തിരുവനന്തപുരം: [www.malabarflash.com] വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത കേസില്‍ അഞ്ച് അഭിഭാഷകരെ അറസ്റ്റ് ചെയ്തു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജിയുള്‍പ്പെടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ആര്‍. രതിന്‍, സുഭാഷ്, അരുണ്‍ പി. നായര്‍, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. എല്ലാവരെയും പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇവര്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു മാധ്യമപ്രവര്‍ത്തകരെ കോടതിവളപ്പില്‍ ആക്രമിച്ചത്. തുടര്‍ന്നു പുറത്തുകാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ നേര്‍ക്ക് കല്ലേറും ഉണ്ടായി.
വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ രണ്ട് അഭിഭാഷകരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊതുവായി ആക്രമണം നടത്തിയതിനാണ് ഇവര്‍ക്കൊപ്പം മറ്റു മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.
ഇ.പി. ജയരാജന്റെ കേസ് പരിഗണിക്കുന്നതിനിടെ ഒരു സംഘം അഭിഭാഷകരാണ് വനിതകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ വിജിലന്‍സ് കോടതിമുറിക്കുള്ളില്‍നിന്നു ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും ഇറക്കിവിട്ടത്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്ന മുഖ്യമന്ത്രിയുടെയും ചീഫ് ജസ്റ്റിസിന്റെയും ഉറപ്പുകള്‍ക്കിടെയാണ് അഭിഭാഷകര്‍ വീണ്ടും അഴിഞ്ഞാടിയത്.
ജഡ്ജിയുടെയും പൊലീസിന്റെയും മുന്നിലായിരുന്നു അഴിഞ്ഞാട്ടം. പോലീസ് അകമ്പടിയോടെ കോടതിവളപ്പില്‍ നിന്നു പുറത്തിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കോടതി കെട്ടിടത്തിനുള്ളില്‍ നിന്ന് ഇതേ സംഘം പിന്നീടു കല്ലെറിഞ്ഞു. ടിവി ചാനലുകളുടെ ഒബി വാനുകളിലാണു കല്ല് പതിച്ചത്. പിടിഐ ലേഖകന്‍ ജെ. രാമകൃഷ്ണന്‍, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാത് എന്നിവരെ കോടതിമുറിക്കുള്ളില്‍നിന്നു ബലംപ്രയോഗിച്ചു പുറത്താക്കിയിരുന്നു. അതിലൊരാളെ കയ്യേറ്റവും ചെയ്തിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment