Latest News

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 68കാരന് 30 വര്‍ഷം കഠിനതടവ്‌

തൃശ്ശൂര്‍:[www.malabarflash.com] പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 68കാരന് 30 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. കുന്നംകുളം കാണിപ്പയ്യൂര്‍ പുതുശ്ശേരി പുളിക്കല്‍ വീട്ടില്‍ വേലപ്പനെ (68)യാണ് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജോണ്‍ കെ. ഇല്ലിക്കാടന്‍ ശിക്ഷിച്ചത്. ഇരയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം.

2015 സപ്തംബര്‍ 10നായിരുന്നു സംഭവം. ഇന്ത്യന്‍ ശിക്ഷാനിയമം, കുട്ടികള്‍ക്കെതിരായ ൈലംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ശിക്ഷ.

ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള പോക്‌സോ നിയമത്തിലെ വ്യവസ്ഥ അടിസ്ഥാനപ്പെടുത്തിയാണ് രണ്ടുലക്ഷം നഷ്ടപരിഹാരം കോടതി വിധിച്ചത്. രഹസ്യ വിചാരണയിലൂടെ നാലുമാസം കൊണ്ടാണ് കേസില്‍ കോടതി വിധി പ്രഖ്യാപിച്ചത്.

കുട്ടി പഠിച്ചിരുന്ന വിദ്യാലയത്തിലെ അധികൃതര്‍ വഴിയാണ് പീഡന സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് പരാതി പോലീസിലെത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി 11 സാക്ഷികളെയും 20 രേഖകളും കോടതിയില്‍ ഹാജരാക്കി. ഒരു മജിസ്‌ട്രേട്ടും മൊഴി നല്‍കാന്‍ എത്തി. കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി പരിശോധിച്ച ഡോക്ടറും കോടതിയില്‍ മൊഴി നല്‍കി.

കുട്ടികള്‍ക്കെതിരെയുള്ള പീഡനക്കേസിലെ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു കോടതിയോട് ആവശ്യപ്പെട്ടു. കുന്നംകുളം സി.ഐ. കൃഷ്ണദാസ് ആണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.