കാഞ്ഞങ്ങാട്: [www.malabarflash.com]നവംബർ 2,3,4 തീയ്യതികളിൽ കാഞ്ഞങ്ങാട് നടക്കുന്ന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ 11ാമത് സംസ്ഥാന സമ്മേളനം ജില്ലയിലെ സ്ത്രീമുന്നേറ്റത്തിന് വേദിയാവുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .
ജില്ലയിൽ ആദ്യമായി നടക്കുന്ന സമ്മേളനം ചരിത്രസംഭവമാക്കാനുള്ള പ്രവർത്തനത്തിലാണ് ജില്ലയിലെ പ്രവർത്തകർ എർപ്പെട്ടിട്ടുള്ളത്. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 600 പ്രതിനിധികളാണ് മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുക. കേന്ദ്ര നേതാക്കളായ മാലിനി ഭട്ടാചാര്യ, സുധാസുന്ദർരാമൻ, യു. വാസുകി, വിമല, പി. കെ. ശ്രീമതി എം.പി , എം. സി. ജോസഫൈൻ, മന്ത്രി കെ. കെ. ഷൈലജ എന്നിവർ മൂന്ന് ദിവസവും സമ്മേളനത്തിൽ സംബന്ധിക്കും.
പ്രതിനിധി സമ്മേളനം നവംബർ രണ്ടിന് രാവിലെ 10ന് ആകാശ് ഓഡിറ്റോറിയത്തിലെ എം. ജയലക്ഷ്മി നഗറിൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സുഭാഷിണി അലി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് സമാപനം കുറിച്ച് നവംബർ നാലിന് മൂന്നിന് കാൽലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന പ്രകടനവും തുടർന്ന് പുതിയകോട്ടയിലെ ശ്യാമിലി ഗുപ്ത നഗറിൽ പൊതുസമ്മേളനവും നടക്കും.
പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പി. കരുണാകരൻ എം.പി ചെയർമാനും , ഇ. പത്മാവതി ജനറൽ കൺവീനറുമായി 1001 അംഗങ്ങളടങ്ങിയ സംഘാടകസമിതിയുടെ നേതൃത്വത്തിൽ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിലെമ്പാടും നടന്നുവരികയാണ്.
ജില്ലയിലെ 1500 യൂണിറ്റുകളിൽ പ്രാദേശിക സംഘാടകസമിതികൾ രൂപീകരിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ ഒരുലക്ഷം വീടുകളിൽ സംഘടനാ പ്രവർത്തകർ സന്ദർശനം നടത്തി സമ്മേളനത്തിന്റെ സന്ദേശം എത്തിച്ചു. ജില്ലയിലെ 125 കേന്ദ്രങ്ങളിൽ പെൺപെരുമ എന്ന പരിപാടി സംഘടിപ്പിക്കും. പരിപാടിയുടെ 'ഭാഗമായി 'അടുക്കള, അരങ്ങ്, തൊഴിൽ കേന്ദ്രം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ ഭാഗമായി 12ന് കാഞ്ഞങ്ങാട് നഗരത്തിൽ വർണമഴ ഒരുക്കും.
സംഗീതവിരുന്നിന്റെ പശ്ചാലതലത്തിലാവും ജില്ലയിലെ ചിത്രകാരന്മാരും ചിത്രകാരികളും ക്യാൻവാസിൽ ചിത്രരചന നടത്തി വർണമഴ ഒരുക്കുക. ഒക്‌ടോബർ 12 മുതലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സെമിനാറുകളും സാംസ്‌കാരിക പരിപാടികളും കായിക മത്സരങ്ങളും ആരംഭിക്കുക. ഇതിന്റെ അനുബന്ധമായി മെഡിക്കൽ ക്യാമ്പുകളും, കസേരക്കളി, കമ്പവലി, നാടൻ പാട്ട്, നെല്ല് കുത്തൽ, ഓലമെടയൽ, ചൂൽ നിർമ്മാണം, തെരിയ കെട്ടൽ, അടുക്കള ക്വിസ്, അടുക്കള ഗാനമേള, പഞ്ചഗുസ്തി, മുന്തിരി തീറ്റ, ഹാങ്ങർ തൂക്കൽ, തളയിടൽ തുടങ്ങിയ മത്സരങ്ങളും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സ്ത്രീകളെ ആദരിക്കുകയും ചെയ്യും.
സമ്മേളനത്തിന്റെ ചിലവിലേക്കായി 15,16 തീയ്യതികളിൽ സ്ത്രീകൾ ഗൃഹസന്ദർശനം നടത്തി ഫണ്ട് ശേഖരിക്കും. സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി 23 ന് ജില്ലയിൽ മൂന്ന് ജാഥകൾ പര്യടനം നടത്തും. പ്രവർത്തകർ ശേഖരിച്ച ഫണ്ട് സ്വീകരണ കേന്ദ്രങ്ങളിൽ ഏറ്റുവാങ്ങും. 29,30 തീയ്യതികളിൽ ഉൽപ്പന്ന ശേഖരണവും നടത്തും. ഒക്‌ടോബർ 31 ന് ഉൽപ്പന്ന ശേഖരണ പരിപാടികൾ നടത്തും.
സംഘാടക സമിതി ചെയർമാൻ പി. കരുണാകരൻ എം.പി, ജനറൽ കൺവീനർ ഇ. പത്മാവതി, സി.പി.എം ജില്ലാ സെക്രട്ടറി കെ. പി. സതീഷ് ചന്ദ്രൻ, മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റിയംഗം വി. പി. ജാനകി, ജില്ലാ പ്രസിഡന്റ് എം. സുമതി, സംസ്ഥാന കമ്മിറ്റിയംഗം എം. ലക്ഷ്മി, പി. ശ്യാമള, സുനുഗംഗാധരൻ, കെ. വി. ലക്ഷ്മി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment