കാസര്‍കോട് : [www.malabarflash.com] കോടികള്‍ മുടക്കി പണിത തൃക്കരിപ്പൂര്‍ വലിയകൊവ്വലിലെ സിന്തറ്റിക് സ്‌റ്റേഡിയും കാട് കയറി നാശത്തിലേക്ക്. നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടകനെ കാത്ത് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ആറ് കഴിഞ്ഞു. നിയമ സഭാതിരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിമാരെത്തി ഉദ്ഘാടനം നടത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.
പിന്നീട് തിരഞ്ഞെടുപ്പ് വേളയില്‍ ജൂണില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഭരണസമിതിക്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നിര്‍മാണ കമ്പനി പ്രതിനിധികള്‍ കൈമാറുകയും ഉദ്ഘാടനം ഗംഭീരമാക്കാന്‍ യോഗവും നടത്തിയിരുന്നു. ആറ് മാസം കഴിഞ്ഞും അനക്കമില്ല.
2014 നവംബറില്‍ ആരംഭിച്ച പ്രവൃത്തി മൂന്നു മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ വൈകി. 2016 ഫെബ്രുവരിയിലാണ് പൂര്‍ത്തിയായത്. നടക്കാവ് വലിയകൊവ്വല്‍ മൈതാനിയില്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് വിട്ടു നല്‍കിയ 15 ഏക്കര്‍ ഭൂമിയിലാണ് സ്‌റ്റേഡിയം പണിതത്. ദേശീയ ഗെയിംസ് അക്കാദമിയുടെ മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തി. 110 മീറ്റര്‍ നീളത്തിലും 78 മീറ്റര്‍ വീതിയിലുമാണ് ഫുട്ബാള്‍ മൈതാനം.
മൂന്ന് കോടിയോളം രൂപ ചിലവിട്ട് നിര്‍മിച്ച സ്‌റ്റേഡിയം കളികള്‍ക്കായി തുറന്നു കൊടുക്കാത്തത് വ്യപകമായ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. പ്രമുഖരായ ഉദ്ഘാടകരെ കാത്തു നിന്ന് അവരെ കിട്ടുമ്പോഴേക്കും കൃത്രിമ പുല്‍ സ്‌റ്റേഡിയത്തിന്റെ നാശമാവും കാണേണ്ടി വരികയെന്ന് കായിക സംഘടനകള്‍ പറയുന്നു. സാമൂഹ്യ വിരുദ്ധരും മദ്യപരും രാത്രി കാലങ്ങളില്‍ സ്‌റ്റേഡിയത്തില്‍ കടന്നു നാശ നഷ്ട്ടങ്ങള്‍
വരുത്തിയതോടെ ഗേറ്റ് പൂട്ടിയിട്ടുവെങ്കിലും കമ്പി വല പൊളിച്ച് പലപ്പോഴും അതിക്രമങ്ങള്‍ തുടര്‍ന്നു. ഇതിനെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് നാട്ടുകാരുടെയും കായിക സംഘടനകളുടെ ഭാരവാഹികളുടേയും യോഗം ചേര്‍ന്ന് സംരക്ഷണത്തിന് കമ്മിറ്റി രൂപീകരിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങളില്‍ രാത്രിയില്‍ സ്‌റ്റേഡിയത്തിന് ചുറ്റും ശക്തിയേറിയ വെളിച്ച സംവിധാനം ഒരുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.
ഇപ്പോള്‍ സ്‌റ്റേഡിയത്തിനകത്ത് കൃത്രിമ പുല്‍ത്തകിടിക്കിടയില്‍ മധ്യഭാഗത്തും അരികിലെ ഇന്റര്‍ ലോക്കിലും അക്കേഷ്യ മരങ്ങളും കാടും കയറി നാശം വന്നു തുടങ്ങി. പുതിയ വിവിധോദ്ദേശ സ്‌റ്റേഡിയം പണി തുടങ്ങാനിരിക്കെ പൂര്‍ത്തിയായ കളിക്കളം സംരക്ഷണത്തിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഉദ്ഘാടനം നടക്കും മുമ്പ് കോടികളുടെ കളിക്കളം നശിക്കുന്നതില്‍ ആര്‍ക്കും പ്രതികരണമില്ല. എന്നാല്‍ പ്രദേശത്തെ കായിക സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാരും കായിക പ്രേമികളും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment