Latest News

20 വര്‍ഷമായി പിതാവ് വീടിനുള്ളിലെ ഭൂഗര്‍ഭ അറയില്‍ തടവിലിട്ടിരുന്ന യുവാവിനെ മോചിപ്പിച്ചു


[www.malabarflash.com] ബ്രസീലില്‍ സ്വന്തം പിതാവും രണ്ടാനമ്മയും ചേര്‍ന്ന് വീടിനുള്ളിലെ ഭൂഗര്‍ഭ അറയില്‍ 20 വര്‍ഷമായി തടവിലിട്ടിരുന്ന യുവാവിനെ മോചിപ്പിച്ചു. മയക്കുമരുന്ന് കടത്ത് സംഘത്തിലുള്ളവര്‍ ഒളിച്ച് താമസിക്കുന്നുണ്ടെന്ന സംശയത്തില്‍ ഈ വീട് പരിശോധിക്കാനെത്തിയ ബ്രസീലിയന്‍ പോലീസ് യാദൃശ്ചികമായിട്ടാണ് 36കാരനായ ആര്‍മാന്‍ഡോ ആന്‍ഡ്രഡിനെ കണ്ടെത്തിയത്. ഈ ശോചനീയമായ മുറിയില്‍ ഇയാള്‍ 20 വര്‍ഷങ്ങള്‍ അതിജീവിച്ചുവെന്നത് തികച്ചും അത്ഭുതകരമാണെന്നും പോലീസ് അഭിപ്രായപ്പെടുന്നു.

ആന്‍ഡ്രഡിന്റെ അച്ഛനായ അമാന്‍സിയോ ഈ ആരോപണങ്ങളെ നിഷേധിക്കുകയാണ് ചെയ്യുന്നത്. തന്റെ മകന്‍ വീട് വിട്ട് പോവുകയായിരുന്നുവെന്നും കഴിഞ്ഞയാഴ്ചയാണ് മടങ്ങിയെത്തിയതെന്നും പിതാവ് പറയുന്നു. മയക്കുമരുന്നുപയോഗത്തില്‍ നിന്നും മോചിതനാകുന്നത് വരെ തന്നെ കെട്ടിയിടാന്‍ മകന്‍ തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും പിതാവ് പറയുന്നു. ആന്‍ഡ്രഡ് നിലവില്‍ പ്രാദേശിക ആശുപത്രിയില്‍ സൈക്യാട്രിക് വാര്‍ഡിലാണ്. സംസാരിക്കാന്‍ ഇയാള്‍ വളരെ ബുദ്ധിമുട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

16 വയസുള്ളപ്പോഴായിരുന്നു ആന്‍ഡ്രഡിനെ കാണാതായിരുന്നത്. വീടിന് അടിയില്‍ പ്രത്യേകം സജ്ജമാക്കിയ ചെറിയതും ജനലുകളില്ലാത്തതുമായ മുറിയില്‍ കിടക്കയില്‍ ചേര്‍ത്ത് കെട്ടിയ നിലയിലായിരുന്നു ആന്‍ഡ്രഡിനെ പോലീസ് കണ്ടെത്തിയത്. തലമുടിയും താടിരോമങ്ങളും നഖങ്ങളും നീണ്ട് തീര്‍ത്തും വികൃതവും വൃത്തിഹീനവുമായ രൂപത്തിലായിരുന്നു യുവാവ് കാണപ്പെട്ടിരുന്നത്. കൂടാതെ വേണ്ടത്ര ഭക്ഷണമോ വെള്ളമോ നല്‍കാതിരുന്നതിനാല്‍ മൃതപ്രായനുമായിരുന്നു. മുറിയിലാകട്ടെ തീരെ പ്രകാശം പോലുമില്ലായിരുന്നു. മുറിയുടെ നിലമാകട്ടെ മലമൂത്രവിസര്‍ജനത്തില്‍ കണ്ടാലറയ്ക്കുന്ന വിധത്തില്‍ വൃത്തിഹീനവുമായിരുന്നു.

തങ്ങള്‍ യുവാവിനെ യാദൃശ്ചികമായി കണ്ടെത്തിയ നിമിഷത്തില്‍ അദ്ദേഹം എഴുന്നേല്‍ക്കുകയും ഒരു വാക്ക് പോലും പറയാനാവാതെ നില്‍ക്കുകയും ചെയ്തിവെന്നാണ് പോലീസ് ചീഫായ സെല്‍സോ മാര്‍ചിയോറി വെളിപ്പെടുത്തുന്നത്. വെളിച്ചത്തുകൊണ്ട് വന്നിട്ടും അയാള്‍ ഒരക്ഷരം പോലും പറഞ്ഞിരുന്നില്ലെന്നും പൊലീസ് വെളിപ്പെടുത്തുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ വൃത്തിഹീനമായ മുറിയില്‍ ഇയാള്‍ 20 വര്‍ഷങ്ങള്‍ അതിജീവിച്ചുവെന്നത് തികച്ചും അത്ഭുതകരമാണെന്നും പോലീസ് അഭിപ്രായപ്പെടുന്നു.

ആന്‍ഡ്രഡിനെ 16ാം വയസില്‍ കാണാതായെന്നാണ് പിതാവും കൂട്ടരും പ്രചരിപ്പിച്ചിരുന്നതെന്നും തങ്ങള്‍ അത് വിശ്വസിക്കുകയായിരുന്നുവെന്നുമാണ് സൗത്ത് ഈസ്റ്റ് ബ്രസീലിലെ സാവോപോളോയിലെ ഗ്വാറുല്‍ഹോസ് ജില്ലയിലെ ഇയാളുടെ വീടിനടുത്തുള്ളവര്‍ പ്രതികരിച്ചിരിക്കുന്നത്. ആന്‍ഡ്രഡ് ബ്രസീലിലെ മറ്റൊരു ഭാഗത്തേക്ക് പോയെന്നും അവിടെ സുഖമായിരിക്കുന്നുവെന്നുമായിരുന്നു പിതാവും മറ്റും വെളിപ്പെടുത്തിയിരുന്നത്. തങ്ങള്‍ ആന്‍ഡ്രഡിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ അയാള്‍ നോര്‍ത്ത് ഈസ്റ്റ് ബ്രസീലില്‍ സുഖമായിരിക്കുന്നുവെന്നാണ് പിതാവ് എപ്പോഴും പറയാറുള്ളതെന്നാണ് ആന്‍ഡ്രഡിന്റെ ബാല്യകാലസുഹൃത്തായ എന്‍ഡേര്‍സന്‍ സില്‍വ വെളിപ്പെടുത്തുന്നത്.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.