Latest News

ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കുചേരണം; വിവാദ വിഷയങ്ങളിലെ നിലപാട് വ്യക്തമാക്കി സമസ്ത ജനറല്‍ സെക്രട്ടറി

കോഴിക്കോട്:[www.malabarflash.com] ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങളിലെ സന്തോഷങ്ങളില്‍ പങ്കുചേരാമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. ഇത്തരം ആഘോഷങ്ങളില്‍ പങ്കുചേരരുതെന്ന് പറയുന്ന പ്രഭാഷകരെ നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെതിരെ പ്രാസംഗികര്‍ സംസാരിക്കണമെന്നും പഴയ സൗഹൃദം തന്നെ തുടരുവാനുള്ള ഉദ്‌ബോധനം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ ഫിറോസ് ദര്‍ശന ടിവിക്ക് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് അടുത്ത കാലത്തായി ഉയര്‍ന്നുവന്ന വിവാദ വിഷയങ്ങളിലെല്ലാം ആലിക്കുട്ടി മുസ്‌ലിയാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇ.കെ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് കേരളത്തിലെ 80 ശതമാനത്തോളം വരുന്ന പള്ളികളും മദ്രസകളും. അതുകൊണ്ട് തന്നെ വിവാദ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാട് ഒറ്റപ്പെട്ട പ്രഭാഷകരുടെയും സംഘടനകളുടേയും നിലപാടിനേക്കാള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതാണ്. 

മതപരമായി തന്നോട് യോജിക്കുന്നവരും അല്ലാത്തവരുമായ അയല്‍വാസികളേയും ബന്ധുക്കളേയുമൊക്കെ ആഘോഷങ്ങളില്‍ പങ്കുചേര്‍ക്കുന്നതും സന്തോഷം പങ്കുവെക്കാനായി അവരോട് ചേരുന്നതും വളരെ മുന്നേ ഉള്ളതാണ്. ഒരുപാട് ഭാഷകളും മതങ്ങളുമുള്ള നാടാണ് ഇന്ത്യയെന്നും വ്യത്യസ്തരായ അവരോടൊക്കെ വിശ്വാസികള്‍ സൗഹൃദം പങ്കുവെക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൃസ്തുമസും വിഷുവും ഓണവും ഹറാമെന്നല്ല (നിഷിദ്ധം) ശിര്‍ക്ക് (ബഹുദൈവാരാധന) തന്നെയാണെന്ന് വിശദീകരിച്ച് എസ്.വൈ.എസ് ഇ.കെ വിഭാഗം സംസ്ഥാന സെക്രട്ടറി നാസര്‍ഫൈസി കൂടത്തായി അടുത്തിടെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഓണാഘോഷത്തില്‍ പങ്കെടുക്കരുതെന്നും ഓണസദ്യ കഴിക്കരുതെന്നുമൊക്കെ വിവിധ സലഫി പണ്ഡിതന്‍മാരുടെ പ്രസംഗങ്ങളും അടുത്തിടെ വിവാദമായിരുന്നു. 

ഇന്ത്യ അവിശ്വാസികളുടെ രാജ്യമോ? 
ഇന്ത്യയെപ്പറ്റി ദാറുല്‍കുഫ്‌റെന്ന് ഒരുകാലത്തും ഒരു കിത്താബിലും പറഞ്ഞിട്ടില്ല. ദാറുല്‍കുഫ്‌റി(അവിശ്വാസത്തിന്റെ നാട്)നും ദാറുല്‍ഇസ്‌ലാമിനും വ്യാഖ്യാനങ്ങള്‍ ഉണ്ട്. ഇതില്‍ രണ്ടിലും പെടാത്ത രാജ്യങ്ങളും ഉണ്ട്. ഇന്ത്യ ദാറുല്‍കുഫ്‌റാണെന്നും ദാറുല്‍ ഇസ്‌ലാമിന്റെ രാജ്യമായ യമനിലേക്ക് ഹിജ്‌റ പോകണമെന്നുമൊക്കെയുള്ള പ്രചാരണം വിവരമില്ലാത്തുകൊണ്ടാണെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ വിശദീകരിച്ചു.

