കാസര്‍കോട്:[www.malabarflash.com]സ്വര്‍ണ്ണ വ്യാപാരി സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാറിടിച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപ കൊള്ളയടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍, കൂത്തുപറമ്പ്, പാലത്തിങ്കര മൃദുല്‍ നിവാസിലെ എന്‍.കെ.മൃദുലി(23)നെയാണ് വിദ്യാനഗര്‍ സി.ഐ.യുടെ ചുമതലയുള്ള ആദൂര്‍ സി.ഐ. സിബിതോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്‌തത്.
പ്രതിഫലമായി ഇയാള്‍ക്ക് 20 ലക്ഷം രൂപയാണ് ലഭിച്ചത്.
സ്വര്‍ണ്ണ വ്യാപാരിയെ അക്രമിച്ച കേസില്‍ പത്തുപേരാണുള്ളതെന്നും മറ്റുള്ളവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റു ചെയ്യാന്‍ കഴിയുമെന്നും അന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇവരില്‍ അഞ്ച് പേര്‍ വിഐപികളാണ്.
മുഖ്യപ്രതികളില്‍ ഒരാളായ മൃദുലിനെ അറസ്റ്റു ചെയ്‌തതോടെ മറ്റു പ്രതികള്‍ ഒളിവില്‍ പോയി. പ്രതികളെല്ലാം പരസ്‌പരം സുഹൃത്തുക്കളാണെന്നും പണം ലക്ഷ്യമാക്കിയാണ് കൊള്ള ആസൂത്രണം ചെയ്‌തതെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഈ മാസം ഏഴിനു രാത്രിയിലാണ് തെക്കില്‍ ഇറക്കത്തില്‍ വച്ച് തലശ്ശേരിയില്‍ താമസിച്ച് സ്വര്‍ണ്ണവ്യാപാരം നടത്തുന്ന മഹാരാഷ്‌ട്ര സ്വദേശി കദം വികാസ് ധനുവിന്റെ പണം കൊള്ളടയിക്കപ്പെട്ടത്. ഇയാളുടെ സന്തത സഹചാരിയായ ഗണേശന്‍ പണവുമായി സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാറിടിച്ച് പത്തംഗ സംഘം ആക്ഷന്‍ നടത്തുകയായിരുന്നു.
ഗണേശനു നേരെ തോക്കു ചൂണ്ടിയശേഷം കാറില്‍ കയറുകയും പണം ആവശ്യപ്പെടുകയും ചെയ്‌തു. പണം നല്‍കാതിരുന്നപ്പോള്‍ കാര്‍ മൈലാട്ടിക്കു സമീപത്തെ വിജനമായ സ്ഥലത്ത് എത്തിച്ചു. തുടര്‍ന്ന് ഗണേശന്റെ കണ്ണിലേയ്‌ക്കു തോക്കിന്‍ കുഴല്‍ അടുപ്പിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ജീവന്‍ നഷ്‌ടപ്പെടുമെന്ന ഭീതിയില്‍ കാറിലെ രഹസ്യഅറയില്‍ സൂക്ഷിച്ച പണം ഗണേശന്‍ കാണിച്ചു കൊടുക്കുകയും ചെയ്‌തു. സംഘം പണവുമായി കടന്നുകളഞ്ഞുവെങ്കിലും ഗണേശന്‍ പരാതി നല്‍കിയിരുന്നില്ല.
മധ്യസ്ഥശ്രമത്തിലൂടെ പണം വീണ്ടെടുക്കാന്‍ശ്രമിച്ചുവെങ്കിലും നടക്കാതെ വന്നപ്പോഴാണ് ഈ മാസം 20ന് പോലീസില്‍ പരാതി നല്‍കിയതും കേസെടുത്തതും. നേരത്തെ ആസൂത്രണം ചെയ്‌തത് പ്രകാരം തലപ്പാടി മുതല്‍ പ്രതികള്‍ ഗണേശന്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്നിരുന്നതായി പോലീസ് പറഞ്ഞു.
ഗണേശന്റെ കാര്‍ ഡ്രൈവര്‍ തിരുവങ്ങാട് സ്വദേശിയായ പ്രജീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെ കൊള്ളസംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായി. തുടര്‍ന്നാണ് സി.ഐ. സി.ബി. തോമസിന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പിലെ വീട്ടില്‍ റെയ്‌ഡ് നടത്തി മൃദുലിനെ അറസ്റ്റു ചെയ്‌തത്. അന്വേഷണ സംഘത്തില്‍ എ.എസ്.ഐമാരായ ഉണ്ണികൃഷ്‌ണന്‍, പി.രഘൂത്തമന്‍, സത്യന്‍ എന്നിവരുമുണ്ടായിരുന്നു.

No comments:
Post a Comment