Latest News

രാജ്യത്തിന്റെ അഭിമാനമായ ജാസിമിന് കണ്ണീരോടെ വിട

ദുബൈ:[www.malabarflash.com] യുഎഇ ഒന്നടങ്കം കേഴുന്നു, പ്രിയ ജാസിം, മറക്കില്ലൊരിക്കലും താങ്കളെ... തിരുവനന്തപുരത്ത് നിന്നെത്തിയ എമിറേറ്റ്‌സ് ഇകെ 521 വിമാനം ദുബൈയില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ രക്തസാക്ഷിയായ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥന്‍ ജാസിം ഈസാ അല്‍ ബലൂഷിക്ക് രാജ്യം ഒന്നടങ്കം കണ്ണീരോടെ യാത്രയയപ്പ് നല്‍കി.

റാസല്‍ഖൈമ സ്വദേശിയായ അദ്ദേഹത്തിന്റെ ഭൗതിക ശരീരം വ്യാഴാഴ്ച രാവിലെ ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് ശേഷം സുലൈയാ കബര്‍സ്ഥാനില്‍ അടക്കം ചെയ്തു.

നൂറകണക്കിന് ആളുകളാണ് അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ജാസിമിന് ട്വിറ്ററിലൂടെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. നമ്മുടെ വരും തലമുറകള്‍ അഭിമാനത്തോടെ ഓര്‍ക്കുന്ന നാമമായിരിക്കും ജാസിമിന്റേതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ പ്രിയ ജാസിമിന്റെ വേര്‍പാടില്‍ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളോടുമൊപ്പം സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിച്ചു.
 

അതേസമയം യുഎഇയിലെ സ്വദേശികളും ഇന്ത്യക്കാരടക്കമുള്ള വിദേശികളും സമൂഹ മാധ്യമങ്ങളിലൂടെയും പ്രണാമമര്‍പ്പിച്ചു. ജാസിം, താങ്കള്‍ ഈ രാജ്യത്തിന്റെ അഭിമാനമാണ് എന്നായിരുന്നു സ്വദേശികളുടെ കുറിപ്പുകള്‍.

ഓരോ വാക്കിലും അദ്ദേഹത്തോടുള്ള ആദരവും സ്‌നേഹവും ബഹുമാനവും തുടിച്ചുനിന്നു. മലയാളികള്‍ ഏറെ ഉണ്ടായിരുന്ന വിമാനം ദുബായ് എയര്‍പോര്‍ട്ടില്‍ കത്തിയമരുമ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇടയില്‍ ജീവന്‍ പൊലിഞ്ഞ അഗ്‌നിശമന ഉദ്യോഗസ്ഥന്‍ ജാസിം ഈസ്സ.. അങ്ങേയ്ക്ക് ഓരോ ഇന്ത്യക്കാരന്റെയും ആദരാഞ്ജലികള്‍. അങ്ങ് എന്നും ഞങ്ങളുടെ മനസ്സില്‍ ജ്വലിക്കുന്ന ഓര്‍മകള്‍ ആയിരിക്കും എന്ന് സാമൂഹിക പ്രവര്‍ത്തകന്‍ റെജി ഗ്രീന്‍ലാന്‍ഡ് ഫേസ്ബുക്കില്‍ കുറിച്ചു.

ഈസാ അല്‍ ബലൂഷിയുടെ മൂന്ന് സഹോദരന്മാരും രണ്ടു സഹോദരിമാരുമടങ്ങുന്ന മക്കളില്‍ ഏറ്റവും മൂത്തയാളായിരുന്നു 27കാരനായ ജാസിം. കുട്ടിയായിരുന്നപ്പോള്‍ തന്നെ മറ്റുള്ളവരെ സഹായിക്കുന്നതില്‍ താത്പര്യം കാണിച്ചിരുന്നയാളാണ് അദ്ദേഹമെന്ന് ഈസാ അല്‍ ബലൂഷി പറയുന്നു. ആ സഹായമനസ്‌കതയ്ക്ക് ഏത് രാജ്യക്കാരനാണെന്നോ, മതക്കാരനാണെന്നോ, സമൂഹത്തിലെ സ്ഥാനമോ പരിഗണനയില്‍ വരാറില്ലായിരുന്നു. അതുകൊണ്ടാണ് ജാസിം സ്വന്തം ഇഷ്ടപ്രകാരം സിവില്‍ ഡിഫന്‍സില്‍ ചേര്‍ന്നത്. ഒടുവില്‍ രാജ്യത്തെ ജനങ്ങളുടെ രക്ഷയ്ക്കായി ജീവന്‍ സമര്‍പ്പിച്ചു. തനിക്ക് പ്രിയപ്പെട്ട മകന്‍ നഷ്ടപ്പെട്ടുവെങ്കിലും, അവനെയോര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് അല്‍ ബലൂഷി പറഞ്ഞു.
ജാസിമിന്റെ വിവാഹത്തിന് മുന്‍പ് അദ്ദേഹത്തിന് സ്വന്തമായി ഒരു വീട് ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പിതാവ്. 

സഹപ്രവര്‍ത്തകനും ബന്ധുവുമായ അഹമ്മദ് അബ്ബാസിനെയായിരുന്നു മരിക്കുന്നതിന് മുന്‍പ് അവസാനമായി ജാസിം ഫോണ്‍ വിളിച്ചിരുന്നത്. നമുക്ക് കാണാം എന്നായിരുന്നു അവസാന വാക്കുകള്‍. പിന്നീട്, അബ്ബാസ് കേട്ട വാര്‍ത്ത ജാസിം രക്തസാക്ഷിയായി എന്നതായിരുന്നു. ആളും തരവും നോക്കാതെ സഹായ മനസ്‌കത കാണിച്ചിരുന്ന ധീരനായ വ്യക്തിയായിരുന്നു അദ്ദേഹം. ഒടുവില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കാനും തയ്യാറായി. 

അബ്ബാസെ, ജോലിക്കിടെ രക്തസാക്ഷിയാകാന്‍ പ്രാര്‍ഥിക്കൂ എന്ന് ജാസിം എപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് അബ്ബാസ് അഭിമാനത്തോടെ ഓര്‍ക്കുന്നു.






Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.