Latest News

പോത്തുകളെ കയറ്റിയ ലോറി മറിഞ്ഞ് 9 പോത്തുകള്‍ ചത്തു

പരിയാരം:[www.malabarflash.com] ദേശീയപാത പരിയാരത്ത് വീണ്ടും വാഹനാപകടം. പോത്തുകളുമായി പാലക്കാട്ടുനിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന കെഎല്‍ 51 സി 3206 നാഷണല്‍ പെര്‍മിറ്റ് ലോറി റോഡരികിലെ തോട്ടിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒന്‍പത് പോത്തുകള്‍ ചത്തു. 21 പോത്തുകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ലോറി ഡ്രൈവര്‍ ഒറ്റപ്പാലത്തെ വാണിയംകുളം അങ്ങാടി രാമസ്വാമിയെ(48) ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

പുലര്‍ച്ചെ രണ്ടേ പത്തോടെ കോരന്‍പീടിക അപകടവളവില്‍ നന്‍മഠം ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം. റോഡരികിലെ കാടുമൂടിക്കിടക്കുന്ന കൈവരികളില്ലാത്ത തോട്ടിലേക്കാണ് ലോറി മറിഞ്ഞത്. തെറിച്ചുവീണ പോത്തുകള്‍ ലോറിക്കടിയില്‍ പെട്ട് ഞെരുങ്ങിയാണ് ചത്തത്. നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം ഹൈവേ പോലീസാണ് പരിക്കേറ്റ രാമസ്വാമിയെ മെഡിക്കല്‍ കോളേജിലെത്തിച്ചത്.

മുപ്പത് പോത്തുകളാണ് ലോറിയിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ലോറിയില്‍ പോത്തുകളെ കുത്തിനിറച്ച് കൊണ്ടുപോയതാണ് ഇത്രയേറെ എണ്ണം ചത്തുപോകാന്‍ ഇടയാക്കിയതെന്ന് സൂചനയുണ്ട്. 

തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങള്‍ നാല് മണിക്കൂറിലേറെ കഠിന പരിശ്രമം നടത്തിയാണ് ചെരിഞ്ഞ നിലയില്‍ തോട്ടില്‍ കിടന്ന ലോറിയില്‍ നിന്നും പോത്തുകളെ രക്ഷിച്ചത്. സ്ഥലത്ത് വൈദ്യുതി നിലച്ചതിനാല്‍ സേനയുട രണ്ട് ആസ്‌ക ലൈറ്റുകള്‍ ഉപയോഗിച്ചാണ് അപകടസ്ഥലത്ത് വെളിച്ച സംവിധാനം ഒരുക്കിയത്. കുപ്പം ഖലാസികളുടെ ക്രെയിനുപയോചിച്ചാണ് പോത്തുകളെ കരയിലെത്തിച്ചത്.

പലതും അങ്ങേയറ്റം അവശനിലയിലയിലായതിനാല്‍ കൂടുതല്‍ പോത്തുകള്‍ ചാവാനിടയുണ്ടെന്ന് പോലീസ് പറഞ്ഞു. കാഞ്ഞങ്ങാട് നിന്നും എത്തിയ പോത്തുകളുടെ ഉടമ മറ്റൊരു വാഹനത്തില്‍ ചത്ത പോത്തുകളേയും പരിക്കേറ്റവയേയും ഉടന്‍ തന്നെ സ്ഥലത്തുനിന്നും നീക്കം ചെയ്തത് ദൂരൂഹത ഉയര്‍ത്തിയിട്ടുണ്ട്. ഒന്നിന് നാല്‍പ്പതിനായിരം രൂപയോളം വിലയുള്ള പോത്തുകളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നാലു ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നുണ്ട്.

വാഹനത്തില്‍ കയറ്റാവുന്നതിലേറെ പോത്തുകളെ കുത്തിനിറച്ചുകൊണ്ടുവന്നതാണ് ഇത്രയേറെ പോത്തുകള്‍ ചാവാന്‍ ഇടയാക്കിയതെന്നും പോത്ത് ഉടമയുടെ പേരിലും ലോറി ഡ്രൈവറുടെ പേരിലും എസ്പിസിഎ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് മൃഗക്ഷേമ സംഘടനയായ ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ് ഭാരവാഹികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് സംഘടന പരിയാരം പോലീസില്‍ പരാതി നല്‍കി.


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.