പ്രവാചകന്‍മാര്‍ ആട് മേച്ചു എന്നുള്ളതുകൊണ്ട് ഇപ്പോള്‍ ആടിനെ മേക്കണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉപജീവനത്തിനായി ഏത് ജോലിയും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. അവന്റെ മക്കളെ സംരക്ഷിക്കാനും അവന്റെ രാജ്യത്തെ രക്ഷപ്പെടുത്താനുമുള്ള ഏതുജോലിയും ചെയ്യാം. എന്നാല്‍ ആട് മേക്കല്‍ പ്രവാചകന്മാര്‍ ചെയ്തത് ജോലി എന്നുള്ള നിലയ്ക്ക് മാത്രമല്ല, സംസ്‌ക്കരണം എന്ന രൂപത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു. ദമാജ് സലഫിസവുമായി അടുത്തകാലത്ത് ഉയര്‍ന്നുവന്ന എല്ലാ വാദങ്ങളേയും അദ്ദേഹം ഇങ്ങനെ തള്ളിക്കളയുന്നു. 

അമുസ്‌ലീങ്ങളെ നോക്കി ചിരിക്കാമോ ? 
പഴയകാലം മുതല്‍തന്നെ ഹിന്ദുക്കളുടെ കാര്യസ്ഥന്‍മാരായി മുസ്‌ലീങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുസ്‌ലീങ്ങളുടെ കാര്യസ്ഥന്‍മാരായി ഹിന്ദുക്കളും ധാരാളമായി ഉണ്ടായിട്ടുണ്ട്. അതിലൊന്നും ഒരു പ്രയാസവും ഉണ്ടായിട്ടില്ലെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.

‘മമ്പുറം തങ്ങളുടെ കാര്യസ്ഥനായി കോന്തുനായര്‍ ഉണ്ടായിട്ടുണ്ട്. മലപ്പുറത്തെ കളിയാട്ട ഉത്സഹവത്തിന് മമ്പുറം തങ്ങള്‍ തിയ്യതി നിശ്ചയിച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മുസ്‌ലീങ്ങള്‍ മറ്റു മതക്കാരുമായി സൗഹൃദയം പങ്കിടരുതെന്നും വിനിമയം പാടില്ല, മറ്റു മതസ്ഥരെ പ്രൈവറ്റ് സെക്രട്ടറിയായി വെക്കാന്‍പാടില്ല ‘ തുടങ്ങിയ പ്രചരണങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് മുസ്‌ലിയാര്‍ ഇങ്ങനെ പ്രതികരിച്ചു, 

അത്തരം പ്രചരണങ്ങള്‍ ഒരു നിലയ്ക്കും അത് അംഗീകരിക്കാന്‍ പറ്റില്ല. അത് പ്രോത്സാഹിക്കാനും പറ്റില്ല. എല്ലാവരോടുമായുള്ള സൗഹൃദം നിലനിര്‍ത്തിക്കൊണ്ടുമാത്രമേ മുന്നോട്ടുപോവാനാവൂ. ആഘോഷങ്ങളുടെ കാര്യത്തിലായാലും ജോലിയുടെ കാര്യത്തിലായാലും അങ്ങനെയാണ്. അല്ലാതെയുള്ള പ്രചരണങ്ങളെ കേരള ജനത തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം വിശദീകരിച്ചു. അങ്ങാടിപ്പുറം തളിക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ സംഭാവന കൊടുക്കാം എന്നുമൊക്കെ നേരത്തെ തന്നെ നമ്മുടെ നേതാക്കന്‍മാര്‍ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്.

ഈദ് മുബാറക്ക് ജൂതസൃഷ്ടിയോ? 
രണ്ട് പെരുന്നാളിനും പരസ്പരം കാണുമ്പോള്‍ സന്ദേശം കൈമാറാനായി ഈദ് മുബാറക്ക് എന്ന ആശംസാ വചനം വളരെ മുന്‍പ് മുതല്‍ക്ക് ഉപയോഗിച്ചുവരുന്നതാണ്. ചെറിയ പെരുന്നാളായാലും വലിയ പെരുന്നാളായാലും ഈദ് മുബാറക്ക് എന്ന് തന്നെയാണ് ആശംസകള്‍ അര്‍പ്പിക്കാറുള്ളത്. ഈദ്മുബാറക്ക് എന്ന പദം ഇസ്‌ലാമികമായി ശരിയല്ലെന്നും ജൂതസൃഷ്ടിയാണെന്നുമുള്ള സമീപകാലത്തെ പ്രചരണങ്ങളെ നിരാകരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഈ വിഷയത്തിലെ നിലപാട്. 

