Latest News

ഡി വൈ എസ് പിമാര്‍ക്ക് വാഹനാപകടത്തില്‍ പരിക്ക്

കാസര്‍കോട്:[www.malabarflash.com] പുല്ലൂര്‍ കേളോത്ത് വളവില്‍ തിങ്കളാഴ്ച രാവിലെ ലോറികളും കാറും കൂട്ടിയിടിച്ച് രണ്ട് ഡി വൈ എസ്പിമാരടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് അഡ്മിനിസ്റ്റേഷന്‍ ഡി വൈ എസ് പി പി തമ്പാന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി കെ അസിനാര്‍ എന്നിവര്‍ക്കും നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍ക്കുമാണ് പരിക്ക്.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. ഡി വൈ എസ് പിമാരായ തമ്പാനും അസിനാറും കാഞ്ഞങ്ങാട്ട് നിന്ന് കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്തേക്കുള്ള യാത്രക്കിടെയാണ് അപകടത്തില്‍പ്പെട്ടത്. 

ഡിവൈഎസ്പി അസിനാറാണ് കാര്‍ ഓടിച്ചിരുന്നത്. ഈ കാറില്‍ എതിരെ വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഈ ലോറി പിന്നീട് മത്സ്യം കടത്തി പോകുകയായിരുന്ന മറ്റൊരു ലോറിയിലും ഇടിച്ചു. കാറിന്റെ മുന്‍ ഭാഗം പാടെ തകര്‍ന്നു. പരിക്കേറ്റ ഡിവൈഎസ്പിമാര്‍ മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. 

ന്യൂഡല്‍ഹിയില്‍ സഹോദരന്റെ വീട്ടില്‍ പോയി ഞായറാഴ്ച രാത്രിയാണ് ഡി വൈ എസ് പി തമ്പാന്‍ നാട്ടില്‍ തിരിച്ചെത്തിയത്. കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയായി ചുമതലയേല്‍ക്കാനാണ് കെ അസിനാര്‍ രാവിലെ കാഞ്ഞങ്ങാട്ട് നിന്ന് കാസര്‍കോട്ടേക്ക് കാറില്‍ തിരിച്ചത്. 

അഡ്മിനിസ്‌ട്രേഷന്‍ ഡി വൈ എസ് പി പി തമ്പാനെയും ഒപ്പം കൂട്ടിയായിരുന്നു യാത്ര. ഡിവൈഎസ്പിമാരുടെ പരിക്കുകള്‍ സാരമുള്ളതല്ല.
അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അല്‍പനേരം ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞെത്തിയ അമ്പലത്തറ പോലീസാണ് ഗതാഗത സ്തംഭനം പരിഹരിച്ചത്. അപകടത്തില്‍ പരിക്കേറ്റ നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറെയും കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

പുല്ലൂരില്‍ വാഹനാപകടങ്ങള്‍ പതിവാകുകയാണ്. കഴിഞ്ഞ ദിവസം പുല്ലൂര്‍ പാലത്തിന് സമീപം കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.