Latest News

ആകാശത്തെ ശബ്ദരഹിത വെടിക്കെട്ട് തുടങ്ങി

വാഷിംഗ്ടണ്‍:[www.malabarflash.com] ആകാശത്തെ ശബ്ദരഹിത വെടിക്കെട്ട് 'പഴ്‌സീഡ് ഉല്‍ക്കമഴ' വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍. മിന്നിത്തിളങ്ങുന്ന ഉല്‍ക്കകള്‍ തലങ്ങും വിലങ്ങും പാഞ്ഞ് വിസ്മയമൊരുക്കുന്ന കാഴ്ച വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ കാണാന്‍ സാധിക്കുമെന്നാണ് നാസ പറയുന്നത്. 12ന് അര്‍ധരാത്രി മുതല്‍ 13ന് പുലര്‍ച്ചെവരെ ബൈനോക്കുലറോ ടെലസ്‌കോപ്പോ കണ്ണടയോ ഇല്ലാതെ നഗ്‌നനേത്രങ്ങളാല്‍ കേരളത്തിലും ഇത് വ്യക്തമായി കാണാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഓരോ 133 വര്‍ഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സൂര്യനെ ചുറ്റി സ്വിഫ്റ്റ്ടട്ട്ല്‍ എന്ന ഭീമന്‍ വാല്‍നക്ഷത്രം കടന്നുപോകാറുണ്ട്‌. അപ്പോള്‍ അതില്‍നിന്നു തെറിച്ചുപോകുന്ന മഞ്ഞും പൊടിപടലങ്ങളുമെല്ലാം സൗരയൂഥത്തില്‍ തങ്ങിനില്‍ക്കും. വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അവ ഘര്‍ഷണം മൂലം കത്തിയെരിയും. ഇത് കൂട്ടത്തോടെ വരുമ്പോഴാണ് ഉല്‍ക്കാവര്‍ഷമുണ്ടാവുന്നത്. ആകാശത്തു പഴ്‌സീഡ് എന്ന നക്ഷത്രസമൂഹത്തിന്റെ സ്ഥാനത്തുനിന്നു വരുന്നതിനാലാണ് അതിന്റെ പേരില്‍ത്തന്നെ ഉല്‍ക്കമഴ അറിയപ്പെടുന്നത്.

ഇത്തവണ ഭൗമാന്തരീക്ഷത്തിലേക്കു കൂടുതല്‍ ഉല്‍ക്കകള്‍ ഓടിക്കയറി കത്തിത്തീരുമെന്നാണു കണക്കുകൂട്ടല്‍. എല്ലാവര്‍ഷവും ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 24 വരെ പഴ്‌സീഡ് ഉല്‍ക്കമഴ ഉണ്ടാകാറുണ്ട്‌. പക്ഷേ, ഇത് അതിന്റെ പാരമ്യത്തിലെത്തുന്നത് ഓഗസ്റ്റ് 12,13,14 തീയതികളിലാണ്. മണിക്കൂറില്‍ 80 മുതല്‍ 200 വരെ ഉല്‍ക്കകള്‍ പായുമെന്നാണ് കരുതപ്പെടുന്നത്. ഇത്തവണ ഉല്‍ക്കമഴ അതിന്റെ പൂര്‍ണതയില്‍ കാണാവുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്‌.






Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.