Latest News

ദുബായില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്

ദുബായ്:[www.malabarflash.com]എമിറേറ്റില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് പോകുന്നവര്‍ക്കു പരസ്പരം ബന്ധപ്പെടുന്നതിനായി വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കുമെന്ന് അധികൃതര്‍. തീര്‍ഥാടകര്‍ക്കും ഹജ്ജ് ഗ്രൂപ്പുകള്‍ക്കും ഔദേൃാഗിക ഹജ്ജ് സംഘാംഗങ്ങള്‍ക്കും തമ്മില്‍ അധിവേഗം ബന്ധപ്പെടാന്‍ ഇതു സഹായകമാകുമെന്ന് മതകാര്യവകുപ്പിലെ ഹജ്ജ് ഉംറ കാരൃാലയ തലവന്‍ സഈദ് അബ്ദുല്ല ബിന്‍ തവിയ്യ അറിയിച്ചു.

ഓഫീസ് ഉദേൃാഗസ്ഥരും തീര്‍ഥാടകരും അടങ്ങുന്ന 65 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണു വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കുക. തീര്‍ഥാടനം സുഗമമാക്കാന്‍ ഉതകുന്ന കാരൃങ്ങള്‍ കൈമാറാനും പ്രയാസങ്ങള്‍ ഉടനടി പരിഹരിക്കാനും ഇതുവഴി സാധിക്കുമെന്ന് സഈദ് പറഞ്ഞു.

ദുബായ് പൊലീസ്, ആരോഗ്യ മന്ത്രാലയം, താമസകുടിയേറ്റ വകുപ്പ് , ആംബലന്‍സ് സര്‍വീസ്, ദുബായ് കസ്റ്റംസ് എന്നിവ കൈകോര്‍ത്താണു ഇത്തവണത്തെ ഹജ്ജ്് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. അതുകൊണ്ട് ഇക്കൊല്ലത്തെ ഹജ്ജ് സീസണ്‍ ഏറ്റവും എളുപ്പത്തിലുള്ളതായിരിക്കും. വിമാനത്താളവങ്ങളിലെത്തുന്ന ഹാജ്ജിമാരെ 15 മിനിറ്റുകള്‍ക്കകം വിമാനത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് സഈദ് പറഞ്ഞു.

മടങ്ങിയെത്തുന്ന ഹാജിമാരെ സ്വീകരിക്കുന്നതിനായി വിമാനത്താളവങ്ങളിലെത്തുന്നവര്‍ക്കു പാര്‍ക്കിങ് ഫീസില്‍ ഇളവു നല്‍കാനും തീരുമാനമായിട്ടുണ്ട്. രണ്ടുഘട്ടമായാണു ഹാജിമാരുടെ തീര്‍ഥാടനം പൂര്‍ത്തിയാക്കുക. സെപ്റ്റംബര്‍ നാലിനു ഹാജിമാരെ മദീനയിലെത്തിക്കും. നാല് ദിവസം പ്രവാചകനഗരിയില്‍ തങ്ങാന്‍ കഴിയുന്ന വിധത്തിലാണു യാത്രകള്‍ ക്രമീകരിച്ചത്.

മദീന സന്ദര്‍ശനം കഴിഞ്ഞ് റോഡ് മാര്‍ഗമായിരിക്കും മദീനയില്‍ നിന്നു മക്കയിലേക്കു മടങ്ങുക. ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി സ്‌പെറ്റംബര്‍ 16 നു മടക്കയാത്ര ആരംഭിക്കും. 30 കിലോ ബാഗേജ് അനുവദിക്കും. ഇതിനു പുറമേ ഓരോ യാത്രക്കാരുനും ഹജിനു ധരിക്കേണ്ട രണ്ട് ഇഹ്‌റാം വസ്ത്രം കൊണ്ടുപോകാനാകും. 4982 പേര്‍ക്കാണു ഇക്കൊല്ലം ഹജിനുപോകാന്‍ യുഎഇയില്‍ നിന്ന് അനുമതിയുള്ളത്. ഇവരില്‍ 351 വിദേശികളും ബാക്കിയെല്ലാം സ്വദേശികളുമാണ്.

ദുബായ് വിമാനത്താളവത്തിലെ ടെര്‍മിനല്‍ മൂന്നില്‍ അഞ്ച് കൗണ്ടറുകള്‍ തീര്‍ഥാടകര്‍ക്കു മാത്രമായി തുറക്കും. ഈമാസം 25 മുതല്‍ 12 അധിക സര്‍വീസുകള്‍ ജിദ്ദയിലേക്കുണ്ടാകുമെന്നു അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മക്കയിലേക്കും മദീനയിലേക്കുമായി പ്രതിദിനം അഞ്ച് സര്‍വീസുകളാണു നടത്തുക. ട്രാന്‍സിറ്റിലെത്തുന്നവരടക്കം 15,000 പേരെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഹജ്ജ് സീസണില്‍ സൗദിയിലെത്തിക്കുന്നുണ്ട്.






Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.