Latest News

തിരക്കഥാകൃത്ത് ടിഎ റസാഖ് അന്തരിച്ചു

കൊച്ചി:[www.malabarflash.com] എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി.എ റസാഖ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രയില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ഈ മാസം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

25 വര്‍ഷത്തോളമായി കഥപറഞ്ഞും തിരക്കഥയും സംഭാഷണങ്ങളും രചിച്ചും മലയാള സിനിമാ ലോകത്തെ സജീവസാന്നിധ്യമായിരുന്നു റസാഖ്. 1996ല്‍ പുറത്തിറങ്ങിയ കാണാക്കിനാവ് എന്ന ചിത്രത്തിന് മികച്ച കഥ, തിരക്കഥ എന്നിവയ്ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ആയിരത്തില്‍ ഒരുവന്‍, പെരുമഴക്കാലം എന്നീ ചിത്രങ്ങള്‍ക്കും മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. സഹസംവിധായകനായിട്ടായിരുന്നു ടിഎ റസാഖിന്റെ സിനിമയിലെ തുടക്കം. അതും മലയാളി നെഞ്ചോടടക്കിപ്പിടിച്ച 'ധ്വനി' യുടെ സഹസംവിധായകന്‍.

തിരക്കഥയുടേയും കഥകളുടേയും ലോകത്ത് നിന്ന് സിനിമ സംവിധായകന്‍ എന്ന ലേബലിലേക്കുള്ള ടിഎ റസാഖിന്റെ മാറ്റമാണ് 'മൂന്നാം നാള്‍ ഞായറാഴ്ച'. ചിത്രം ബോക്‌സോഫീസില്‍ ഹിറ്റായില്ലെങ്കിലും മികച്ച കലാമൂല്യമുള്ള ചിത്രമായി മലയാളി അംഗീകരിച്ചു.

വിഷ്ണുലോകം, ഘോഷയാത്ര, കാണാക്കിനാവ്, പെരുമഴക്കാലം, ബസ് കണ്ടക്ടര്‍ , എന്റെ ശ്രീക്കുട്ടിക്ക്, നാടോടി, അനശ്വരം, ഗസ്സല്‍ , ഭൂമിഗീതം, സ്‌നേഹം, താലോലം, സാഫല്യം, വാല്‍ക്കണ്ണാടി, മാറാത്ത നാട്, വേഷം, രാപ്പകല്‍ തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളുടെ തിരക്കഥ റസാക്കിന്റേതാണ്. ജന്മനാടായ കൊണ്ടോട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും മനുഷ്യജീവിതങ്ങളായിരുന്നു അദ്ദേഹത്തിന്റെ സിനിമകളിലുണ്ടായിരുന്നത്.

ടിഎ റസാഖിന്റെ മിക്ക കഥകളുടേയും പശ്ചാത്തലം സ്വന്തം ജീവിതം തന്നെയായിരുന്നുവെന്ന് പലപ്പോഴും തോന്നിച്ചു. കടത്തില്‍ മുങ്ങിയ ഒരു ചെറുപ്പക്കാരനായിരുന്നു പണ്ട് റസാഖ്. പലസിനിമകളിലും ഈ പ്രാരാബ്ദങ്ങളും പ്രശ്‌നങ്ങളും പ്രധാന വിഷയമായി കടന്നുവരുന്നുണ്ട്.

സിബി മലയില്‍ സംവിധാനംചെയ്ത കാണാക്കിനാവിന് 1997ലെ മികച്ച കഥക്കും തിരക്കഥക്കുമുള്ള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. ഇതേചിത്രത്തിന് മികച്ച പ്രമേയത്തിനുള്ള ദേശീയ അവാര്‍ഡും കിട്ടി. സിബി മലയില്‍ സംവിധാനം ചെയ്ത 'ആയിരത്തില്‍ ഒരുവന്‍ ' 2002ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്, അനില്‍ബാബു സംവിധാനംചെയ്ത 'ഉത്തമന്‍ ' മികച്ച തിരക്കഥയ്ക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ് എന്നിവ ലഭിച്ചു. 2004ലെ മികച്ച സാമൂഹ്യ പ്രസക്തിയുള്ള വിഷയത്തിന് കമല്‍ സംവിധാനംചെയ്ത 'പെരുമഴക്കാലം' ദേശീയ അവാര്‍ഡ് നേടി.

2004ലെ മികച്ച കഥയ്ക്കുള്ള കേരള സ്‌റ്റേറ്റ് അവാര്‍ഡ്, കഥയ്ക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ്, മികച്ച തിരക്കഥയ്ക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ്, മാതൃഭൂമി, ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, എ ടി അബു ഫൗണ്ടേഷന്‍ അവാര്‍ഡ്, അമൃത ടിവി അവാര്‍ഡ് എന്നിവ ലഭിച്ചു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.