തിരുവനന്തപുരം: [www.malabarflash.com] തെരുവുപട്ടികള്‍ കൂട്ടത്തോടെ ആക്രമിച്ച് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവന്‍ (90) മരണമടഞ്ഞു. സര്‍ജിക്കല്‍ ഐ.സി.യുവില്‍ വെന്റിലേറ്ററിലായിരുന്നു രാഘവന്‍.
വീട്ടിലെ സിറ്റൗട്ടില്‍ കിടന്നുറങ്ങിയ രാഘവനെ ബുധനാഴ്ച അതിരാവിലെ നാലഞ്ച് പട്ടികള്‍ കൂട്ടമായി ആക്രമിച്ച് കടിച്ച് പറിക്കുകയായിരുന്നു. മുഖം, തല, കാല് തുടങ്ങിയ ഭാഗത്തെല്ലാം ആഴത്തില്‍ മുറിവേറ്റു. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നിന്നാണ് രാഘവനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. പേവിഷബാധക്കെതിരേയുള്ള കുത്തിവെപ്പുകള്‍ എടുത്ത ശേഷം അത്യാഹിത വിഭാഗത്തില്‍ അടിയന്തിര ചികിത്സ നല്‍കിയിരുന്നു. അതിനുശേഷവും നില കൂടുതല്‍ വഷളായതിനെത്തുടര്‍ന്ന് രാഘവനെ സര്‍ജിക്കല്‍ ഐ.സി.യുവിലേക്ക് മാറ്റി. അബോധാവസ്ഥയിലായിരുന്ന രാഘവന് ബി.പി.യും കുറവായിരുന്നു. അമിതമായ രക്തം നഷ്ടപ്പെട്ടതിനാല്‍ ഒരു കുപ്പി രക്തം നല്‍കി.
ഉച്ചക്ക് 1.20ന് ഹൃദയാഘാതം ഉണ്ടായെങ്കിലും ഡോക്ടര്‍മാര്‍ അത് വിജയകരമായി തരണം ചെയ്തിരുന്നു. ഉച്ചയ്ക്ക് 2.30ന് ഉണ്ടായ രണ്ടാമത്തെ ഹൃദയാഘാതം തരണംചെയ്യാനുള്ള എല്ലാ ശ്രമവും നടത്തിയെങ്കിലും വിജയിച്ചില്ല. ജീവന്‍രക്ഷാ മരുന്നുകളുടെ സഹായത്തോടെ മികച്ച ചികിത്സ നല്‍കിയിരുന്നെങ്കിലും ഉച്ചയ്ക്ക് 2.55 ന് മരണമടയുകയായിരുന്നു. ഐ.സി.യുവിലുള്ള മൃതദേഹം ഉടന്‍ മോര്‍ച്ചറിയിലേക്ക് മാറ്റും. പോസ്റ്റ് മോര്‍ട്ടം നടത്തി വ്യാഴാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ബുധനാഴ്ച പുലര്‍ച്ചെ 4.30 നായിരുന്നു ദാരുണ സംഭവം. രാഘവനെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് അവിടെനിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ തിരുവനന്തപുരത്ത് സ്ത്രീ മരണപ്പെട്ടിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment