Latest News

ജയന്റ് വീലില്‍നിന്ന് തെറിച്ച് വീണ് അഞ്ചു വയസുകാരന്‍ മരിച്ചു

പത്തനംതിട്ട:[www.malabarflash.com] സ്വകാര്യ ഗ്രൂപ്പ് നടത്തിവന്ന കാര്‍ണിവലിലെ ആകാശവീലില്‍ നിന്ന് വീണ് അഞ്ച് വയസുള്ള കുട്ടി മരിച്ചു. സഹോദരിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകന്‍ അലന്‍ ആണ് മരിച്ചത്. സഹോദരി പ്രിയങ്ക(14) യെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.

കറങ്ങിക്കൊണ്ടിരുന്ന ആകാശവീലില്‍ നിന്ന് അലന്‍ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കവെ പ്രിയങ്കയും വീണു. കുട്ടികള്‍ റൈഡില്‍ തന്നെ തലയടിച്ച് താഴേക്ക് പതിച്ചു.
ഈ സമയം മാതാപിതാക്കളും മൈതാനത്തുണ്ടായിരുന്നു.

ഓടിക്കൂടിയവരാണ് കുട്ടികളെ ആസ്പത്രിയിലെത്തിച്ചത്. മരണമടഞ്ഞ അലന്‍ കൂത്താട്ടുകുളം ഗവ. എല്‍.പി.സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. പരിക്കേറ്റ പ്രിയങ്ക ചിറ്റാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും. അമ്മ ബിന്ദു. സഹോദരി നിമ്മി.

യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കാര്‍ണിവലില്‍ റൈഡുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതെന്ന് പറയുന്നു. അപകടസമയം ആകാശവീല്‍ ഓടിയിരുന്നത് അമിതവേഗത്തിലായിരുന്നെന്നും ദൃക്സാക്ഷികള്‍ പറയുന്നു.

അഞ്ച് ദിവസം മുമ്പാണ് ഒരു സ്വകാര്യ ഗ്രൂപ്പ് ചിറ്റാര്‍ പോലീസ് സ്റ്റേഷന് സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ വസന്തോത്സവം എന്ന പേരില്‍ കാര്‍ണിവല്‍ തുടങ്ങിയത്. പ്രാദേശികതലത്തിലുള്ള അധികൃതരെ സ്വാധീനിച്ച് സംഘടിപ്പിച്ച മേള ആവശ്യമായ അനുമതികള്‍ ഇല്ലാതെയാണ് നടന്നുവന്നത്. അപകടത്തെ തുടര്‍ന്ന് മേള നിര്‍ത്തിവെച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.