Latest News

മാണിക്ക് പരോക്ഷ പരിഹാസവുമായി പി.സി ജോർജിന്‍റെ ഫേസ്ബുക്ക് കുറിപ്പ്


കോട്ടയം [www.malabarflash.com]: മാണി യു.ഡി.എഫ് വിട്ടതിനെ പരിഹസിച്ച് പി.സി ജോർജ്. 'ഒരു വർത്തമാന കഥ' എന്ന പേരിൽ ഫേസ് ബുക്കിലിട്ട കുറിപ്പിലാണ് മാണി യു.ഡി.എഫ് ബന്ധം വേർപെടുത്തിയതിനെ പരിഹസിച്ച് രംഗത്തെത്തിയത്. പശുവിനോട് ഉപമിച്ചാണ് കുറിപ്പെഴുതിയിരിക്കുന്നത്.
''ഒപ്പം ചേര്‍ന്നു കിടന്ന് അയവിറക്കുന്ന കിടാവിനെ വാത്‌സല്യത്തോടെ ഒന്നു നോക്കി തീരുമാനിച്ചുറച്ച് എണീറ്റു. എന്നിട്ട് ചുറ്റിനും കണ്ണോടിച്ചു! തൊട്ടടുത്ത പറമ്പുകളായ കോട്ടയം ചേട്ടന്‍റെ അഖിലേന്ത്യാ കാവി പുരയിടത്തിലെയും, കണിശക്കാരനായ വടക്കന്‍ ചേട്ടന്‍റെ വിപ്ലവ പറമ്പിലെയും പുല്‍സമൃദ്ധിയിലേക്ക് കൊതിയോടെ ദൃഷ്‌ടി പായിച്ചു.കാവി പുരയിടത്തിലോ, വിപ്ലവ പറമ്പിലോ എവിടെങ്കിലും ഒരിടത്ത് വേലി പൊളിച്ചു കയറണം. അല്ലേല്‍ പട്ടിണി കിടന്ന് ചാവും! കൂട്ടത്തില്‍ ഇത്രേം നാളും ഒപ്പം നടന്ന് തിന്നു കൊഴുത്ത ക്‌ടാവും വടിയാകും. അതുമല്ലെങ്കിൽ ആരെങ്കിലും അറക്കാന്‍ കൊണ്ടുപോകും! പാടില്ല, അങ്ങനെ സംഭവിച്ചു കൂടാ!'' എന്ന വാക്കുകളിലൂടെയാണ് മാണിയുടെ അടുത്ത ലക്ഷ്യം ബി.ജെ.പിയോ എല്‍.ഡി.എഫോ ആണെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നത്.
രണ്ടിടത്തോട്ടും എത്താന്‍ ''സമദൂര'' മേയുള്ളൂ. തങ്ങളോടു കഷ്‌ടം തോന്നി ഇതിലേതെങ്കിലും ഒരു പുരയിടത്തിലെ പുല്‍സമൃദ്ധിയിലേക്ക് ഉടമസ്‌ഥരില്‍ ആരെങ്കിലും ഒന്ന് വിളിച്ചു കയറ്റണേ എന്ന പ്രാർഥനയുമായി 'ഒറ്റയ്‌ക്ക്'' എന്ന ബോര്‍ഡും കഴുത്തിലണിഞ്ഞ്‌ ആ വാല്‍സല്യനിധി നില്‍പു തുടങ്ങി എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ഒരു വര്‍ത്തമാനകാല കഥ
സ്വന്തമായിട്ടുള്ള പുരയിടത്തില്‍ ഒരു പുല്‍നാമ്പ് പോലും വളര്‍ത്താനുള്ള ശേഷി ഒട്ടുമില്ല! ഇത്രയും നാളും വല്ലവൻ്റെയും പുരയിടത്തിലെ ത്രിവര്‍ണ്ണ പുല്ല് തിന്ന് തടിച്ചു കൊഴുത്തു. ആ പുരയിടത്തില്‍ ഒരു തകര പോലും ഇനി 4 വര്‍ഷത്തേക്ക് കിളിര്‍ക്കില്ലെന്ന അശരീരിയും മുഴങ്ങി!
