പാലക്കാട്:[www.malabarflash.com] സഹോദരനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ അനുജന്‍മാര്‍ അറസ്റ്റില്‍.
പുതുപ്പരിയാരം പഴയ പഞ്ചായത്ത് ഓഫിസിനു സമീപം പാറയ്ക്കല്‍ വീട്ടില്‍ വാസുവിന്റെ മകന്‍ മണികണ്ഠന്‍ (50) കൊല്ലപ്പെട്ട സംഭവത്തില്‍ മണികണ്ഠന്റെ സഹോദരന്മാരായ രാമചന്ദ്രന്‍ (45), രാജേഷ് (37) എന്നിവരാണ് അറസ്റ്റിലായത്.
മുംബൈയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥനാണു രാമചന്ദ്രന്‍.
സ്വത്തു സംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. ഇവരുടെ പഴയ തറവാടിന്റെ പിന്‍വശത്തുള്ള സെപ്റ്റിക് ടാങ്കില്‍ തള്ളിയ മൃതദേഹം ഏറെക്കുറെ അഴുകിയ നിലയിലായിരുന്നു.
ഒലവക്കോട്ടും പരിസരത്തും ലോട്ടറി വിറ്റു നടന്നിരുന്ന മണികണ്ഠനെ ഈ മാസം അഞ്ചു മുതല്‍ കാണാനില്ലെന്നു പോലീസിനു ലഭിച്ച വിവരമാണു നിര്‍ണായകമായത്. പോലീസ് പ്രാഥമികാന്വേഷണം നടത്തിയെങ്കിലും വീട്ടുകാര്‍ പരാതി നല്‍കിയില്ല.തുടര്‍ന്നു പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എം.കെ.നാരായണന്റെ പരാതിയിലാണു കേസെടുത്തത്.
ഇവരുടെ മറ്റൊരു സഹോദരന്‍ കൃഷ്ണന്‍കുട്ടിയുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടു രാജേഷ് മണികണ്ഠനോടു സാമ്പത്തിക സഹായം ചോദിച്ചതു വാക്കേറ്റമുണ്ടാക്കിയിരുന്നു. വിവാഹം മുടക്കുമെന്നു ഭീഷണിപ്പെടുത്തിയതോടെ മണികണ്ഠനെ രാജേഷ് വീട്ടുതടങ്കലിലാക്കിയെന്നു പോലീസ് പറയുന്നു.
രാജേഷ് മണികണ്ഠനെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയെന്നും മണികണ്ഠനെ കീഴടക്കാന്‍ രാമചന്ദ്രന്‍ സഹായിച്ചെന്നുമാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.
മണികണ്ഠനെ കാണാതായ അഞ്ചിനു തന്നെ കൊലപാതകം നടന്നെന്നാണു മൊഴി. കൊലപ്പെടുത്തി ഒരു മണിക്കൂറിനകം മൃതദേഹത്തില്‍ നിന്നു വസ്ത്രങ്ങള്‍ നീക്കം ചെയ്തു ടാങ്കില്‍ തള്ളി. എന്നാല്‍ കൊലപാതകം നടന്ന ദിവസം, മൃതദേഹത്തിന്റെ കാലപ്പഴക്കം എന്നിവ സംബന്ധിച്ചു കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് പറഞ്ഞു.
സ്വത്ത് പങ്കുവയ്ക്കുന്നതു സംബന്ധിച്ചു മണികണ്ഠനും കുടുംബാംഗങ്ങളും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. കഴിഞ്ഞ 12നു സഹോദരന്‍ കൃഷ്ണന്‍കുട്ടിയുടെ വിവാഹത്തില്‍ മണികണ്ഠന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.
വിവാഹിതനാണെങ്കിലും മണികണ്ഠന്‍ കുറച്ചുകാലമായി ഒറ്റയ്ക്കാണു താമസം.
എഎസ്പി ജി.പൂങ്കുഴലി, ഹേമാംബിക നഗര്‍ സിഐ സി.പ്രേമാനന്ദകൃഷ്ണന്‍, എസ്‌ഐ വി.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസമാണു രാമചന്ദ്രന്‍ നാട്ടിലെത്തിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment