Latest News

കാസര്‍കോട് തെരുവുവിളക്കുകള്‍ സ്ഥാപിച്ചതില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്

കാസര്‍കോട്:[www.malabarflash.com] നഗരത്തില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചതില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. വൈദ്യുതി ചാര്‍ജ് ഇനത്തിലും തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്കുമായി 2011–12 വര്‍ഷം മുതല്‍ കഴിഞ്ഞ 31 വരെ നഗരസഭ ചെലവഴിച്ചതു നാലു കോടിയോളം രൂപ.

എന്നാല്‍, വൈദ്യുതി ചാര്‍ജ് ഇനത്തിലും അറ്റകുറ്റപ്പണികള്‍ക്കുമായി ഇത്രയും തുകയാവുന്നതില്‍ നഗരസഭ ജാഗ്രത കാണിക്കുന്നില്ലെന്നും 1,38,125 രൂപ ചെലവഴിച്ച് വാങ്ങിയ 425 സിഎഫ്എലുകള്‍ എവിടെ സ്ഥാപിച്ചുവെന്നതിനു രേഖകളില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ തെരുവുവിളക്കിന്റെ ചാര്‍ജ് ഇനത്തില്‍ 3,31,63,418 രൂപയും അറ്റകുറ്റപ്പണികള്‍ക്കായി 57,31,441 രൂപയുമായി.

നഗരസഭയില്‍ വിവിധയിനത്തിലായി എത്ര തെരുവുവിളക്കുകള്‍ ഉണ്ടെന്നതിനു രേഖകളില്ല. ഇതിനു പുറമെ 120 ബള്‍ബുകള്‍ സ്ഥാപിച്ചതും യാതൊരുവിധ രേഖയിലുമില്ലാത്തതിനാല്‍ ഇതിന്റെ തുകയായ 19,950 രൂപ നല്‍കാന്‍ പാടില്ലെന്നും അറ്റകുറ്റപ്പണികള്‍ നടത്തുന്നത് ക്രമപ്രകാരമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിക്കായി 13,41,248 രൂപ ചെലവഴിച്ചതിലെ ടെന്‍ഡര്‍ നടപടി ക്രമങ്ങളില്‍ ന്യൂനതകളുണ്ട്. ടെ!ന്‍ഡര്‍ വ്യവസ്ഥകള്‍ പാലിക്കാതെയും റജിസ്റ്ററുകള്‍ സൂക്ഷിക്കാതെയും കൗണ്‍സിലര്‍മാരുടെ സാക്ഷ്യപത്രത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ബില്‍ തുക കൈമാറിയത്.

2146 ബള്‍ബുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയെന്നു പറയുന്നുവെങ്കിലും ഇതു തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കിയില്ലെന്നു പരിശോധനാ റിപ്പോര്‍ട്ടിലുണ്ട്. കൃത്യമായി തെരുവു വിളക്കുകളുടെ (സിഎഫ്എല്‍) എണ്ണം ലഭ്യമാക്കാതെ 2146 എന്ന എണ്ണം കണക്കാക്കി മുഴുവന്‍ തെരുവുവിളക്കുകളും നന്നാക്കിയെന്നു കാണിച്ചു തുക നല്‍കിയത് ശരിയായ നടപടിയല്ലാത്തതിനാല്‍ കൂടുതല്‍ പരിശോധന വേണമെന്ന് ഓഡിറ്റ് വിഭാഗം ശുപാര്‍ശ ചെയ്യുന്നുണ്ട്.

ബില്ലില്‍ എന്നും മുന്നില്‍ ജനസംഖ്യയിലും വിസ്തീര്‍ണത്തിലും കാഞ്ഞങ്ങാടിനെ അപേക്ഷിച്ച് കാസര്‍കോട് നഗരസഭ പിന്നിലാണെങ്കിലും വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ മുന്നില്‍. 39.54.ച.കി.മീറ്റര്‍ വിസ്തീര്‍ണവും 65499 ജനസംഖ്യയുമുള്ള കാഞ്ഞങ്ങാട്ട് 2014–15 വര്‍ഷത്തില്‍ വൈദ്യുതി ചാര്‍ജിനത്തില്‍ 9,51126 രൂപ അടച്ചപ്പോള്‍ 16.69 ച.കി.മീറ്റര്‍ വിസ്തീര്‍ണത്തില്‍ 54172 ജനങ്ങളും പാര്‍ക്കുന്ന കാസര്‍കോട് നഗരസഭയില്‍ ഇതേ വര്‍ഷത്തില്‍ ബില്‍ തുക വൈദ്യുതി വകുപ്പിനു നല്‍കിയത് 7,524731 രൂപയാണ്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.