Latest News

ശരണപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കലക്ടറുടെയും നാട്ടുകാരുടെയും സഹായം

കാസര്‍കോട്:[www.malabarflash.com] ഗുണ്ടാപ്പണം നല്‍കാത്തതിനാല്‍ കരിങ്കല്ലുപയോഗിച്ച് ഇടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയ കര്‍ണാടക കൊപ്പല്‍ മലകസമുദ്രയിലെ ശരണപ്പ (34)യുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കലക്ടറുടെയും നാട്ടുകാരുടെയും ജനമൈത്രി പോലീസിന്റെയും സഹായം.

കൂലിപ്പണിയെടുത്ത് രാത്രിയില്‍ നുള്ളിപ്പാടിയിലെ സുറുമാസ് സൂപ്പര്‍ബസാറിന്റെ കടവരാന്തയില്‍ കിടന്നുറങ്ങിയിരുന്ന ശരണപ്പയെ ചെന്നിക്കരയിലെ മണിയാണ് ശനിയാഴ്ച രാത്രി പതിനൊന്നോടെ കൊലപ്പെടുത്തിയത്. ചവിട്ടേറ്റ് ആന്തരികാവയവങ്ങള്‍ക്കുണ്ടായ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.

പരിയാരത്തുനിന്ന് ഞായറാഴ്ച രാത്രി ഏഴോടെ കാസര്‍കോട് പോലീസ് സ്‌റ്റേഷനിലെത്തിച്ച മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാത്തതിനാല്‍ ബന്ധുക്കളും കൂടെയുള്ളവരും വിഷമിച്ചു. 700 കിലോമീറ്റര്‍ അകലെയുള്ള കൊപ്പലില്‍ മൃതദേഹം കൊണ്ടുപോകണമെങ്കില്‍ ഫ്രീസറുള്ള ആംബുലന്‍സ് വേണം. പോയിവരാനും മറ്റുമായി ആംബുലന്‍സ് വാടകയും വലുതാണ്. 

പരിയാരത്ത് പോയതിന്റെ ചെലവ് വഹിക്കാനാകാത്ത അവസ്ഥയിലായിരുന്നു നാട്ടില്‍നിന്നെത്തിയ ശരണപ്പന്റെ ജ്യേഷ്ഠന്‍ കരിയപ്പ. ഇവര്‍ നാട്ടില്‍നിന്നെത്തിയ ടെമ്പോ ട്രാക്‌സില്‍ ഒടിച്ചുമടക്കിയാല്‍ മാത്രമെ മൃതദേഹം കയറ്റാനാവുമായിരുന്നുള്ളു. 

ഒഡീഷയില്‍, കാശില്ലാത്തതിനാല്‍ ആംബുലന്‍സ് കിട്ടാതെ മൃതദേഹങ്ങള്‍ ചുമന്നുകൊണ്ടുപോയ വാര്‍ത്തകളുടെ പശ്ചാത്തലത്തിലും രാത്രി ഏഴായിട്ടും ശരണപ്പയുടെ മൃതദേഹം കൊണ്ടുപോകാന്‍ വഴി തെളിഞ്ഞില്ല. ശരണപ്പന്‍ താമസിച്ചിരുന്ന നുള്ളിപ്പാടി ചെന്നിക്കരയിലെ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ ദിനേശന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സഹായം ലഭിക്കുമോയെന്നറിയാന്‍ കലക്ടര്‍ കെ ജീവന്‍ബാബുവിനെ ബന്ധപ്പെട്ടു. ഇതിന് പ്രത്യേക ഫണ്ടില്ലെങ്കിലും നാട്ടുകാര്‍ സഹായിച്ചാല്‍ ജില്ലാ ഭരണകൂടവും തുക അനുവദിക്കാമെന്ന് കലക്ടര്‍ അറിയിച്ചു. 

കലക്ടറുടെ നിര്‍ദേശത്തിന് പിന്തുണയുമായി നാട്ടുകാര്‍ രംഗത്തെത്തി. കാസര്‍കോട് സിഐ സി എ അബ്ദുള്‍റഹീമിന്റെ നേതൃത്വത്തില്‍ ജനമൈത്രി പോലീസും സഹകരിച്ചു. രാത്രി എട്ടോടെ മൃതദേഹവുമായി ആംബുലന്‍സ് കൊപ്പലിലേക്ക് തിരിച്ചു. 

തിങ്കളാഴ്ച വൈകിട്ട് നാലോടെ കൊപ്പലിലെ വീട്ടിലെത്തിച്ച് മൃതദേഹം സംസ്‌കരിച്ചു. 

കര്‍ഷകനായ ശരണപ്പ കര്‍ണാടകയില്‍നിന്നെത്തുന്ന മറ്റുള്ളവരെപ്പോലെ വരള്‍ച്ച സമയത്താണ് കാസര്‍കോട് വന്ന് കൂലിപ്പണിയെടുത്ത് വരുമാനം കെണ്ടത്തുന്നത്. ഭാര്യയും ഏഴു വയസുള്ള മകനും രണ്ട് വയസുള്ള മകളുമുണ്ട്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.