Latest News

സ്‌കൂള്‍ ജീവനക്കാരനൈ കൊലപ്പെടുത്തി മൃതദേഹം പൊട്ടക്കിണറ്റില്‍ തളളി

കണ്ണൂര്‍:[www.malabarflash.com] തളിപ്പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തി. അഞ്ചു ദിവസം മുന്‍പ് കാണാതായ കുറ്റിക്കോല്‍ മുണ്ടപ്രം പുതിയപുരയില്‍ രജീഷി(35)നെയാണ് ബക്കളത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലപാതകമെന്ന് വ്യക്തമായിരിക്കുകയാണ്. നെഞ്ചിലും വയറ്റത്തും കുത്തേറ്റ നിലയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മുഖത്തും താടിക്കും വെട്ടേറ്റിട്ടുണ്ട്. പറശിനിക്കടവ് യുപി സ്‌കൂളിലെ ജീവനക്കാരനായ രജീഷ് അഞ്ചിന് രാവിലെ സ്‌കൂളില്‍ എത്തിയശേഷമാണ് പുറത്ത് പോയത്. അന്നുതന്നെ കൊലപാതകം നടന്നതായാണ് സംശയം. 

ബുധനാഴ്ച രാവിലെ 11.30 ഓടെ ദേശീയപാതയില്‍ ബക്കളം നെല്ലിയോട്ട് ക്ഷേത്രത്തിന് സമീപം ഉപയോഗശൂന്യമായ കിണറ്റില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. കടുത്ത ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബക്കളം സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ ഗള്‍ഫിലേക്ക് തിരിച്ചുപോയി. 

ഇയാള്‍ ഉപയോഗിച്ചിരുന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ഇതിന്റെ സീറ്റ് കവറില്‍ രക്തക്കറ കണ്ടെത്തിയതും സംശയത്തിനിടയാക്കി. തുടര്‍ന്ന് പറശിനിക്കടവിലും ധര്‍മ്മശാലയിലുമുള്ള സഹകരണ ബാങ്കുകളിലും പെട്രോള്‍ പമ്പുകളിലും സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ പൊലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിരുന്നു. 

ഇതേത്തുടര്‍ന്ന് ഉപയോഗശൂന്യമായ കിണറുകള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതനുസരിച്ചു നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ബക്കളത്തിനു സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസ് ആദ്യം നടത്തിയ അന്വേഷണത്തില്‍ കരിമ്പം ഫാമിന് പിറകിലെ മൊബൈല്‍ പോണ്‍ ടവറിന്റെ പരിധിയില്‍ രജീഷ് ഉള്ളതായി കണെ്ടത്തിയെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാല്‍ സിഗ്നലുകള്‍ ലഭിച്ചിരുന്നില്ല. 

ജില്ലാ പോലീസ് മേധാവി സഞ്ജയ്കുമാര്‍ ഗുരുഡിന്‍ ഉള്‍പ്പെടെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.