Latest News

പ്രമുഖ സ്വാതന്ത്ര്യസമര സേനാനി കെ.മാധവന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] ഉപ്പുസത്യാഗ്രഹസമരത്തിലും ഗുരുവായൂര്‍ സത്യാഗ്രഹസമരത്തിലും പങ്കെടുത്ത സമര വോളന്റിയര്‍മാരില്‍ അവസാനകണ്ണിയും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയുമായ കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ കെ. മാധവന്‍ (102) അന്തരിച്ചു. ഞായറാഴ്ച രാത്രി 10.20-ഓടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

കാഞ്ഞങ്ങാട്ടെ പ്രമുഖ ജന്മികുടുംബമായ ഏച്ചിക്കാനം തറവാട്ടില്‍ എ.സി.രാമന്‍ നായരുടെയും കൊഴുമ്മല്‍ ഉണ്ണാങ്ങ അമ്മയുടെയും മകനായി 1915 ആഗസ്ത് 26-നാണ് കെ.മാധവന്‍ ജനിച്ചത്. തളിപ്പറമ്പ് മുത്തേടത്ത് ഹൈസ്‌കൂള്‍, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍, വെള്ളിക്കോത്ത് വിജ്ഞാനദായിനി ദേശീയ വിദ്യാലയം എന്നിവിടങ്ങളില്‍ പഠനം. എറണാകുളം കോളേജില്‍നിന്ന് ഹിന്ദി വിശാരദ് പാസായി.

ദേശീയപ്രസ്ഥാന സമരപോരാളികളായ എ.സി.കണ്ണന്‍ നായരുടെയും വിദ്വാന്‍ പി.കേളുനായരുടെയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി 12-ാം വയസ്സില്‍ത്തന്നെ സമരരംഗത്തെത്തി. സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരണം, മദ്യവര്‍ജനം തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു. പയ്യന്നൂരില്‍ 1928-ല്‍ നെഹ്രുവിന്റെ അധ്യക്ഷതയില്‍ നടന്ന നാലാം കോണ്‍ഗ്രസ് സമ്മേളനത്തില്‍ വോളന്റിയറായി പ്രവര്‍ത്തിച്ചു. 1930-ല്‍ കെ.കേളപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് പുറപ്പെട്ട ഉപ്പുസത്യാഗ്രഹജാഥയില്‍ അംഗമായി. 1931-ല്‍ ഗുരുവായൂര്‍ സത്യാഗ്രഹസമരത്തിലും വോളന്റിയറായി.

കോണ്‍ഗ്രസിന്റെ കാസര്‍കോട് താലൂക്ക് സെക്രട്ടറി, കെ.പി.സി.സി. അംഗം, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ആദ്യത്തെ കാസര്‍കോട് താലൂക്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കയ്യൂര്‍ സമരം നടക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കാസര്‍കോട് താലൂക്ക് സെക്രട്ടറിയായിരുന്നു. അന്ന് കാസര്‍കോട് താലൂക്ക് എന്നാല്‍ ഇന്നത്തെ കാസര്‍കോട് ജില്ലയാണ്. കാസര്‍കോട്-മലബാര്‍ സംയോജനം, കാസര്‍കോട്-മലബാര്‍ സമ്മേളനം, ഐക്യകേരള പ്രക്ഷോഭം എന്നീ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ കര്‍ഷകസംഘം രൂപവത്കരിക്കുന്നതിനും കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തുന്നതിനും നേതൃപരമായ പങ്ക് വഹിച്ചു,

ജന്മിത്വ-നാടുവാഴിത്വത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കി. മടിക്കൈ വിളകൊയ്ത്ത് സമരം, രാവണേശ്വരം നെല്ലെടുപ്പ് സമരം എന്നിവയ്ക്കും നേതൃത്വം കൊടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വെല്ലൂര്‍, കടല്ലൂര്‍ ജയിലിലും വിവിധ ഘട്ടങ്ങളിലായി ശിക്ഷയനുഭവിച്ചു. ആദ്യം ഗാന്ധിയനും പിന്നീട് കമ്യൂണിസ്റ്റുകാരനുമായിരുന്നു കെ.മാധവന്‍.

1957-ലും 65-ലും ഹൊസ്ദുര്‍ഗില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 64-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.യില്‍ നിലയുറപ്പിച്ചു. 16 വര്‍ഷം കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡന്റായി. 87-ല്‍ സി.പി.ഐ. വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. 96-ല്‍ സി.പി.എമ്മും വിട്ടു.

ഭാര്യ: കോടോത്ത് മീനാക്ഷിയമ്മ. മക്കള്‍: ഇന്ദിര (ബെംഗളൂരു), അഡ്വ. സേതുമാധവന്‍, ആശാലത, ഡോ. അജയകുമാര്‍ (പി.എസ്.സി. മുന്‍ അംഗം). മരുമക്കള്‍: ഗോപിനാഥന്‍ നായര്‍ (വിജയ ബാങ്ക് മുന്‍ ഡയറക്ടര്‍, ബെംഗളുരു), ലേഖ (അധ്യാപിക, ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,കാഞ്ഞങ്ങാട്), പ്രൊഫ. തമ്പാന്‍ നമ്പ്യാര്‍, കെ.പ്രേമജ (മാനേജര്‍, ഗ്രാമീണ്‍ബാങ്ക്, കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: പരേതരായ ബാരിസ്റ്റര്‍ എം.കെ.നമ്പ്യാര്‍, കുഞ്ഞിക്കേളു നമ്പ്യാര്‍.

തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ഒരുമണിവരെ കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.