Latest News

ഭര്‍ത്താവ് കൊല്ലപ്പെട്ടതിനു പുറകെ ഭാര്യ ജീവനൊടുക്കി

ഷൊര്‍ണൂര്‍:[www.malabarflash.com] ഭര്‍ത്താവു കൊല്ലപ്പെട്ടതില്‍ മനംനൊന്ത് പെരിങ്കന്നൂര്‍ മേനകത്ത് ഗിരീഷിന്റെ ഭാര്യ ജിഷ (40) കിണറ്റില്‍ചാടി മരിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണു ജിഷ വീട്ടുവളപ്പിലെ കിണറ്റില്‍ ചാടി മരിച്ചത്. 21നു വൈകിട്ടാണു ഗിരീഷ് മരിച്ചത്.

അതിനിടെ ഗിരീഷ് കൊല്ലപ്പെട്ട കേസിലെ മൂന്നു പ്രതികളില്‍ രണ്ടു പേരെ പട്ടാമ്പി സിഐ പി.എസ്.സുരേഷും സംഘവും അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ തൃശൂര്‍ വിരുട്ടാണം വാച്ചാക്കല്‍ സരോജിനി (65), മൂന്നാം പ്രതിയായ മകന്‍ മനോജ് (44) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. സരോജിനിയുടെ മറ്റൊരു മകന്‍ മനീഷ് (42) ആണു രണ്ടാം പ്രതി. ഇയാളും വലയിലായതായാണു സൂചന.

കഴിഞ്ഞ 20നു രാത്രി നടന്ന അടിപിടിയെത്തുടര്‍ന്ന് 21നു വൈകിട്ടു മൂന്നു മണിക്കാണു ഗിരീഷ് മരിച്ചത്. ഈ സംഭവത്തിനു ശേഷം ഏറെ അസ്വസ്ഥയായി കാണപ്പെട്ട ജിഷ വീട്ടുകാരോടു താനും മക്കളും ഗിരീഷിന്റെ അടുത്തേക്കു പോകുമെന്ന് അടിക്കടി പറഞ്ഞിരുന്നതായി അമ്മ പറയുന്നു. രാത്രി കിടന്നിടത്തുനിന്നു ജിഷയെ കാണാതായി. വീട്ടുകാരും നാട്ടുകാരും ഒരു മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവില്‍ വീടിനടുത്തുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

അഗ്‌നിശമനസേനയും പോലീസും സ്ഥലത്തെത്തിയാണു മൃതദേഹം പുറത്തെടുത്തത്. അശ്വിന്‍ രാഘവും (ഒന്‍പത്), അഞ്ജനയും (ഏഴ്) ആണ് ഇവരുടെ മക്കള്‍. മക്കള്‍ രണ്ടു പേരും ചാഴിയാട്ടിരി എയുപി സ്‌കൂളിലെ നാലും മൂന്നും ക്ലാസുകളിലെ വിദ്യാര്‍ഥികളാണ്. സരോജിനിയെ കുട്ടഞ്ചേരിയില്‍നിന്നും മനോജിനെ പെരിമ്പിലാവ് കരിക്കാട്ടുനിന്നുമാണു പിടികൂടിയതെന്നു പോലീസ് പറഞ്ഞു.

ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍.സുനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പട്ടാമ്പി സിഐ പി.എസ്.സുരേഷ്, ചാലിശ്ശേരി എസ്‌ഐ രാജേഷ്‌കുമാര്‍, എസ്‌ഐമാരായ മോഹനന്‍, സത്യന്‍, സുനീര്‍ സിങ്ങ്, എസ്!സിപിഒ ഉണ്ണിക്കൃഷ്ണന്‍, സിപിഒ മാരായ ബിജു, റഷീദ്, മണി, ഷാജഹാന്‍, സനല്‍, ഷെമീര്‍ എന്നിവരടങ്ങുന്ന സംഘമാണു കേസ് അന്വേഷിച്ചത്.

കഴിഞ്ഞ 20നു രാത്രി വിരുട്ടാണം വാച്ചാക്കല്‍ മനോജിന്റെ വീട്ടില്‍ വച്ചാണു കേസിനാസ്പദമായ സംഭവം. ഗിരീഷിന്റെകൂടെ ബേക്കറി സാധനങ്ങള്‍ കച്ചവടം ചെയ്യുന്ന ആളാണു മനോജ്. അവിടെവച്ചു ചില ഇടപാടുകളുമായി ബന്ധപ്പെട്ടു മനീഷുമായി വാക്കേറ്റവും അടിപിടിയുമുണ്ടായി. മനീഷിന്റെ അമ്മ സരോജിനിയും കൂടെക്കൂടി. ഇരുവരും ചേര്‍ന്നു ഗിരീഷിനെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചെന്നാണു കേസ്.

തലയ്ക്കടിയേറ്റ് അവശനായ ഗിരീഷ് അന്നു രാത്രിതന്നെ സ്വന്തം വീട്ടിലെത്തി ഭക്ഷണം കഴിച്ചു കിടന്നുറങ്ങി. അടുത്ത ദിവസം രാവിലെയും അവശനായി കാണപ്പെട്ട ഗിരീഷിനെ ഉച്ചയോടെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെയെത്തും മുന്‍പു മരിച്ചെന്നു പോലീസ് പറയുന്നു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.