Latest News

പയ്യന്നൂരിലെ രണ്ട് കൊലപാതകങ്ങളും സി.ബി.ഐ.അന്വേഷിക്കണം: വി.മുരളീധരന്‍

പയ്യന്നൂര്‍:[www.malabarflash.com] കുന്നരുവിലെ സി.പി.എം. പ്രവര്‍ത്തകന്റെയും അന്നൂരിലെ ബി.എം.എസ്.പ്രവര്‍ത്തകന്റെയും കൊലപാതകങ്ങളുടെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആവശ്യപ്പെട്ടു. രണ്ടു കൊലപാതകങ്ങളിലും ദുരൂഹതയുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണം സത്യം പുറത്തു കൊണ്ടുവരാന്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം. ശക്തികേന്ദ്രത്തില്‍ അവരുടെ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആസൂത്രിതമായ ശ്രമമുണ്ട്. സംഭവവുമായി ബി.ജെ.പിയെയും ആര്‍.എസ്.എസ്സിനെയും ബന്ധപ്പെടുത്തുന്നത് ശരിയല്ല. അന്വേഷണം സി.ബി.ഐയ്ക്കു വിട്ട് യഥാര്‍ഥ ഗൂഢാലോചനക്കാര്‍ ആരെന്ന കാര്യം പുറത്തു കൊണ്ടുവരുണം -ബി.എം.എസ്.പ്രവര്‍ത്തകന്റെ കൊലപാതകത്തിലും അക്രമസംഭവങ്ങളിലും പ്രതിഷേധിച്ച് ഗാന്ധിപാര്‍ക്കില്‍ ബി.ജെ.പി.സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.മുരളീധരന്‍.

വരമ്പത്ത് കൂലി നല്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞു. കൂലി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. കണക്ക് കൊടുക്കാനും അറിയാം. കൂലിയുടെ കണക്കു പറഞ്ഞാല്‍ പേടിച്ചോടുന്നവരുമല്ല. ഭീതിയുടെ സാഹചര്യം സൃഷ്ടിച്ച് നിശ്ശബ്ദരാക്കാം എന്ന് കരുതുന്നത് വെറുതെയാണ്.

സി.പി.എം.സംസ്ഥാന സെക്രട്ടറി പോലീസിനെയടക്കം ഭീഷണിപ്പെടുത്തുകയാണ്. ഭീഷണിയും അക്രമവും സി.പി.എം.അണികളെ ഭീഷണിപ്പെടുത്തി പാര്‍ട്ടിയില്‍ പിടിച്ചുനിര്‍ത്തുകയാണ് ഭീഷണിയുടെ ലക്ഷ്യം. കൂലി കൊടുത്താല്‍ എപ്പോഴായാലും തിരിച്ചുകിട്ടുന്ന കാഴ്ചയാണ് ബംഗാളില്‍ കാണുന്നത് - അദ്ദേഹം പറഞ്ഞു.

ഭരണസംവിധാനത്തെയും പോലീസിനെയും സി.പി.എം അവരുടെ താത്പര്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുകയാണ്. പോലീസും ഫയര്‍ഫോഴ്‌സും പോലും ആവശ്യത്തിന് വിളിച്ചാല്‍ ഏത് പാര്‍ട്ടിക്കാരനാണെന്ന് ചോദിക്കുന്നു. - മുരളീധരന്‍ പറഞ്ഞു. ടി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.സുരേന്ദ്രന്‍, എം.ടി.രമേശ്, പി. സത്യപ്രകാശന്‍, സി. കെ.രമേശന്‍ എന്നിവര്‍ സംസാരിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.