Latest News

പഠന കാലത്ത് ഉദുമയില്‍ നിന്ന് കാസര്‍കോട്ടേക്ക് നിത്യവും നടന്നു; നടത്തത്തില്‍ ദേശീയ താരമായി

ഉദുമ:[www.malabarflash.com] ഉദുമ ആറാട്ടുകടവിലെ വസതിയില്‍ നിന്നും കാസര്‍കോട് ഗവ. കോളേജിലേക്ക് നിത്യവും നടന്ന് പോകുക എന്നത് വേലായുധന്‍ നമ്പ്യാരുടെ വിനോദമായിരുന്നു.
ആ നടത്തം അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ പദവിയിലേക്കും പിന്നീട് ദേശീയ ചാമ്പ്യന്‍ പദവിയിലേക്കും.

കാസര്‍കോട് ഗവ. കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കി കോഴിക്കോട് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടിയ വേലായുധന്‍ നമ്പ്യാര്‍ കോളേജ് പഠന കാലത്ത് അറിയപ്പെടുന്ന കായികതാരം കൂടിയായിരുന്നു. പഠന രംഗത്തും പാഠ്യേതര വിഷയത്തിലും ഒരുപോലെ മികവ് തെളിയിച്ച ശേഷമാണ് അദ്ദേഹം വക്കീല്‍ ഗൗണ്‍ അണിഞ്ഞത്. കാഞ്ഞങ്ങാട്ട് അഭിഭാഷകനായും പിന്നീട് സര്‍ക്കാര്‍ സര്‍വ്വീസില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പദവിയിലുമൊക്കെയായി ഔദ്യോഗിക ജീവിതം ഏറെ തിരക്ക് പിടിച്ചപ്പോഴും തന്റെ പതിവ് നടത്തത്തിനോടുള്ള കമ്പം വേലായുധന്‍ നമ്പ്യാര്‍ കൈവിട്ടില്ല.
കാഞ്ഞങ്ങാട് നഗരത്തില്‍ രാവിലെയും വൈകുന്നേരവും പതിവ് സവാരി നടത്തുന്ന നമ്പ്യാര്‍ നഗരവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും പതിവ് കാഴ്ചകളിലൊന്നായിരുന്നു. പലപ്പോഴും കേസുകളുടെയും കോടതി വിധികളുടെയുമൊക്കെ വിവരങ്ങള്‍ ലഭിക്കാന്‍ നിയമ രംഗത്തുള്ള പലരും വ്യവഹാരികളായ സാധാരണക്കാരും വേലായുധന്‍ നമ്പ്യാരെ കാഞ്ഞങ്ങാട് നഗരത്തില്‍ തേടി നടക്കുന്ന കാലവുമുണ്ടായിരുന്നു. 

വേലായുധന്‍ നമ്പ്യാരുടെ സായാഹ്ന സവാരി പലപ്പോഴും അവസാനിക്കുക ഇത്തരം കൂടിക്കാഴ്ച്ചകള്‍ക്കൊക്കെ ശേഷം രാത്രി ഏറെ വൈകിയുമാകും. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും യാതൊരു വൈമനസ്യവുമില്ലാതെ നിയമ ഉപദേശങ്ങള്‍ നല്‍കുക എന്നത് വേലായുധന്‍ നമ്പ്യാര്‍ ഒരു നിയോഗം പോലെ കൊണ്ടു നടക്കുകയും ചെയ്തു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.