കാഞ്ഞങ്ങാട്:[www.malabarflash.com] കടുത്ത പനിയെ തുടര്‍ന്ന് ഡോക്ടറെ കണ്ട് ക്ലിനിക്കില്‍ നിന്ന് പുറത്തിറങ്ങിയ യുവാവ് ദേശീയ പാതയില്‍ കാറിടിച്ച് മരിച്ചു. കൊവ്വല്‍പ്പള്ളിയിലെ വാണിയന്‍വളപ്പില്‍ വേണു(46)വാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9.30മണിയോടെ ആറങ്ങാടി ദേശീയപാതക്കരികിലാണ് ദുരന്തം നടന്നത്.
കടുത്ത പനിയെ തുടര്‍ന്ന് കൂളിയങ്കാല്‍ ജുമാമസ്ജിദിന് തൊട്ടടുത്തുള്ള ഡോക്ടര്‍ ശ്രീകുമാറിനെ കണ്ട് ചികിത്സ തേടി പുറത്തിറങ്ങിയ വേണുവിനെ ഡോക്ടറുടെ വീടിന് തൊട്ട് മുമ്പില്‍ ആറങ്ങാടി ദേശീയപാതയില്‍ അമിത വേഗതയില്‍ ഓടിയെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവാവ് മരണപ്പെട്ടു.
വേണുവിനെ ഇടിച്ചിട്ട ശേഷം മരണപ്പാച്ചില്‍ പാഞ്ഞ കെ എല്‍ 59 എന്‍ 5120 ടാക്‌സി കാര്‍ ദുരന്തം നടന്ന നിമിഷങ്ങള്‍ക്കകം തന്നെ ആറങ്ങാടി യുവാക്കള്‍ പടന്നക്കാട് ജുമാമസ്ജിദിന് മുന്നില്‍ തടഞ്ഞിട്ട് കാര്‍ ഡ്രൈവറെയും സംഘത്തെയും പോലീസിലേല്‍പ്പിച്ചു.
ഡ്രൈവര്‍ നല്ല മദ്യലഹരിയിലായിരുന്നു. ഇയാളെ രാത്രി തന്നെ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കി. കാര്‍ ഡ്രൈവറോടൊപ്പം മറ്റുരണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. മൂവരും മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു. അപകടം നടന്നയുടന്‍ ഹൊസ്ദുര്‍ഗ് പോലീസ് കണ്‍ട്രോള്‍ റൂം എസ് ഐ എം വി ചന്ദ്രനും സംഘവും സ്ഥലത്ത് കുതിച്ചെത്തുകയും വേണുവിനെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
യുവാവിനെ ഇടിച്ച് തെറിപ്പിച്ച ശേഷം ചീറിപ്പാഞ്ഞ കാര്‍ തല്‍സമയം ആറങ്ങാടിയിലുണ്ടായിരുന്ന യുവാക്കള്‍ മോട്ടോര്‍ ബൈക്കില്‍ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. പടന്നക്കാട് ടോള്‍ഗേറ്റും മറി കടന്ന് മുന്നോട്ടുപോയ കാറിനെ മേല്‍പ്പാലം അവസാനിക്കുന്നിടത്ത് പടന്നക്കാട് ജുമാമസ്ജിദിന് മുന്നിലായി ആറങ്ങാടി യുവാക്കള്‍ തടഞ്ഞിട്ടു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് ഡ്രൈവറെയും സുഹൃത്തുക്കളും കൈമാറുകയും ചെയ്തു. കാറില്‍ മദ്യക്കുപ്പിയും 'ടച്ചപ്പും' ഉണ്ടായിരുന്നു.
അപകടം വരുത്തിവെച്ച കാറിന്റെ മുന്‍ ഭാഗത്തെ ഗ്ലാസില്‍ വേണുവിന്റെ തലമുടിയുടെ അംശവും രക്തവും കാണാനുണ്ടായിരുന്നു. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പോ ലീസ് പറഞ്ഞു.
ബന്തടുക്കയില്‍ പോയി പയ്യാവൂരിലേക്ക് തിരിച്ച് പോകുകയായിരുന്നു കാര്‍. ഡ്രൈവര്‍ പയ്യാവൂര്‍ പൈസക്കരി സ്വദേശി അനൂപ് സെബാസ്റ്റ്യനെ പോലീസ് അറസ്റ്റ് ചെയ്തു. കാറില്‍ മൂന്നുപേരുണ്ടായിരുന്നു. കാര്‍ കസ്റ്റഡിയിലെടുത്തു.
കൊവ്വല്‍പ്പള്ളിയിലെ പരേതനായ കുഞ്ഞിക്കണ്ണന്റെയും ജാനകിയുടെയും മകനാണ് വേണു.സി ഐ ടി യു പ്രവര്‍ത്തകനും കൊവ്വല്‍പ്പള്ളിയിലെ ചുമട്ടുതൊഴിലാളിയുമായിരുന്ന വേണുവിന്റെ അപകട മരണം കുടുംബങ്ങളെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.
ഭാര്യ: മിനി. ഹൊസ്ദുര്‍ഗ് യു ബി എം സി യു പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവനന്ദ, രണ്ടര വയസ്സുള്ള ശ്രീനന്ദ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: നാരായണന്‍, കാര്‍ത്ത്യായനി, ലത.
മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ കൊവ്വല്‍പ്പള്ളി പടിഞ്ഞാറിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
ഗള്‍ഫിലുള്ള ഭാര്യാ സഹോദരന്‍ കൊവ്വല്‍പ്പള്ളിയില്‍ എത്തിയതിന് ശേഷമായിരുന്നു ശവസംസ്‌കാരം.
ഗള്‍ഫിലുള്ള ഭാര്യാ സഹോദരന്‍ കൊവ്വല്‍പ്പള്ളിയില്‍ എത്തിയതിന് ശേഷമായിരുന്നു ശവസംസ്‌കാരം.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കൊവ്വല്‍പ്പള്ളി ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചു. നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.
സി പി എമ്മിന്റെയും സി ഐ ടിയുവിന്റെയും നേതാക്കന്മാര്‍ ആശുപത്രിയിലും വീട്ടിലുമെത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment