Latest News

ജയരാജന്‍ രാജിക്കത്ത് കൈമാറിയതായി സൂചന


തിരുവനന്തപുരം: [www.malabarflash.com] ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ.പി. ജയരാജനെതിരെ ത്വരിതപരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചു. മന്ത്രിസ്ഥാനത്തുനിന്ന് ജയരാജന്‍ രാജിവെച്ചേക്കുമെന്നാണ് സൂചനകള്‍. വിജിലന്‍സ് അന്വേഷണത്തിനുനില്‍ക്കാതെ, സ്വയം സന്നദ്ധനായമട്ടിലാകും രാജി. വ്യാഴാഴ്ച രാത്രി  ജയരാജന്‍ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയതായും സൂചനയുണ്ട്.

ത്വരിതപരിശോധന സംബന്ധിച്ച നിയമനടപടികളുടെ വിശദാംശങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. വ്യാഴാഴ്ച മുഖ്യമന്ത്രിയും പാര്‍ട്ടിസെക്രട്ടറിയും പലതട്ടില്‍ കൂടിയാലോചന നടത്തിയെങ്കിലും ജയരാജന്റെ കാര്യത്തില്‍ തീരുമാനമായില്ല. വെള്ളിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ചചെയ്യും.
അതിനിടെ, പൊതുമേഖലാസ്ഥാപനങ്ങളിലെ   നിയമനങ്ങളെക്കുറിച്ചുയര്‍ന്ന ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍  ചീഫ് സെക്രട്ടറി എസ്.എം.  വിജയാനന്ദിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
നിയമനങ്ങളിലെ സ്വജനപക്ഷപാതം തടയാന്‍ നിയമനിര്‍മാണം നടത്താനും തീരുമാനിച്ചു.

തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ യൂണിറ്റ് രണ്ടിനാണ് ജയരാജനെതിരായ അന്വേഷണത്തിന്റെ ചുമതല. വിജിലന്‍സ് എസ്.പി. കെ. ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വ്യാഴാഴ്ച രണ്ടുതവണ നിയമവിദഗ്ധര്‍ വിജിലന്‍സ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി. നിയമോപദേശക സംഘത്തില്‍പ്പെട്ട പി.സി. അഗസ്റ്റിന്‍, ബിജു മനോഹര്‍, ചെറുന്നിയൂര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ജേക്കബ് തോമസുമായി ചര്‍ച്ച നടത്തിയത്.

ബന്ധുനിയമനത്തിനെതിരെ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ജഡ്ജി വിജിലന്‍സ് ഡയറക്ടറുടെ അഭിപ്രായം തേടിയിട്ടുണ്ട്. വെള്ളിയാഴ്ച കേസ് കോടതിയില്‍ വരുന്നുണ്ട്. കോടതിനിര്‍ദേശത്തിന് കാക്കാതെ  സ്വയം അന്വേഷണത്തിന് ഉത്തരവിടാനുള്ള തീരുമാനത്തിലാണ് വിജിലന്‍സ്.ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായസാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ വ്യാഴാഴ്ചരാവിലെ മുഖ്യമന്ത്രിയെ കണ്ടു. മന്ത്രിക്കെതിരായ അന്വേഷണമായതിനാല്‍ എല്ലാവിധത്തിലുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതിനുശേഷമാകും ത്വരിതാന്വേഷണം പ്രഖ്യാപിക്കുക.

നിയമോപദേശത്തിന്റെ വിശദാംശങ്ങള്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിയെയും അറിയിച്ചിട്ടുണ്ട്.
ത്വരിതപരിശോധന നടത്തേണ്ട ഗൗരവം ജയരാജനെതിരായ പരാതികളിലുണ്ടെന്ന് വിജിലന്‍സ് അധികൃതര്‍ക്ക് പ്രാഥമികാന്വേഷണത്തില്‍ത്തന്നെ ബോധ്യപ്പെട്ടിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവരുമാണ് വിജിലന്‍സിനെ സമീപിച്ചത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.