Latest News

പഞ്ചാബി ഹൗസിലെ നീക്കം ചെയ്ത രംഗം; ഇതാണ് വാസ്തവം


[www.malabarflash.com] റിലീസ് ചെയ്തു 18 വര്‍ഷം പിന്നിടുമ്പോഴും ട്രോളര്‍മാര്‍ ആഘോഷമാക്കുന്ന ഒരു കഥാപാത്രമാണ് മലയാള സിനിമയില്‍.  അന്ന് ഈ കഥാപാത്രം എഴുതിയ തിരക്കഥാകൃത്തുക്കളോ അതിന്റെ സംവിധായകരോ ആ നടനോ ഇത്തരം വലിയൊരു ആഘോഷം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.  പഞ്ചാബി ഹൗസിനേക്കുറിച്ചും അതിലെ കഥാപാത്രം രമണനെക്കുറിച്ചും ഹരിശ്രീ അശോകന്‍....

'പതിനെട്ട് വര്‍ഷം മുമ്പേ റാഫി മെക്കാര്‍ട്ടിന്‍ ആണ് രമണനെ ആദ്യമായി മനസ്സില്‍ കാണുന്നത്.  രമണന്‍ അഭിനയിക്കുന്ന സമയത്തു പോലും വലിയ സംഭവമാകുമെന്ന് തോന്നുന്നില്ല. അത് ജനങ്ങള്‍ ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നുവെന്ന് പറയുമ്പോള്‍ ഒരുപാട് സന്തോഷം. ഈയിടെയാണ് രമണന്‍ ട്രോളുകള്‍ വന്നുതുടങ്ങിയത്. പണ്ടൊക്കെ ചില ഡയലോഗുകള്‍ ആളുകള്‍ പറയാറുന്നത് കാണാറുണ്ടെങ്കിലും ഇതുപോലൊരു സ്വീകാര്യത ഇതാദ്യമാണ്.'

രമണന്റെ ലുക്ക്

റാഫി മെക്കാര്‍ട്ടിന്‍ ആണ് മുടിയുടെ മുമ്പില്‍ ഒരു കിളിക്കൂടും പുറകിലൊരു വാലും വേണമെന്ന് പറയുന്നത്. രമണന്റെ ലുക്കും അവരുടെ ഐഡിയ ആണ്. അവര്‍ പറഞ്ഞത് ഞാന്‍ ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം രമണന്റെ ആ വേഷം പോലും ട്രോളുകളില്‍ നിറയുന്നു. സത്യം പറഞ്ഞാല്‍ ട്രോളുകള്‍ കാണുമ്പോള്‍ സന്തോഷമുണ്ട്. ഇതൊന്നും കാണാന്‍ ഫനീഫ ഇക്ക ഇല്ലെന്നൊരു വിഷമം ഉണ്ട്.

ചിത്രത്തിലെ ഒഴിവാക്കി ആ രംഗം

ഈ കഥ പറയുമ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു ഈ സിനിമ സൂപ്പര്‍ഹിറ്റാകുമെന്ന്. അന്ന് അവര്‍ പറഞ്ഞ ആ കഥയുടെ സുഖം ആ സിനിമ കണ്ടു കഴിഞ്ഞും എനിക്ക് കിട്ടിയിട്ടില്ല. ചിത്രത്തിലെ ചില രംഗങ്ങള്‍ സമയദൈര്‍ഘ്യം മൂലം ഒഴിവാക്കിയിരുന്നു. അതില്‍ ഞാന്‍ കരയുന്നൊരു രംഗമുണ്ട്.

ദിലീപിന്റെ കഥാപാത്രം സംസാരിക്കും എന്ന് രമണന്‍ അറിയുന്നു. ഇത് ചോദിക്കാന്‍ വേണ്ടി ഞാന്‍ ദിലീപിന്റെ അടുത്തെത്തി 'നീ എന്നെ ചതിക്കുവല്ലേടാ' എന്നു പറയുന്നൊരു രംഗമാണ്. ദിലീപിന്റെ കഥാപാത്രം പെട്ടന്ന് എന്നെ രമണാ എന്നു വിളിക്കുന്നു. ഉറ്റചങ്ങാതി തന്നെ പറ്റിച്ചല്ലോ എന്ന സങ്കടത്തില്‍ ഞാന്‍ ദിലീപിനെ തല്ലുന്നു.

