Latest News

യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന് തടവും പിഴയും

കണ്ണൂര്‍:[www.malabarflash.com] യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ തടവിനും പിഴയടക്കാനും ശിക്ഷിച്ചു. ഭര്‍തൃപിതാവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു.

ആലക്കോടിനടുത്ത തിമിരി പെരുവട്ടം കോളനിക്ക് സമീപത്തെ വാഴവളപ്പില്‍ കുഞ്ഞാമിന ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് മാരാങ്കാവില്‍ ബൈജുവിനെ കണ്ണൂര്‍ അസിസ്റ്റന്‍റ് സെഷന്‍സ് കോടതി ജഡ്ജ് കെ ലില്ലി രണ്ടര വര്‍ഷം തടവിനും 15000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. കേസില്‍ രണ്ടാം പ്രതിയായിരുന്ന ബൈജുവിന്‍റെ പിതാവ് പത്മനാഭനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു.
വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട ബൈജുവും കുഞ്ഞാമിനയും 2000 മെയ് 17നാണ് വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് കുട്ടികളും ജനിച്ചു. 2004 മാര്‍ച്ച് 8ന് രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് 20ാമത്തെ ദിവസമാണ് കുഞ്ഞാമിനയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ബൈജുവിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നതായും ഇതിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നതായും കുഞ്ഞാമിനയെ ബൈജു മര്‍ദ്ദിച്ചതായും മൊഴിയുണ്ടായിരുന്നു. 

സ്നേഹബന്ധം ആരോപിക്കപ്പെട്ട സ്ത്രീയെ പിന്നീട് ബൈജു വിവാഹം ചെയ്തതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ആലക്കോട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ ആര്‍ വിനോദ് ഹാജരായി.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.