിലനില്‍ക്കുകയാണ്. ഭൂമി സര്‍ക്കാരിന്റേതാണെന്ന് തെളിഞ്ഞതിനാല്‍ ഉത്തരവ് റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനമെടുക്കണം. അതിനുള്ള ശുപാര്‍ശയാവും വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടാകുക.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.