Latest News

ലഹരി ഗുളികകള്‍ കഴിച്ച വിദ്യാര്‍ഥി മരിച്ചു; മൂന്ന് സുഹൃത്തുക്കള്‍ ആശുപത്രിയില്‍

തൃശൂര്‍:[www.malabarflash.com] വീട്ടില്‍ അവശനിലയില്‍ കണ്ടെത്തി ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ മരണ കാരണം ലഹരി ഗുളികകള്‍ കഴിച്ചതും അമിതമദ്യപാനവുമാണെന്നു പോലീസ് നിഗമനം. കയ്പമംഗലം പഞ്ചായത്ത് ഓഫിസിനു പടിഞ്ഞാറ് പൂതംകോട്ട് വീട്ടില്‍ വേലുവിന്റെ മകന്‍ ബിപിന്‍ദാസ് (18) ആണു മരിച്ചത്.

ഒപ്പം ഗുളിക കഴിച്ച മൂന്നു വിദ്യാര്‍ഥികള്‍ ആശുപത്രിയിലാണ്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണു ബിപിന്‍ദാസിനെ കുളിമുറിയില്‍ ഛര്‍ദ്ദിച്ച് അവശനായ നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. മദ്യപിച്ചിട്ടുണ്ടെന്നു പറഞ്ഞെങ്കിലും ഉടന്‍ അബോധാവസ്ഥയിലായി.

വീട്ടുകാര്‍ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അപസ്മാരത്തിനും മനോദൗര്‍ബല്യത്തിനും കഴിക്കുന്ന ചില ഗുളികകള്‍ ലഹരികിട്ടാന്‍വേണ്ടി വെള്ളിയാഴ്ച ബിപിന്‍ദാസും കൂട്ടുകാരും കഴിച്ചിരുന്നു. പിറ്റേദിവസം മുഴുവന്‍ ബിപിന്‍ദാസ് തുടര്‍ച്ചയായി മദ്യപിച്ചു.

രണ്ടും ചേര്‍ന്നതോടെ വിഷം കഴിച്ച അവസ്ഥയിലായതാണു മരണകാരണമെന്നാണു ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും മരണകാരണം വ്യക്തമാകണമെങ്കില്‍ ആന്തരിക സ്രവങ്ങള്‍ ലാബില്‍ പരിശോധിച്ചു ഫലം ലഭിക്കണമെന്ന് എഎസ്പി മെറിന്‍ ജോസഫ് പറഞ്ഞു.

അതേസമയം, ബിപിന്‍ദാസിനൊപ്പം ഗുളിക കഴിച്ച മൂന്നു സുഹൃത്തുക്കളും ബിപിന്‍ മരിച്ചതറിഞ്ഞതോടെ അസ്വസ്ഥത പ്രകടിപ്പിച്ചു. ഇവരെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരുടെയും സ്ഥിതി ഗുരുതരമല്ല.
ലഹരികിട്ടാന്‍ ഗുളിക കഴിച്ച വിവരം ഇവരാണു പോലീസിനോടു വെളിപ്പെടുത്തിയത്. എടമുട്ടത്തെ മെഡിക്കല്‍ ഷോപ്പില്‍ നിന്നാണു ഗുളികകള്‍ വാങ്ങിയത്. 26 ഗുളികകള്‍ ലഭിച്ചെന്നു സമ്മതിച്ച ഇവര്‍ ഓരോ ഗുളിക കഴിച്ചുവെന്നാണു പോലീസിനോടു പറഞ്ഞത്. ബിപിന്‍ദാസ് കൂടുതല്‍ ഗുളിക കഴിച്ചിട്ടുണ്ടാവുമെന്നു പോലീസ് കരുതുന്നു.

നിര്‍ധന കുടുംബത്തിലെ ഏക മകനായ ബിപിന്‍ദാസ് ഇരിങ്ങാലക്കുടയിലെ സ്വകാര്യ സ്ഥാപനത്തില്‍ ലിഫ്റ്റ് ഓപറേറ്റര്‍ കോഴ്‌സിനു പഠിക്കുകയായിരുന്നു. പഠനത്തോടൊപ്പം ജോലിക്കും പോയിരുന്നു. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും രണ്ടുസഹോദരിമാരും അടങ്ങിയ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ബിപിന്‍ദാസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.