Latest News

കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം;പിണറായിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു

കണ്ണൂര്‍:[www.malabarflash.com] പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. പിണറായി സ്വദേശി രമിത് ആണ് മരിച്ചത്. സ്ഥലത്തെ പെട്രോള്‍ പമ്പിന് സമീപത്തു വെച്ചാണ് ഇയാള്‍ക്ക് വെട്ടേറ്റത്. 
പതുങ്ങി നിന്ന് അക്രമി സംഘം രമിത്തിനെ വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ രമിത്തിനെ തലശ്ശേരി സഹകരണ ആുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു.

രമിത്തിന്റെ അച്ഛന്‍ മട്ടന്നൂര്‍ ചാവശ്ശേരിയിലെ ഉത്തമനെ എട്ടു വര്ഷം മുമ്പ് ബസില്‍ നിന്നിറക്കി വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
തിങ്കളാഴ്ച പാതിരിയാട് വാളാങ്കിച്ചാലില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴിച്ചാല്‍ മോഹനന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായുള്ള കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. സംഭവ സ്ഥാലത്ത് കനത്ത പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. 

സി.പി.എം പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.
അതിനിടെ കണ്ണൂരില്‍ അക്രമങ്ങള്‍ വ്യാപിക്കുകയാണ്. പാതിരിയാട്, പടുവിലായി, വളാങ്കിച്ചാല്‍ മേഖലയിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ചൊവ്വാഴ്ച രാത്രി രണ്ട് ബി.ജെ.പി പ്രവര്‍ത്തകുടെ വീടുകള്‍ക്ക് നേരെ ബോംബെറുണ്ടായി. പാതിരിയാട് ലെനിന്‍ സെന്ററിന് സമീപം താമസിക്കുന്ന പവിത്രന്റെ വീടിന് നേരെയും അമൃത സ്‌കൂളിന് സമീപത്ത് താമസിക്കുന്ന രോഷിത് ബാബുവിന്റെ വീടിന് നേരെയുമാണ് ബോംബേറുണ്ടായത്. ബോംബിന്റെ ചീളുകള്‍ തെറിച്ച് പരിക്കേറ്റ പവിത്രന്റെ മകന്‍ സ്വാദി (17)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വളാങ്കിച്ചാലിലെ സുരേന്ദ്രന്റെ ചായക്കട ഒരു സംഘം അഗ്‌നിക്കിരയാക്കി. സുരേന്ദ്രന്റെ പടുവിലായിയിലെ വീടും ആക്രമിച്ചു .പടുവിലാക്കാവിന് സമീപത്തെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കെ.വി. സജേഷിന്റെ വീട് ഒരു സംഘം അടിച്ച് തകര്‍ത്തു. പാതിരിയാട്, കുരിയോട്, ശങ്കരനെല്ലൂര്‍ ഭാഗങ്ങളിലെ എതാനും ബി.ജെ.പി. അനുഭാവികളുടെ വീടുകള്‍ക്ക് നേരെ തിങ്കളാഴ്ച രാത്രി അക്രമം നടന്നിരുന്നു.

ആയുധങ്ങള്‍, കല്ലുകള്‍, നശീകരണ വസ്തുക്കള്‍ എന്നിവ കടത്തുന്നതും സൂക്ഷിക്കുന്നതും പോലീസ് വിലക്കിയിട്ടുണ്ട്. കൂത്തുപറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞയും പ്രഖാപിച്ചിട്ടുണ്ട്. പ്രകടനം, പൊതുയോഗം, ഇരുചക്ര വാഹനങ്ങള്‍ സംഘം ചേര്‍ന്ന് ഓടിച്ച് പോവുന്നത് തുടങ്ങിയവ വിലക്കിയിരിക്കുകയാണ്. 

മോഹനനെ വെട്ടുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ പരിക്കേറ്റ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലുള്ള അശോകന്‍ അപകടനില തരണം ചെയ്തു.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.