Latest News

വീട്ടുതടങ്കലിലെന്ന് പരാതി നല്‍കാനെത്തിയ പെണ്‍കുട്ടി കാമുകന്റെ അമ്മയോടൊപ്പം പോയി

കുന്നംകുളം:[www.malabarflash.com] പ്രണയത്തെ എതിര്‍ത്ത വീട്ടുകാര്‍ തടങ്കലില്‍ പാര്‍പ്പിക്കുകയാണെന്ന് കാമുകനൊപ്പം പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടി കാമുകന്റെ അമ്മയോടൊപ്പം പോയി. കുന്നംകുളം സ്റ്റേഷനാണ് നാടകീയ രംഗങ്ങള്‍ക്ക് വേദിയായത്.

പഴഞ്ഞി എം.ഡി. കോളേജില്‍ പഠിക്കുന്ന രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ കിഴൂര്‍ സ്വദേശിയും പിള്ളക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയുമാണ് സ്‌നേഹത്തിലായത്. പ്രണയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ കുട്ടിയെ പുറത്തേക്ക് വിടാതെയായി. ആണ്‍കുട്ടിക്ക് 19 വയസ്സേ ആയിട്ടുള്ളൂ എന്നതിനാല്‍ വിവാഹം കഴിക്കാനുമാകില്ല.

ബുധനാഴ്ച വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടി കുന്നംകുളത്തെത്തി. പ്രണയിക്കുന്നതിന്റെ പേരില്‍ വീട്ടുകാരുടെ തടങ്കലിലാണെന്ന് പോലീസില്‍ പരാതി നല്‍കുന്നതിനാണ് പുറത്തിറങ്ങിയത്.താലൂക്ക് ആസ്​പത്രിക്ക് സമീപം എത്തുമ്പോഴേക്കും കാറില്‍ പിന്തുടര്‍ന്ന് എത്തിയ ബന്ധുക്കള്‍ രണ്ടുപേരെയും കണ്ടെത്തി.

ഇതോടെ ഇവര്‍ ആസ്​പത്രി മൈതാനത്തേക്ക് ഓടി. കാറിലെത്തിയ ബന്ധുക്കള്‍ പെണ്‍കുട്ടിയെ മാറ്റി നിര്‍ത്തി ആണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു. നാട്ടുകാരും സമീപത്തെ ഡ്രൈവര്‍മാരും ചേര്‍ന്ന് ഇവരെ പിടിച്ചുമാറ്റി പോലീസില്‍ ഏല്പിച്ചു. എം.ഡി. കോളേജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ കൂടിയാണ് വിദ്യാര്‍ഥി.

സംഭവമറിഞ്ഞ് കോളേജ് വിദ്യാര്‍ഥികളും സ്ഥലത്തെത്തി. എസ്.ഐ. ടി.പി. ഫര്‍ഷാദിന്റെ നേതൃത്വത്തില്‍ വീട്ടുകാരുമായി ചര്‍ച്ച നടത്തി. എന്നാല്‍, പെണ്‍കുട്ടി സ്വന്തം വീട്ടുകാര്‍ക്കൊപ്പം പോകാന്‍ സമ്മതിച്ചില്ല. പെണ്‍കുട്ടിയുടെ പ്രണയം അംഗീകരിക്കാന്‍ വീട്ടുകാരും തയ്യാറായില്ല.

പെണ്‍കുട്ടിയുടെ അമ്മ മകളെ കാണാനില്ലെന്നു കാണിച്ച് പോലീസില്‍ പരാതി നല്‍കി. ഇതില്‍ കേസെടുത്ത പോലീസ് ഇരുവരെയും വൈകീട്ട് കോടതിയില്‍ ഹാജരാക്കി. ആരോടൊപ്പം പോകണമെന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് സ്‌നേഹിക്കുന്നയാളുടെ അമ്മയോടൊപ്പം പോകണമെന്ന് പെണ്‍കുട്ടി മറുപടി നല്‍കി. പിന്നീട് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ താത്പര്യം അനുസരിച്ച് പോലീസ് നടപടികള്‍ സ്വീകരിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.