കൊച്ചി [www.malabarflash.com]: കാക്കനാട് പടമുകളിലെ എടിഎമ്മിൽ കവർച്ച നടത്താൻ ശ്രമിച്ച രണ്ടംഗസംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. പോലീസ് പിടികൂടിയ രണ്ടാമൻ കുറ്റമേറ്റു. ബംഗാൾ സ്വദേശി മുഹമ്മദ് ഇമ്രാനാണ് (32) കൊല്ലപ്പെട്ടത്. യുപി സ്വദേശി അൻസാരി (35) ആണ് പൊലീസിന്റെ പിടിയിലായത്.
കവർച്ചാശ്രമക്കേസിൽ ഇരുവരെയും പൊലീസ് തിരയുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ പിടിയിലായ അൻസാരിയെ ചോദ്യം ചെയ്തപ്പോഴാണ് ഇമ്രാനെ കൊലപ്പെടുത്തിയ വിവരം പോലീസ് അറിഞ്ഞത്. തുടർന്നു കാക്കനാട് കുന്നുംപുറത്ത് ഇവർ താമസിച്ചിരുന്ന ലോഡ്ജ് പരിശോധിച്ചപ്പോൾ ചാക്കിൽ കെട്ടിയ നിലയിൽ കട്ടിലിനടിയിൽ മൃതദേഹം കണ്ടെത്തി. ഫൊറൻസിക് സംഘം സ്ഥലത്തു പരിശോധന നടത്തുന്നതിനാൽ മറ്റാരെയും ലോഡ്ജിനുള്ളിൽ പ്രവേശിപ്പിച്ചിട്ടില്ല.
എടിഎമ്മിലെ നിരീക്ഷണ ക്യാമറകളിൽ പെയിന്റടിച്ചു മറച്ച് കവർച്ച നടത്താൻ ശ്രമിച്ച സംഘത്തിന്റെ ദൃശ്യം എടിഎമ്മിലെ മറ്റൊരു ക്യാമറയിൽ പതിഞ്ഞിരുന്നു. ക്യാമറാദൃശ്യം പിന്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അൻസാരി പിടിയിലായത്. കവർച്ചാശ്രമം പരാജയപ്പെട്ടതിനാൽ പണം നഷ്ടപ്പെട്ടിരുന്നില്ല.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണശ്രമം. ഇരുവരും എടിഎമ്മിലെ ക്യാമറയ്ക്കു നേരെ പെയിന്റ് സ്പ്രേ ചെയ്യുന്നതിന്റെയും എടിഎം തകർക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഹെൽമറ്റ് ധരിച്ച് എടിഎമ്മിലെത്തിയ യുവാവ് സിസിടിവി ക്യാമറകള്‍ക്കുനേരെ പെയിന്റ് സ്പ്രേ ചെയ്ത് ക്യാമറയിൽ ദൃശ്യങ്ങള്‍ പതിയുന്നില്ലെന്ന് ഉറപ്പാക്കി.
ആദ്യ മൂന്ന് ക്യാമറകളിലും പെയിന്റ് സ്പ്രേ ചെയ്‌തെങ്കിലും നാലാമത്തെ ക്യാമറ ഇയാളുടെ കണ്ണില്‍പ്പെട്ടില്ല. പിന്നീടു പുറത്തു പോയ യുവാവ് ഹെല്‍മറ്റില്ലാതെയാണ് തിരിച്ചെത്തിയത്. എടിഎമ്മിന്റെ വാതിലിനരികെ മറ്റൊരു യുവാവു നില്‍ക്കുന്നതും ദൃശ്യത്തിലുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment