Latest News

ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്‌; തീ പാറുന്ന പോരാട്ടം

ഉദുമ[www.malabarflash.com]: ജില്ലാ പഞ്ചായത്ത്‌ ആരു ഭരിക്കുമെന്ന്‌ നിര്‍ണ്ണയിക്കുന്ന ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിന്‌ ഇനി ദിവസങ്ങള്‍ മാത്രം മാത്രം ബാക്കിയിരിക്കെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ ചൂടു പിടിച്ചു.

ഡിവിഷന്‍ പിടിച്ചെടുത്തു ജില്ലാ പഞ്ചായത്ത്‌ ഭരണ ചക്രം തിരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ ഇടതുമുന്നണിയും നാഷണല്‍ ലീഗും. എന്നാല്‍ ഇടതു-ഐ എന്‍ എല്‍ കണക്ക്‌ കൂട്ടല്‍ മലര്‍പ്പൊടിക്കാരന്റെതിന്‌ തുല്യമാകുമെന്നും ജില്ലാ പഞ്ചായത്ത്‌ ഭരണം തുടരാന്‍ കഴിയുമെന്നുമുള്ള കണക്ക്‌ കൂട്ടലിലാണ്‌ യു ഡി എഫ്‌. 

ശക്തമായ സാന്നിധ്യം അറിയിച്ചുകൊണ്ട്‌ ഉപതെരഞ്ഞെടുപ്പില്‍ നല്ല വോട്ടു നേടാന്‍ കഴിയുമെന്നാണ്‌ ബി ജെ പി യുടെ കണക്ക്‌ കൂട്ടല്‍.

ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന പാദൂര്‍ കുഞ്ഞാമുഹാജിയുടെ ആകസ്‌മിക നിര്യാണമാണ്‌ ഉദുമ ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പിന്‌ കളമൊരുക്കിയത്‌. ഉപതെരഞ്ഞെടുപ്പില്‍ പാദൂരിന്റെ മകന്‍ ഷാനവാസ്‌ യു ഡി എഫ്‌ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമ്പോള്‍ ഇടതു-ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥിയായി മൊയ്‌തീന്‍ കുഞ്ഞിയും ബി ജെ പിയില്‍ നിന്ന്‌ എന്‍ ബാബുരാജും കൊമ്പുകോര്‍ക്കുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇരുമുന്നണികളിലും തുടക്കത്തില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നു. അതിനാല്‍ തെരഞ്ഞെടുപ്പ്‌ പ്രചരണം തുടരുന്നതും വൈകി. എന്നാല്‍ ബൂത്തിലേക്ക്‌ നീങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കവെ മൂന്ന്‌ സ്ഥാനാര്‍ത്ഥികളും ശക്തമായ പ്രചാരണത്തിലാണ്‌. 

പാദൂര്‍ കുഞ്ഞാമുഹാജി ആറായിരത്തില്‍പരം വോട്ടുകള്‍ക്ക്‌ വിജയിച്ച ഡിവിഷന്‍ ഒരു കാരണവശാലും നഷ്‌ടപ്പെട്ടുപോകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ്‌ യു ഡി എഫ്‌. ജില്ലാ പഞ്ചായത്ത്‌ ഭരണം നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി പ്രചരണ രംഗത്തുണ്ട്‌.

എന്നാല്‍ സംസ്ഥാന രാഷ്‌ട്രീയത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ ഉദുമ ഉപതെരഞ്ഞെടുപ്പിലും പ്രകടമാകുമെന്നും യു ഡി എഫിന്റെ കാല്‍ക്കീഴിലെ മണ്ണിളകി തുടങ്ങിയെന്നും ഇത്‌ തെരഞ്ഞെടുപ്പ്‌ ഫലം നിര്‍ണ്ണയിക്കുമെന്നും സി പി എമ്മും ഐ എന്‍ എല്ലും കണക്ക്‌ കൂട്ടുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെമ്മനാട്‌, ഉദുമ, പള്ളിക്കര പഞ്ചായത്തുകളിലെ തീരദേശ മേഖലയില്‍ ഉണ്ടാക്കിയ മുന്നേറ്റം ഈ തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ്‌ ഇടതുമുന്നണിയുടെ കണക്ക്‌ കൂട്ടല്‍.

നിര്‍ണ്ണായകമായ ഉപതെരഞ്ഞെടുപ്പിനിടയില്‍ സംഘര്‍ഷത്തിന്‌ സാധ്യതയുണ്ടെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്‌. ഇതു കണക്കിലെടുത്ത്‌ കനത്ത സുരക്ഷ ഒരുക്കാനും തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്‌.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.