Latest News

87 പേരുടെ കിട്ടാക്കടം 85,000 കോടി രൂപ; 29 പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തളളിയത് 1.14 ലക്ഷം കോടി


ന്യൂഡല്‍ഹി : [www.malabarflash.com] 87 പേരില്‍നിന്നു രാജ്യത്തെ ബാങ്കുകള്‍ക്കുള്ള കിട്ടാക്കടം 85,000 കോടി രൂപ. തിരിച്ചടവില്‍ വീഴ്ച വരുത്തിയവരുടെ പേരുവിവരങ്ങള്‍ റിസര്‍വ് ബാങ്ക് വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി. റിസര്‍വ് ബാങ്ക് സമര്‍പ്പിച്ച വന്‍കിട കടക്കാരുടെ പട്ടിക പരിശോധിച്ചശേഷമാണു കോടതി ഇത്തരത്തില്‍ ആവശ്യപ്പെട്ടത്.

87 പേരെക്കുറിച്ചുള്ള വിശദാംശങ്ങള്‍  മുദ്രവച്ച കവറിലാണ് ആര്‍.ബി.ഐ. കോടതിക്ക് കൈമാറിയത്.  ഇവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ ജനങ്ങളുടെ മുന്നില്‍ എന്തുകൊണ്ടു വെളിപ്പെടുത്തിക്കൂട എന്നു ചോദിച്ച കോടതി  ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്നും അഭിപ്രായപ്പെട്ടു.29 പൊതുമേഖലാ ബാങ്കുകള്‍ മൂന്നു വര്‍ഷത്തിനിടെ കിട്ടാക്കടമായി എഴുതിത്തളളിയത് 1.14 ലക്ഷം കോടി രൂപയാണ്.

സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് കോടതി സ്വമേധയാ കേസെടുക്കുകയും അഞ്ചു വര്‍ഷത്തിനിടെ കിട്ടാക്കടമായി പൊതുമേഖലാ ബാങ്കുകള്‍  എഴുതിത്തള്ളിയതിനെക്കുറിച്ചു വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബാധ്യത വരുത്തിയ പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്ന നിലപാടാണ് ബാങ്കുകള്‍ കോടതിയില്‍ കൈക്കൊണ്ടത്.

സ്വകാര്യത ഉറപ്പുവരുത്തുന്ന നിബന്ധനകള്‍ നിയമത്തിലുണ്ടെന്ന് ആര്‍.ബി.ഐ കോടതിയില്‍ വാദിച്ചു. എന്നാല്‍ പൊതുമേഖല ബാങ്കില്‍നിന്ന് കടം വാങ്ങി തിരിച്ചു നല്‍കാതിരുന്നത് എങ്ങനെ സ്വകാര്യതയാവുമെന്നും ഇതെങ്ങനെ ആര്‍.ബി.ഐയെ ബാധിക്കുമെന്നുമായിരുന്നു കോടതിയുടെ മറുചോദ്യം.    ബാങ്കുകളുടെ താല്‍പര്യത്തിനനുസരിച്ചല്ല രാജ്യതാല്‍പര്യമനുസരിച്ചുവേണം ആര്‍.ബി.ഐ പ്രവര്‍ത്തിക്കാനെന്ന് ജസ്റ്റിസ് ടി. എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

ആരെങ്കിലും വിവരാവകാശ അപേക്ഷയുമായി സമീപിച്ചാല്‍ മറുപടി നല്‍കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വന്‍തുകയുടെ ബാധ്യതയുളളവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന എന്‍.ജി.ഒ ആണ് കോടതിയെ സമീപിച്ചത്. ഇവര്‍ക്കുവേണ്ടി പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ഹാജരായി.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.