പെരുന്നാളിന് ബലിയായി അര്‍പ്പിക്കുന്ന മാംസം പാഴായിപ്പോകാതെ കൂടുതല്‍ അര്‍ഹരായവരിലേക്ക് എത്തിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധനം കല്‍ബുര്‍ഗി വധം തുടങ്ങിയ കാര്യങ്ങളോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. മതപരമായ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും താത്പര്യമില്ല. അതേസമയത്ത് കുഴപ്പമില്ലാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ ഉത്തരവാദിത്തപ്പെട്ട ആളുകളുമായി ചര്‍ച്ച ചെയ്യണം. നേരത്തെയുള്ള അവസ്ഥയില്‍ നിന്ന് ഗവണ്‍മെന്റ് തന്നെ പിറകോട്ട് പോയിട്ടുണ്ടെന്നും പരിഹാരമുണ്ടാക്കാനുള്ള ശ്രമം ചെറിയ നിലയ്‌ക്കെങ്കിലും ആരംഭിച്ചിട്ടുണ്ടെന്നും മനസിലാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 

ലീഗും സമസ്തയും തമ്മിലുള്ള ബന്ധം? 
വിശ്വാസപരമായ വ്യത്യസ്ത ആശയങ്ങള്‍ പങ്കുവെച്ചിരുന്ന സീതി സാഹിബും ബാഫഖി തങ്ങളും മുസ്‌ലീം ലീഗിനകത്ത് ഒരുമിച്ചുനിന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ തുടരണം. ജാമിയ നൂരിയയുടെ സമ്മേളനത്തിനെത്തുന്ന എം.കെ ഹാജി ഈ സ്ഥാപനം സമുദായത്തിന് വളരെ ഗുണകരമാണെന്ന അഭിപ്രായം പങ്കുവെച്ചാണ് പോകാറുള്ളത്. ആ ഒരു അവസ്ഥ തുടര്‍ന്നും ഉണ്ടാകണം. അടുത്തകാലത്തായി ഉയര്‍ന്നുവന്ന സമസ്തലീഗ് വിവാദങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

മുസ്‌ലീം ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിവാക്കാന്‍ ശരിയായ രീതിയിലുള്ള ബോധവത്ക്കരണം വേണം. മുസ് ലീം ലീഗിനകത്തുനിന്നുള്ള ആളുകള്‍ക്കും സമസ്തയില്‍ നിന്നുള്ള ആളുകള്‍ക്കും ചെറിയ രീതിയിലുള്ള പാകപ്പിഴകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ രണ്ടുകൂട്ടരേയും ഒരുമിച്ചിരുത്തി മുന്‍പ് , മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്ത് ചര്‍ച്ച ചെയ്യാറുണ്ട്. അത് ഒന്നും രണ്ടും തവണയായി ഇപ്പോഴും തുടരേണ്ടി വരും. 

എ.പി വിഭാഗം സുന്നികളോടുള്ള നിലപാട്? 
എ.പി വിഭാഗം സുന്നികളുമായുള്ള സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്ത ജനറല്‍ സെക്രട്ടറി ശംസുല്‍ ഉലമയുടെ നിര്‍ദേശപ്രകാരം അവരുമായി നേരത്തെ തുടങ്ങിയ ചര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങിയിട്ടില്ല. അതില്‍ നിന്നും പിന്‍വാങ്ങുന്ന പ്രസ്താവന തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. 

എ.പി വിഭാഗവും ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങിയതായി അറിയിച്ചിട്ടില്ല. പല തവണ ചര്‍ച്ച ചെയ്യുന്നതിലൂടെ പ്രശ്‌ന പരിഹാരത്തിന് സാധിക്കുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 

മദ്രസയിലെ അധ്യാപകരായി സ്ത്രീകളെ നിയമിക്കുന്നതിനോടും അദ്ദേഹം യോജിപ്പ് പ്രകടിപ്പിച്ചു. ട്രാന്‍സ്‌ജെന്റേഴ്‌സിന് ഇസ്‌ലാമിക നിയമപ്രകാരം സ്വത്തിന് അവകാശമുണ്ടെന്നും അവരെ മാറ്റിനിര്‍ത്തുന്നതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
(കടപ്പാട്:doolnews)


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.