[www.malabarflash.com]കാന്‍സര്‍ രോഗിയായ സഹപാഠിയെ കളിയാക്കിയ മകള്‍ക്ക് ഒരമ്മ കൊടുത്ത ശിക്ഷയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. കാന്‍സര്‍ ബാധിച്ചു മുടി പാടേകൊഴിഞ്ഞ സഹപാഠിയെ കളിയാക്കിയ മകളുടെ മുടിയും അമ്മ വെട്ടിമാറ്റുകയാണുണ്ടായത്. കരഞ്ഞുനിലവിളിക്കുന്ന പെണ്‍കുട്ടിയുടെ മുടി യാതൊരു ദയയുമില്ലാതെ അമ്മ വെട്ടിമാറ്റുന്നത് വിഡിയോയില്‍ കാണാം. കാന്‍സര്‍ രോഗിയായ സഹപാഠിയെ കളിയാക്കിയതിന് അമ്മയുടെ ശിക്ഷ എന്ന ക്യാപ്ഷനോടെയാണു വിഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്.
ഇലക്ട്രിക് റേസര്‍ ഉപയോഗിച്ചാണ് അമ്മ മുടി വെട്ടുന്നത്. ഇതിനിടയില്‍ മകള്‍ കൈകള്‍ കൊണ്ടു മുഖം മറയ്ക്കുകയും അമ്മയെ തടസ്സപ്പെടുത്താനും നോക്കുന്നുണ്ടെങ്കിലും യാതൊരു കൂസലുമില്ലാതെ അമ്മ ഒരു ജോലി ചെയ്തുതീര്‍ക്കുന്നതുപോലെ മുടിവെട്ടി മാറ്റുന്നതു വിഡിയോയില്‍ കാണാം. കഴിഞ്ഞ വര്‍ഷം എടുത്തതെന്ന കരുതപ്പെടുന്ന വിഡിയോ ഇപ്പോഴാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്യപ്പെട്ടത്. അതിനിടെ ഓണ്‍ലൈനില്‍ നഗ്‌നഫോട്ടോകള്‍ പോസ്റ്റു ചെയ്ത മകളോട് അമ്മ ദേഷ്യം തീര്‍ത്തതിന്റെ ദൃശ്യങ്ങളാണ് അതെന്നും വാദമുയര്‍ന്നിട്ടുണ്ട്.
എന്തുതന്നെയായാലും അമ്മയുടെ കൃത്യത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപേര്‍ മുന്നോട്ടു വന്നിട്ടുണ്ട്. മകള്‍ ചെയ്ത കുറ്റം എന്തായാലും അതിനോട് ഒരമ്മ പ്രതികരിക്കേണ്ട രീതി ഒരിക്കലും ഇതായിരുന്നില്ലെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. അതേസമയം ഇത്തരത്തിലുള്ള ശിക്ഷ നല്‍കിയതുകൊണ്ട് ഇനി അവള്‍ ആ തെറ്റ് ആവര്‍ത്തിക്കില്ലെന്നും മുടി വീണ്ടും വളരുന്നതാണെന്നും പറഞ്ഞവരും കുറവല്ല.
Keywords: Video, Life News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment