റിയാദ്: [www.malabarflash.com] സുഹൃത്തിനെ കൊലപ്പെടുത്തിയതിനു കഴിഞ്ഞയാഴ്ച വധശിക്ഷയ്ക്കു വിധേയനായ സൗദി രാജകുമാരന്‍ തന്റെ അവസാന മണിക്കൂറുകള്‍ ചെലവഴിച്ചത് കുടുംബാംഗങ്ങള്‍ക്കൊപ്പം. ഒക്ടോബര്‍ 17ന് അസര്‍ നിസ്‌കാരത്തിന് ശേഷമാണ് റിയാദില്‍വെച്ച് അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പിലാക്കിയത്. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് തന്റെ കുടുംബാംഗങ്ങളോടും സ്‌നേഹിതരോടുമൊപ്പം അദ്ദേഹം ചെലവഴിച്ചത്. പിന്നീട് ഇവരോട് യാത്ര പറഞ്ഞാണ് അദ്ദേഹം മടങ്ങിപ്പോയത്.
റിയാദ് അല്‍ സഫാ ജുമുഅ മസ്ജിദിലെ ഇമാമും ഖതീബുമായ ഡോക്ടര്‍ മുഹമ്മദ് അല്‍ മസ്‌ലൂഖി പറയുന്നു: വിധി നടപ്പാക്കുന്ന ചൊവ്വാഴ്ചക്കു മുമ്പുള്ള തിങ്കളാഴ്ച്ച വൈകുന്നേരം പ്രതിഫലനം ഉണ്ടാക്കുന്ന രംഗങ്ങള്‍ക്കാണ് ജയില്‍ സാക്ഷ്യം വഹിച്ചത്. പ്രതി രാത്രി നമസ്‌കാരത്തില്‍ മുഴുകി. ശേഷം പ്രഭാതം വരെ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകി. ആ ഖുര്‍ആന്‍ പാരായണം ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ജയില്‍ അധികൃതര്‍ കൂട്ടികൊണ്ടു പോകുംവരെ നീണ്ടു നിന്നു. മരണത്തിനു മുമ്പ് അവസാന വസിയ്യത് രേഖപ്പെടുത്താനുള്ള സമയം. പ്രതിക്ക് അതിനു തന്റെ കൈ കൊണ്ട് എഴുതാന്‍ സാധിച്ചില്ല. അതിനാല്‍ പകരം അത് മറ്റൊരാള്‍ ആണ് രേഖപ്പെടുത്തിയത്. പിന്നീട് കുളിച്ചു ശുദ്ധിയായി.
പകല്‍ 11 മണിയോടെ സഫായിലെ വിധി നടപ്പാക്കുന്ന സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി. ആ രംഗത്തിനു സാക്ഷികളായി അവിടെ പത്തോളം പ്രിന്‍സുമാര്‍ ഹാജരുണ്ടായിരുന്നു. വധിക്കപ്പെട്ട ആളുടെ കുടുംബമായ അല്‍ മുഹൈമീദ് കുടുംബത്തിലെ ഉന്നതരും അവിടെ ഹാജരുണ്ടായിരുന്നു. അവര്‍ കൊലചെയ്യപ്പെട്ട ആദില്‍ മുഹൈമീദിന്റെ പിതാവ് സുലൈമാന്‍ മുഹൈമീദിനോട് പ്രതിക്ക് വിട്ടുവീഴ്ച ചെയ്ത് മാപ്പുകൊടുക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടേയിരുന്നു.
പക്ഷെ പിതാവ് ഒരു നിലക്കും മാപ്പുകൊടുക്കാന്‍ തയ്യാറായില്ല. പ്രതിക്രിയ നടപ്പാക്കുന്ന കാര്യത്തില്‍ അയാള്‍ ഉറച്ചു നിന്നു. ദൃക്‌സാക്ഷിയായ ഇമാം തുടരുന്നു: വധിക്കപ്പെട്ട ആദില്‍ മുഹൈമീദിന്റെ പിതാവിന്റെ കയ്യില്‍ ആ സമയം ആസ്ഥലത്തുവെച്ചു നൂറുക്കണക്കിന് മില്യണ്‍ റിയാലുകള്‍ വെച്ചുകൊടുത്തിട്ടു ശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ പ്രതിക്ക് മാപ്പു കൊടുക്കണം എന്ന് അപേക്ഷിച്ചു. അയാള്‍ അതെല്ലാം നിഷേധിച്ചു. അല്ലാഹുവിന്റെ വിധി നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടു.
ളുഹ്ര്‍ നമസ്‌കാര ശേഷം പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ കൊല്ലപ്പെട്ടയാളുടെ പിതാവിനെ സമീപിച്ചു പ്രതിക്ക് മാപ്പു കൊടുക്കണം എന്ന് അപേക്ഷിച്ചു പ്രതിക്ക് വേണ്ടി ശുപാര്‍ശ ചെയ്തു. അപ്പോഴും പിതാവ് ശിക്ഷ നടപ്പാക്കണം എന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. അസര്‍ നമസ്‌കാര ശേഷം 4. 13 നു ആരാച്ചാര്‍ തന്റെ വാളുമായി വരുകയും വിധി നടപ്പിലാക്കുകയും ചെയ്തു. ഭാവഭേദമേതുമില്ലാതെ വധിക്കപ്പെട്ടയാളുടെ പിതാവ് സംഭവത്തിന് ദൃക്‌സാക്ഷിയായി. അവിടെ ഹാജരായിരുന്നവരുടെ നടുവിലേക്ക് കരച്ചിലടക്കിപ്പിടിക്കാന്‍ കഴിയാത്ത വിധത്തില്‍ പ്രതിയുടെ പിതാവ് കടന്നു വന്നത് ആ സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ നൊമ്പരപ്പെടുത്തി.
നിയമത്തിനു മുന്നില്‍ രാജ്യത്തെ എല്ലാവരും തുല്യരാണെന്ന് തെളിയിച്ചുകൊണ്ട് രാജകുടുംബാംഗത്തെ വധശിക്ഷയ്ക്ക് വിധേയനാക്കിയ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് രാജ്യാന്തര തലത്തില്‍ അഭിനന്ദന പ്രവാഹമായിരുന്നു. സൗദിയുടെ 40 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായി രാജകുടുംബാംഗത്തെ വധശിക്ഷയ്ക്ക് വിധേയനാക്കിയ സല്‍മാന്‍ രാജാവിനെ അഭിനന്ദിച്ചവരില്‍ രാജ്യാന്തര മാധ്യമങ്ങളും ഉള്‍പ്പെടുന്നു. സംഘട്ടനത്തിനിടെ ഒരു സ്വദേശിയെ വെടിവെച്ചു കൊന്ന തുര്‍ക്കി ബിന്‍ സഊദ് രാജകുമാരനെയായിരുന്നു സൗദിയില്‍ വധശിക്ഷക്ക് വിധേയനാക്കിയത്. രാജകുമാരന് മാപ്പു നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് അദ്ദേഹത്തിന്റെ കുടുംബം കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നു. ഇവര്‍ക്ക് നഷ്ടപരിഹാരമായി വന്‍തുകയും വാഗ്ദാനം ചെയ്തു. എന്നാല്‍ ഈ നീക്കങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് രാജകുമാരനെ വധിച്ചത്.
ഈ സംഭവത്തില്‍ സല്‍മാന്‍ രാജാവിന് സ്വദേശികളുടെ അഭിനന്ദന പ്രവാഹമാണെന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമീര്‍ തുര്‍ക്കിയുടെ വിഷയത്തിലുണ്ടായ പ്രതിക്രിയ നടപടി സൗദിയുടെ 40 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും അമീറുമാര്‍ക്കിടയില്‍ ഇത്തരം നടപടികള്‍ ഉണ്ടാവില്ലെന്ന വ്യാപകമായ പ്രചരണത്തെ, വധശിക്ഷാ നടപടി തിരുത്തുന്നതാണെന്നും സൗദിയില്‍ ജുഡീഷ്യല്‍ സംവിധാനം സുതാര്യമാണെന്ന് തെളിയിക്കുന്നതാണെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
സൗദിയിലെ നിയമത്തിലും നീതിയിലും വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ല. സല്‍മാന്‍ രാജാവിന്റെ നിശ്ചയദാര്‍ഢ്യത്തിലും ഉറച്ച നിലപാടിലും ജനങ്ങളുടെ പിന്തുണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
നീതി നടപ്പാക്കുക എന്നത് ഭരണത്തിന്റെ അടിത്തറയാണെന്നും അത് ഏത് തറവാട്ടില്‍ പിറന്നവര്‍ക്കും ബാധകമാണെന്നും സൗദിയിലെ കോടീശ്വരനായ അമീര്‍ വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ ട്വീറ്റ് ചെയ്തു. 'ബുദ്ധിയുള്ളവരേ, നിശ്ചയം നിങ്ങള്‍ക്ക് പ്രതിക്രിയയില്‍ ജീവന്‍ സംരക്ഷിക്കലുണ്ട്' എന്ന ഖുര്‍ആന്‍ വചനം അമീര്‍ വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ തന്റെ ട്വീറ്റില്‍ ഉദ്ധരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ക്കും വധശിക്ഷയ്ക്ക് വിധേയരായര്‍ക്കും ദൈവം കരുണ ചെയ്യട്ടെ എന്ന് അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഇതിനിടെ രാജകുമാരന്റെ മൃതദേഹം എന്ന വിശേഷണത്തോടെ നിരവധി ചിത്രങ്ങള്‍ ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇതൊന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം ആരും സ്ഥിരീകരിച്ചിട്ടില്ല. രാജകുടുംബത്തിലെ പ്രമുഖ ശാഖയില്‍ പെട്ടയാളായിരുന്നു വധശിക്ഷയ്ക്ക് വിധേയനായ തുര്‍ക്കി രാജകുമാരനെന്ന് സൗദി രാജകുടുംബാംഗം ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് ന്യൂയോര്‍ക്ക് ടൈംസിനോട് വെളിപ്പെടുത്തി. എന്നാല്‍, ഇദ്ദേഹം സൗദി സിംഹാസനത്തിന് അര്‍ഹനാകുന്ന ശാഖയിലായിരുന്നില്ല ഉണ്ടായിരുന്നതെന്നും ഫൈസല്‍ രാജകുമാരന്‍ വെളിപ്പെടുത്തി. തുര്‍ക്കി രാജകുമാരനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ആഭ്യന്തരമന്ത്രാലയമോ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയോ പുറത്തുവിട്ടിട്ടില്ല.
കടപ്പാട്: റിപ്പോര്‍ട്ടര്‍ ലൈവ്
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment