[www.malabarflash.com] ഓണച്ചിത്രങ്ങള്‍ തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഈ ചിത്രങ്ങളുടെ ആരവങ്ങള്‍ നിലയ്ക്കും മുമ്പേയാണ് പൂജയുടെ അവധിക്ക് കൊഴുപ്പുകൂട്ടാനായി പുതിയ ഒരുപിടി ചിത്രങ്ങളെത്തുന്നത്. സൂപ്പര്‍താര ചിത്രങ്ങളും യുവതാരങ്ങളുടെ ചിത്രങ്ങളും വെള്ളിയാഴ്ച റിലീസ് ചെയ്യുന്നവയിലുണ്ട്.
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രവും മമ്മൂട്ടി ചിത്രവും നാളെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ലാലിന്റെ പുലിമുരുകന്‍ കാടിന്റെ പശ്ചാത്തലത്തിലാണ് കഥപറയുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് പുലിമുരുകന്‍ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗോപീസുന്ദര്‍ ഈണമിട്ട ഗാനവും ശ്രദ്ധേയമായിക്കഴിഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അച്ചായന്‍ വേഷത്തിലെത്തുന്ന ചിത്രമണ് തോപ്പില്‍ ജോപ്പന്‍. ആന്‍ഡ്രിയ ജെറേമിയ, മംമ്താ മോഹന്‍ദാസ് എന്നിവരാണ് നായികമാര്‍. നജീം കോയ തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോണി ആന്റണിയാണ്. നിര്‍മാണം നൗഷാദ് ആലത്തൂര്‍.
പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട തര്‍ക്കം കൊണ്ട് ചിത്രത്തിന്റെ റിലീസ് കോടതി സ്റ്റേ ചെയ്തത് ആരാധകര്‍ക്ക് അല്‍പ്പം നിരാശ സമ്മാനിച്ചിരുന്നു. എന്നാല്‍ ചിത്രത്തിനുണ്ടായിരുന്ന സ്റ്റേ വ്യാഴാഴ്ച എറണാകുളം ജില്ലാ കോടതി നീക്കിയതോടെ ചലച്ചിത്ര പ്രേമികളുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്.
രമണിയേച്ചിയുടെ നാമത്തില്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ തോമസ്-ലിജു തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് കവി ഉദ്ദേശിക്കുന്നത്. ആസിഫ് അലിയും ബിജുമേനോനുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുത്. തോമസ് മാര്‍ട്ടിന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം നിര്‍മിക്കുന്നത് ആസിഫ് അലിയും സജിന്‍ ജാഫറും ചേര്‍ന്നാണ്. ഒക്ടോബര്‍ 8നാണ് കവി ഉദ്ദേശിച്ചത് തിയ്യറ്ററുകളിലെത്തുന്നത്.
രണ്ട് അന്യഭാഷാ ചിത്രങ്ങളും വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്നുണ്ട്. ശിവാ കാര്‍ത്തികേയന്‍ നായകനാവുന്ന റെമോയും പ്രഭുദേവ-തമന്ന ടീമിന്റെ ദേവിയും.
ശിവാ കാര്‍ത്തികേയന്‍ സ്ത്രീ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് റെമോ. കീര്‍ത്തി സുരേഷാണ് നായിക. ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധാണ്. സംവിധായകന്‍ കെ.എസ്.രവികുമാറും റെമോയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
നീണ്ട ഇടവേളയ്ക്ക ശേഷം പ്രഭുദേവ നായകനായെത്തുന്ന ചിത്രമായ ദേവിയും വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്നുണ്ട്. തമന്ന, സോനു സൂദ് എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം ഹൊറര്‍ പശ്ചാത്തലത്തിലുള്ളതാണ്. എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പ്രചാരണപരിപാടികള്‍ക്കായി ദേവി ടീം കേരളത്തിലും എത്തിയിരുന്നു.
ഏതായാലും ഓണത്തിന് തൊട്ടുപിന്നാലെ സിനിമാ പ്രേമികള്‍ക്ക് സന്തോഷിക്കാനും ആവേശം കൊള്ളാനും പോന്ന ചിത്രങ്ങളാണ് പൂജയോടടുപ്പിച്ച് എത്തുന്നത്.
Keywords: Thoppil Joppan, Entertainment News, Entertainment, film, film news, Mammootty, Mohanlal, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment