കൊച്ചി:[www.malabarflash.com] നിരോധിക്കപ്പെട്ട സംഘടനയായ ഐഎസ്എസിന്റെ രഹസ്യയോഗം നടത്തിയെന്ന കേസില്‍ അബ്ദുല്‍ നാസര്‍ മഅദനി അടക്കമുളളവരുടെ വിചാരണ പൂര്‍ത്തിയായി. പ്രതിപ്പട്ടികയിലെ എട്ടു പ്രതികളാണു വിചാരണ നേരിട്ടത്. മറ്റു പ്രതികള്‍ ഒളിവിലാണ്. ഇവരെ പിന്നീടു വിചാരണ ചെയ്യും. ഒന്നാം പ്രതി മഅദനി, അദ്ദേഹത്തിന്റെ പിതാവ് എന്നിവരെ കേസില്‍ നേരിട്ടു ഹാജരാവുന്നതില്‍ നിന്നു കോടതി ഒഴിവാക്കിയിരുന്നു. ശാസ്താംകോട്ട പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു 24 വര്‍ഷത്തിനുശേഷമാണു വിചാരണ പൂര്‍ത്തിയാക്കിയത്.
1992ല്‍ ബാബറി മസ്ജിദ് സംഭവത്തിനുശേഷം കൊല്ലം മൈനാഗപ്പള്ളിയില്‍ മഅദനിയുടെ വീട്ടില്‍ ഐഎസ്എസിന്റെ രഹസ്യയോഗം നടത്തിയെന്നാണു കേസ്. പോലീസ് റെയ്ഡില്‍ നാടന്‍ കൈത്തോക്ക്, തിരകള്‍, 1.4 കി.ഗ്രാം വെടിമരുന്ന്, ലാത്തി, മെറ്റല്‍ ഡിറ്റക്റ്റര്‍, ഐഎസ്എസ് നോട്ടിസുകള്‍, സംഘടനയുടെ അംഗത്വഫോം എന്നിവ പിടിച്ചെടുത്തിരുന്നു.
പല കാരണങ്ങളാല്‍ നീണ്ടുപോയ കേസിലെ 21 സാക്ഷികളില്‍ രണ്ടുപേര്‍ മരിച്ചു.
കേസ് വിചാരണയ്ക്കു തീയതി നിശ്ചയിച്ചതിനുശേഷവും തൊണ്ടി മുതലും രേഖകളും കണ്ടെത്താന്‍ വൈകിയതു വിസ്താരം തടസപ്പെടാന്‍ വഴിയൊരുക്കി. സാക്ഷികളില്‍ ഏഴു പേരെ വിസ്തരിച്ചു. 10 തൊണ്ടി മുതലുകളും 18 രേഖകളും കോടതി പരിശോധിച്ചു.
പോലീസ് 1994ല്‍ കൊല്ലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണെങ്കിലും മഅദനിയുടെ അപേക്ഷയെത്തുടര്‍ന്നു കേസിന്റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്കു മാറ്റുകയായിരുന്നു. ജഡ്ജി കെ.എം.ബാലചന്ദ്രന്‍ കേസില്‍ വിധിപറയും. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ രാജു വടക്കേക്കര ഹാജരായി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment