Latest News

ഗ്രീന്‍വുഡ് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും വിളവെടുപ്പിന്റെ തിരക്കിലാണ്

ഉദുമ:[www.malabarflash.com] ഗ്രീന്‍വുഡ് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും വിളവെടുപ്പിന്റെ തിരക്കിലാണ്. മാസങ്ങള്‍ക്ക് മുമ്പ് വിത്തു വിതച്ച നെല്‍പ്പാടമാണ് നൂറുമേനിവിളഞ്ഞ് കൊയ്യാന്‍ പാകമായത്.

വിദ്യാലയത്തിനടുത്തുള്ള വിശാലമായ നെല്‍പ്പാടങ്ങള്‍ പലതും കൃഷിചെയ്യാതെ പാഴ് നിലങ്ങളായി കിടക്കുന്ന അവസ്ഥയിലായിരുന്നു. ഇത്തരത്തിലുള്ള കൃഷിചെയ്യാതെ കിടക്കുന്ന നെല്‍പ്പാടങ്ങളില്‍ കൃഷിയിറക്കുന്നതിനെക്കുറിച്ച് ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മാസങ്ങള്‍ക്ക് മുമ്പ് തീരുമാനിക്കുകയായിരുന്നു. 

ടൈയും ഷൂസും അഴിച്ച് കര്‍ഷകന്റെ വേഷം കെട്ടാന്‍ അധ്യാപകരും വിദ്യാര്‍ഥികളും തയ്യാറായി. നെല്‍പ്പാടവും നെല്‍ക്കതിരും ആദ്യമായി കാണുന്നവര്‍ വരെ കൂട്ടത്തില്‍ ഉണ്ടായിരുന്നു,എങ്കിലും നഷ്ടപ്പെട്ടുപോകുന്ന കാര്‍ഷിക സംസ്‌ക്യതി വീണ്ടെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന ദൃഢനിശ്ചയം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. 

കാലവര്‍ഷം ചളിയും വെള്ളവും നിറച്ച പാടത്ത് പുതുതലമുറയുടെ പോരാട്ടം കഠിനമായിരുന്നു. എന്നാല്‍ അനുഭവ സമ്പന്നരായ കര്‍ഷകരുടെയും സ്‌കൂള്‍ അധികാരികളുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ കാര്യങ്ങള്‍ എളുപ്പമാക്കി. 

കൃഷിഭവനില്‍ നിന്ന് സൗജന്യമായി ലഭിച്ച ആതിര, ജയ വിത്തിനങ്ങള്‍ ആണ് 3 മാസങ്ങള്‍കൊണ്ട് കൊയ്യാന്‍ പാകമായത്. വിത്ത് നടല്‍, ഞാറുനടല്‍, കളപറിക്കല്‍, വള മിടല്‍, കൊയ്ത്ത് എന്നിങ്ങനെ ഒരോഘട്ടങ്ങളിലും കുട്ടികളും സ്‌കൂള്‍ അധികാരികളും ഒറ്റക്കെട്ടായി ഇറങ്ങി ഒരേക്കര്‍ ഭൂമിയില്‍ നെല്ല് വിളയിച്ച് കൊയ്ത വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പ്രിന്‍സിപ്പാള്‍ ഡോ. എം രാമചന്ദ്രന്‍ പി.ടി.എ പ്രസിഡന്റ് ജംഷിദ ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ്- തുടങ്ങിയവര്‍ അഭിനന്ദിച്ചു. 

ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ അധ്യാപകരായ ഫാത്തിമത്ത് ഷിറോസിയ, രജനി, മൊയ്തീന്‍ കുഞ്ഞി അബ്ബാസ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി. തുടര്‍പ്രവര്‍ത്തനം എന്ന രീതിയില്‍ ഇവിടെ പച്ചക്കറി കൃഷി തുടങ്ങാന്‍ അധ്യാപകര്‍ ആലോചിക്കുന്നുണ്ട്. കുട്ടികളുടെ കൃഷി കുട്ടിക്കളിയായില്ലെന്നും അത് ഞങ്ങള്‍ക്കും പ്രചോദനമായെന്നും നാട്ടുകാരും മറ്റ് കൃഷിക്കാരും അഭിപ്രായപ്പെട്ടു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.