Latest News

അമ്മയുടെ കണ്‍മുന്നില്‍ മകന്‍ പിതാവിനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു


മുളന്തുരുത്തി: മദ്യലഹരിയില്‍ മകന്‍ പിതാവിനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു. വെളിയനാട് പടിഞ്ഞാറേ പോത്തന്‍കുടിലില്‍ വീട്ടില്‍ ഷിബു(44) ആണു പിതാവ് തങ്കപ്പനെ(72) കല്ലുകൊണ്ടു തലയ്ക്കിടിച്ചു കൊന്നത്. കഴിഞ്ഞദിവസം രാത്രി ഏഴിനു വീട്ടില്‍വച്ചായിരുന്നു സംഭവം.

മദ്യലഹരിയിലെത്തിയ ഷിബു മുറ്റത്തുനിന്ന പിതാവുമായി വഴക്കുണ്ടാക്കി. വാക്കുതര്‍ക്കം രൂക്ഷമായപ്പോള്‍ ഷിബു മുറ്റത്തു കിടന്ന പട്ടിക എടുത്ത് പിതാവിന്റെ തലയിലും ശരീരത്തും അടിച്ചു. പിന്നീട് മുറ്റത്തുകിടന്ന കരിങ്കല്ല് എടുത്ത് തലയ്ക്കിടിച്ചു. ഇതോടെ തങ്കപ്പന്‍ ബോധരഹിതനായി നിലത്തുവീണു. ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുന്ന ശബ്ദം കേട്ടു ഷിബുവിന്റെ അമ്മ ജാനകി വീടിനുള്ളില്‍നിന്നും മുറ്റത്തേക്ക് ഇറങ്ങിവന്ന സമയത്താണു ഭര്‍ത്താവിനെ മകന്‍ കല്ലുകൊണ്ട് ഇടിച്ചു വീഴ്ത്തുന്നതു കണ്ടത്.

ജാനകിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി തങ്കപ്പനെ ആരക്കുന്നം എ.പി. വര്‍ക്കി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

വസ്തു സംബന്ധമായ അവകാശം വേണമെന്നാവശ്യപ്പെട്ടു ഷിബു സ്ഥിരം മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്ന് അയല്‍വാസികളും പറയുന്നു. കൂലിപ്പണിക്കാരനായ ഷിബു അവിവാഹിതനാണ്. മോഷണക്കേസില്‍ ആറ് മാസം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തങ്കപ്പന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ഷിജുവാണ് മറ്റൊരു മകന്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.