Latest News

ജിഷ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു: അമീറുള്‍ ഇസ്ലാം ഏക പ്രതി

കൊച്ചി:[www.malabarflash.com] ജിഷ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

അസം സ്വദേശിയായ അമിറുള്‍ ഇസ്ലാം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, മാനഭംഗം, ദളിത് പീഡനം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരായി ചുമത്തിയിരിക്കുന്നത്.

ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും അടക്കം 195 സാക്ഷിമൊഴികളാണ് കുറ്റപത്രത്തിലുള്ളത്. 125 ശാസ്ത്രീയ പരിശോധനാ രേഖകളും 70 തൊണ്ടിമുതലുകളും ഹാജരാക്കിയിട്ടുണ്ട്. 1500 പേജുകള്‍ കുറ്റപത്രത്തിനുണ്ട്.

ഏപ്രില്‍ 28ന് പെരുമ്പാവൂര്‍ വട്ടോളിപ്പടിയിലെ വീട്ടില്‍വെച്ചാണ് കൊലപാതകം നടന്നത്. ലൈംഗിക വൈകൃതമുള്ള പ്രതി മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ച് കയറി ജിഷയെ ആക്രമിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലൈംഗിക താത്പര്യത്തോടെ സമീപിച്ച പ്രതി, ജിഷയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കൊലപാതകം നടത്തുകയായിരുന്നു. സാഹചര്യ തെളിവുകള്‍, സാക്ഷിമൊഴികള്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് അമിറുള്‍ ഇസ്ലാമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നത്.

ജിഷയുടെ ശരീരത്തില്‍നിന്ന് ലഭിച്ച കോശങ്ങളുടെ ഡി.എന്‍.എ പരിശോധനാ രേഖ അമിറുള്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നതിന് പ്രധാന തെളിവാണ്. സംഭവത്തിനു ശേഷം പ്രതി അസമിലേയ്ക്ക് രക്ഷപെട്ടതും മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചതും പ്രധാന തെളിവായി കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു.

അന്വേഷണത്തിന്റെ ഭാഗമായി 1500 പേരെ ചോദ്യംചെയ്യുകയും 30 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 23 പേരെ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കി. 21 ലക്ഷം ഫോണ്‍കോളുകള്‍ പരിശോധിച്ചു. 5000 വിരലടയാള പരിശോധനയും നടത്തി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.