ഒപ്പം ചേര്‍ന്നു കിടന്ന് അയവിറക്കുന്ന കിടാവിനെ വാത്‌സല്യത്തോടെ ഒന്നു നോക്കി തീരുമാനിച്ചുറച്ച് എണീറ്റു. എന്നിട്ട് ചുറ്റിനും കണ്ണോടിച്ചു! തൊട്ടടുത്ത പറമ്പുകളായ കോട്ടയം ചേട്ടന്‍ൻ്റെ അഖിലേന്ത്യാ കാവി പുരയിടത്തിലെയും, കണിശക്കാരനായ വടക്കന്‍ ചേട്ടന്‍ടെ വിപ്ളവ പറമ്പിലെയും പുല്‍സമൃദ്‌ധിയിലേക്ക് കൊതിയോടെ ദൃഷ്‌ടി പായിച്ചു.
കാവി പുരയിടത്തിലോ,വിപ്ളവ പറമ്പിലോ എവിടെങ്കിലും ഒരിടത്ത് വേലി പൊളിച്ചു കയറണം. അല്ലേല്‍ പട്ടിണി കിടന്ന് ചാവും! കൂട്ടത്തില്‍ ഇത്രേം നാളും ഒപ്പം നടന്ന് തിന്നു കൊഴുത്ത ക്‌ടാവും വടിയാകും. അതുമല്ലെങ്കിൽ ആരെങ്കിലും അറക്കാന്‍ കൊണ്ടുപോകും! പാടില്ല, അങ്ങനെ സംഭവിച്ചു കൂടാ!
നിശ്ചയദാര്‍ഡ്യത്തോടെ കിടാവിനെയും കൂട്ടി എണീറ്റു. ഇത്രയും നാളും തങ്ങള്‍ക്കൊപ്പം നടന്ന് പുല്ല് തിന്നവന്‍ മിണ്ടാതെ അപ്പുറത്ത് മാറിക്കിടപ്പുണ്ട് ! തൻ്റേത് കാളരാഗം തന്നെ. പക്ഷേ പാട്ടുകാരനായ അവന്‍ അമറുന്നതിന് ഗായകനാദത്തിൻ്റെ ഒരു മെലഡി ട്യൂണുണ്ട് ! നിൻ്റെ വിശപ്പും ഞാന്‍ മാറ്റിത്തരാം വാ... ഞങ്ങടെ കൂടെ ''വിശന്നിരിക്കുന്നത് സഹിക്കാന്‍ കഴിയാത്ത അവന്‍ കേട്ടപാടെ ചാടി എണീറ്റ് ഒപ്പം കൂടി! അവനെയും സ്വന്തം കിടാവിനെയും കൂട്ടി കാവി പുരയിടത്തിൻ്റെയും വിപ്ളവ പറമ്പിന്റെയും ഒത്ത നടുവിലെത്തി. രണ്ടിടത്തോട്ടും എത്താന്‍ ''സമദൂര'' മേയുള്ളൂ. തങ്ങളോടു കഷ്‌ടം തോന്നി ഇതിലേതെങ്കിലും ഒരു പുരയിടത്തിലെ പുല്‍സമൃദ്ധിയിലേക്ക് ഉടമസ്‌ഥരില്‍ ആരെങ്കിലും ഒന്ന് വിളിച്ചു കയറ്റണേ എന്ന പ്രാര്‍ത്‌ഥനയുമായി...
ഗായകനാദമുള്ള കൂട്ടുകാരനെയും സ്വന്തം കിടാവിനെയും ചേര്‍ത്തു പിടിച്ച് ''ഒറ്റയ്‌ക്ക്'' എന്ന ബോര്‍ഡും കഴുത്തിലണിഞ്ഞ്‌ ആ വാല്‍സല്യനിധി നില്‍പു തുടങ്ങി!

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.