Latest News

നാലു വയസുകാരിയുടെ മരണം കൊലപാതകം; ബന്ധുവായ സ്ത്രീ അറസ്റ്റില്‍

തൃശൂര്‍:[www.malabarflash.com] പുതുക്കാട് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നാലു വയസുള്ള പെണ്‍കുട്ടിയെ അമ്മയുടെ പിതൃസഹോദരി കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചു. 

വീട്ടുകാരോടുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് കുട്ടിയെ പുഴയിലെറിഞ്ഞ് കൊന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കുറ്റം സമ്മതിച്ച തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ഷൈലജയെ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി രജിത്തിന്റെയും തൃശൂര്‍ പുതുക്കാട് സ്വദേശിനി നീഷ്മയുടെയും നാലു വയസുള്ള മകള്‍ മേബയാണ് കൊല്ലപ്പെട്ടത്. മേബയുടെ അമ്മ നീഷ്മയുടെ അച്ഛന്റെ സഹോദരിയും ഒല്ലൂര്‍ സ്വദേശിനിയുമായ ഷൈലജയാണ് അറസ്റ്റിലായത്. നീഷ്മയുടെ പുതുക്കാട്ടെ വീട്ടില്‍ വച്ച് വ്യാഴാഴ്ചയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയും പിന്നീട് വീടിനു സമീപത്തെ പുഴയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു.

മരണത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ പരാതി നല്‍കി. ഷൈലജയുടെ പെരുമാറ്റത്തില്‍ അസ്വാഭാവിത കണ്ട പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകം തെളിയുകയായിരുന്നു. ഷൈലജയുടെ വഴിവിട്ട ജീവിതരീതി മൂലം കുടുബക്കാരാരും അടുപ്പം കാട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം സഹോദരന്‍ മരിച്ചപ്പോഴും പലകാര്യങ്ങളിലും ഒറ്റപ്പെടുത്തി. ഇതിലുള്ള വൈരാഗ്യം മൂലമാണ് കുട്ടിയെ കൊന്നതെന്നാണ് ഷൈലജ നല്‍കിയിരിക്കുന്ന മൊഴി.

വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുട്ടിയെ എടുത്ത് പുഴയിലേക്ക് പോവുകയും ആഴമുള്ള ഭാഗത്തേക്ക് എറിഞ്ഞെന്നുമാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയം വീട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ഷൈലജയുടെ വസ്ത്രങ്ങള്‍ നനഞ്ഞിരുന്നതും സംശയം വര്‍ധിക്കാനിടയാക്കിയിരുന്നു. 

ചാലക്കുടി ഡിവൈഎസ്പിപി വാഹിദ്, പുതുക്കാട് സിഐ എസ്.പി. സുധീരന്‍, എസ്‌ഐ വി.സജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.