ആ വിഷമത്തില്‍ അന്ന് സന്ധ്യയ്ക്ക് കഞ്ഞി കുടിക്കാതെ ഇരിക്കുമ്പോള്‍ ദിലീപ് വന്ന് ചോദിക്കുന്നു രമണാ നിനക്ക് ദേഷ്യമാണോ എന്നു. സ്‌നേഹിച്ചാല്‍ ചങ്കുപറിച്ച് കൊടുക്കുന്നവനാണ് ഈ രമണന്‍, ആ എന്നെ നീ ചതിച്ചു. അങ്ങനെ പറഞ്ഞു കരയുന്നൊരു ഇമോഷണല്‍ രംഗമായിരുന്നു അത്. ദിലീപും അന്നെനിക്ക് ഒരുപാട് പിന്തുണ തന്നിരുന്നു.

അങ്ങനെ ഷൂട്ടിങ് കഴിഞ്ഞ് ഇരിക്കുന്ന ഒരു ദിവസം. ഡബ്ബിങ് ആര്‍ടിസ്റ്റ് സരിത ഈ രംഗം കണ്ട് വിളിച്ച് അഭിനന്ദിച്ചു. അവര്‍ ആ രംഗം എഡിറ്റിങിനിടെ കണ്ടിരുന്നു. ഈ സന്തോഷം ഞാന്‍ സംവിധായകന്‍ റാഫിയെ വിളിച്ചു പറഞ്ഞു. ഇക്കാര്യം പറഞ്ഞതും അദ്ദേഹം പറഞ്ഞു ആ സീന്‍ കട്ട് ചെയ്തു പോകും എന്ന്. അഭിനയിച്ചതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ചോദിച്ചപ്പോള്‍ അതൊന്നും അല്ല ആ സീന്‍ ചിത്രത്തില്‍ ഉണ്ടാകില്ല എന്നാണ് റാഫി പറഞ്ഞത്. ഉടന്‍ തന്നെ ഫോണുംവച്ചു. ആ ദിവസം ഉറങ്ങിയില്ല. പിന്നീട് പടം റിലീസ് ചെയ്ത് സിനിമ കണ്ടപ്പോഴും ആ രംഗം ഇല്ല. പടം കണ്ട് ഇറങ്ങുന്നവരെല്ലാം വിളിച്ച് എന്നെ അഭിനന്ദിക്കുന്നു.

ഇതിനിടെ ഞാന്‍ റാഫിയെ വിളിച്ചു. പടം സൂപ്പര്‍ഹിറ്റായി ഇനിയെങ്കിലും ആ സീന്‍ ചേര്‍ക്കത്തില്ലേ എന്നു ചോദിച്ചു. 'അത്രയും നല്ല കോമഡി ചെയ്യുന്ന ക്യാരക്ടര്‍ എവിടെയെങ്കിലും കണ്ണുനിറഞ്ഞാല്‍ ആ പടത്തിനെ മുഴുവന്‍ ബാധിക്കും. ' ഇതായിരുന്നു റാഫി പറഞ്ഞത്. അതായിരുന്നു അതിന്റെ സത്യം.

ഗോദയിലെ രംഗമൊക്കെ എടുത്ത് പൊലിപ്പിച്ചിരിക്കുന്ന രംഗമാണ്. ഒരുപേടിയും ഇല്ലായിരുന്നു. എന്റെ മനസ്സില്‍ ഈ ചിത്രം സൂപ്പര്‍ഹിറ്റാകുമെന്ന് ഷൂട്ട് ചെയ്യുമ്പോഴേ ഉറപ്പായിരുന്നു.

കാറും ട്രോളും

പുതിയ കാറില്‍ പോകാന്‍ പോലും ചമ്മലാണ്. പഞ്ചാബികളുടെ തുണി അലക്കി അലക്കിയാണ് രമണന്‍ ബിഎംഡബ്ലൂ എടുത്തതെന്ന് ട്രോള്‍ കണ്ടു. പിള്ളേരുടെ നിര്‍ബന്ധം കൊണ്ട് എടുത്തതാണ്. അതില്‍ ഹെല്‍മറ്റ് ധരിച്ച് ഇരുന്നാലോ എന്നുപോലും ആലോചന ഉണ്ട്.

കടപ്പാട്: മനോരമ ഓണ്‍ലൈന്‍


Keywords: Entertainbment News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.