Latest News

സര്‍ക്കാറിന്റെ നൂറുദിനം; വികസന ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] പിണറായി വിജയന്‍ സര്‍ക്കാര്‍ നൂറ് ദിനം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വികസന ഫോട്ടോ പ്രദര്‍ശനത്തിന് ജില്ലയില്‍ തുടക്കമായി.

ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ നിര്‍വ്വഹിച്ചു. ശരിയായ ലക്ഷ്യത്തിലേക്ക് നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതികള്‍ ജനതാത്പര്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. 

വികസന പദ്ധതികളോടൊപ്പം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണന ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാരായ ഉണ്ണിക്കൃഷ്ണന്‍, മുഹമ്മദ് മുറിയനാവി, കൗണ്‍സിലര്‍ കെ വി ഉഷ, ജില്ലാ പഞ്ചായത്ത് അംഗം എം നാരായണന്‍, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എ കെ രമേന്ദ്രന്‍, അഡീഷണല്‍ തഹസില്‍ദാര്‍ കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍ ഇ വി സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ എം മധുസൂദനന്‍ നന്ദിയും പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പിന്നിട്ട 100 ദിനങ്ങളില്‍, ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്നത്. കാഞ്ഞങ്ങാട് ടൗണ്‍ 33 കെ വി ലൈന്‍ ഉദ്ഘാടനം, പരപ്പ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തുകളില്‍ അനുവദിച്ച ക്ഷീരവികസന ഓഫീസുകളുടെ ഉദ്ഘാടനം, മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന തെരുവ് നായ വന്ധ്യംകരണ പരിപാടി, വനംവകുപ്പിന്റെ പരപ്പയിലെ പ്രകൃതി പഠന കേന്ദ്രം, ഓണക്കാല വിപണിയില്‍ സപ്ലൈകോ നടത്തിയ ഇടപെടലുകള്‍, കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റ് നവീകരണം, നീലേശ്വരം ആഴ്ചചന്ത, ചെറുവത്തൂര്‍ ഹൈടെക് ബസ് സ്റ്റാന്റ് എന്നിവയുടെ ഉദ്ഘാടനം, കളക്ടറേറ്റില്‍ സര്‍വ്വെ വകുപ്പിന്റെ ഡിജിറ്റൈസേഷന്‍ സെന്റര്‍ ഉദ്ഘാടനം തുടങ്ങിയവയുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വികസന ഫോട്ടോ പ്രദര്‍ശനം നടത്തും.ശരിയായ തുടക്കം ശരിയായ ലക്ഷ്യം എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി സെമിനാര്‍, ഫോട്ടോ പ്രദര്‍ശനം, മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലാ ശുചിത്വ മിഷന്‍, കുടുംബശ്രീ തുടങ്ങിയവയുമായി സഹകരിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കും. ജില്ലാതല സെമിനാര്‍ നീലേശ്വരം നഗരസഭാ പരിധിയില്‍ നടക്കും. എന്റെ മണ്ണ് എന്റെ ജീവന്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ കാര്‍ഷിക പരിസ്ഥിതി മേഖലകളിലെ വിദഗ്ദ്ധര്‍ പ്രഭാഷണം നടത്തും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.