കൊച്ചി: [www.malabarflash.com] ഗവ പ്ലീഡര്‍ക്കെതിരായ പീഡനവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ അഭിഭാഷകരുടെ ക്രൂരമര്‍ദ്ദനം. തുടര്‍ച്ചയായ രണ്ടാം ദിവസവമാണ് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുന്നത്. വനിതാ മധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അഭിഭാഷകര്‍ അസഭ്യവര്‍ഷം നടത്തി. സര്‍ക്കാര്‍ പ്ലീഡര്‍ക്ക് എതിരായ സ്ത്രീപീഡന വാര്‍ത്ത നല്‍കിയതിനാണ് അഭിഭാഷകര്‍ ഹൈക്കോടതി പരിസരത്ത് അഴിഞ്ഞാടിയത്. ഹൈക്കോടതിയിലെ മീഡിയാ റൂം അഭിഭാഷകര്‍ പൂട്ടി. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസ്, ക്യാമറാമാന്‍ രാജേഷ് തകഴി, മീഡിയവണ്‍ ക്യാമറാമാന്‍ മോനിഷ് മോഹന്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. മീഡിയാവണ്‍ സംഘത്തിന്റെ ക്യാമറയ തല്ലിത്തകര്‍ത്ത് അഭിഭാഷകര്‍ ഡിഎസ്എന്‍ജി എഞ്ചിനീയര്‍ ബാസില്‍ ഹുസൈനേയും മര്‍ദ്ദിച്ചു.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് ഇത് നയിച്ചു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് രണ്ടുതവണ ലാത്തിവീശി. പോലീസിന് നേരെയും അഭിഭാഷകര്‍ ആക്രമണം നടത്തി. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച ശേഷം അഭിഭാഷകര്‍ ഹൈക്കോടതിക്ക് ഉള്ളില്‍ അഭയം തേടിയിരിക്കുകയാണ്. സംഘര്‍ഷം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു.
സംഭവത്തില്‍ ചീഫ് ജസ്റ്റിസ് ഇടപെടണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസവും ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്തിയിരുന്നു. ഡെക്കാന്‍ ക്രോണിക്കള്‍ പത്രത്തിന്റെ ലേഖകന്‍ രോഹിത്തിനെയാണ് ഒരു കൂട്ടം അഭിഭാഷകര്‍ മര്‍ദ്ദിച്ചത്. മീഡിയാ റൂമിനുള്ളില്‍ കയറിയായിരുന്നു ആക്രമണം. ഇതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഹൈക്കോടതി കവലയിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയും അഭിഭാഷകരുടെ പരാക്രമം നടന്നു. മാധ്യമപ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റീസിനും ഹൈക്കോടതി രജിസ്റ്റാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
കൊച്ചിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ കഴിഞ്ഞയാഴ്ച നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. രാത്രി എട്ടു മണിയോടെ സെന്റ് തെരേസാസ് കോളേജിനു സമീപം മുല്ലശ്ശേരി കനാലിനു സമീപമാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞു റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ധനേഷ് മാത്യു കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment