Latest News

കല്ലാങ്കുഴി ഇരട്ടക്കൊല: ജാമ്യം റദ്ദാക്കിയ രണ്ടുപേര്‍ വീണ്ടും പിടിയില്‍

മണ്ണാര്‍ക്കാട്:[www.malabarflash.com] കാഞ്ഞിരപ്പുഴ കല്ലാങ്കുഴി ഇരട്ട കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം കോടതി ജാമ്യംറദ്ദാക്കിയ അഞ്ചംഗസംഘത്തിലുള്‍പ്പെട്ട രണ്ടുപേരെ വീണ്ടും പോലീസ് പിടികൂടി. 
ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് ഇവരുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നത്. രണ്ടാംപ്രതി തൃക്കള്ളൂര്‍ കല്ലാങ്കുഴി കാരൂക്കില്‍വീട്ടില്‍ നൗഷാദ് (പാണ്ടിനൗഷാദ്-28), 19-ാംപ്രതി പലയക്കോടന്‍ സലീം (35) എന്നിവരെയാണ് ഏര്‍വാടിയില്‍നിന്ന് മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റുചെയ്തത്.


2013ന് നവംബര്‍ 20നാണ് കേസിനാസ്​പദമായ സംഭവം. കല്ലാങ്കുഴി പള്ളത്ത്വീട്ടില്‍ നൂറുദ്ദീന്‍ (40), നൂറുദ്ദീന്റെ സഹോദരന്‍ ഹംസ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരന്‍ കുഞ്ഞുമുഹമ്മദിന് സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതകക്കുറ്റവും കൊലപാതകശ്രമവുമുള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുള്‍പ്പെടുത്തി പോലീസ് കേസെടുത്തിരുന്നത്.

മൊത്തം 27പേരാണ് ഇരട്ടക്കൊലപാതക കേസിലുള്ളത്. ഇതില്‍ എല്ലാവരെയും പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു.

ഇവര്‍ക്കെല്ലാം ജാമ്യംകിട്ടി. ഇതില്‍ അഞ്ചുപേരാണ് ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ടുള്ള മറ്റ് ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ടിരുന്നത്. തുടര്‍ന്ന് സംഘം ഒളിവില്‍പ്പോയിരിക്കയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊലപാതകക്കേസിനുപുറമെ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നതിന് രണ്ട് കേസുകൂടി മണ്ണാര്‍ക്കാട്, കല്ലടിക്കോട്‌ േപാലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

സെഷന്‍സ് കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് അഞ്ച് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്. തുടര്‍ന്ന്, ഇവരെ പിടികൂടി ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും സെഷന്‍സ് കോടതിയുടെ തീരുമാനം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സംഘത്തിലുള്‍പ്പെട്ട പന്ത്രണ്ടാംപ്രതിയായ പാലക്കാപറന്പില്‍ ഇസ്മായിലിനെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.

ബാക്കി നാലുപേരില്‍ രണ്ടുപേര്‍ ഏര്‍വാടിയിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ്സംഘം ഏര്‍വാടിയിലെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അഞ്ചംഗസംഘത്തിലെ മറ്റ് രണ്ടുപേരും ഇപ്പോള്‍ വിദേശത്താണ്. ഇവരെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.