Latest News

മലയാളി യുവതി കുവൈത്തില്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് വിമാനത്താവളത്തില്‍ പിടിയില്‍

കാഞ്ഞങ്ങാട്:[www.malabarflash.com] മടിക്കൈ അമ്പലത്തുകര യുവതി കുവൈത്തിലെ താമസ സ്ഥലത്ത് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച കേസിലെ പ്രതിയായ ഭര്‍ത്താവിനെ ഹൊസ്ദുര്‍ഗ് പോലീസ് മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. 

മടിക്കൈ അമ്പലത്തുകരക്കടുത്ത് ബെസ്‌കോട്ട് മരുന്നുല്‍പ്പാദന കേന്ദ്രത്തിന് സമീപം കെ വി കുഞ്ഞിക്കൃഷ്ണന്റെയും ജാനകിയുടെയും മകള്‍ സുഷമ(25) 2013 സെപ്തംബര്‍ 24ന് രാവിലെ 11 മണിക്ക് കുവൈത്ത് ഫര്‍വാനക്കടുത്തുള്ള കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് ഹൊസ്ദുര്‍ഗ് കുശാല്‍നഗറിലെ എസി കുഞ്ഞിക്കൃഷ്ണന്റെ മകന്‍ സത്യപ്രകാശ് എന്ന പ്രകാശ് കൃഷ്ണയെയാണ് ചൊവ്വാഴ്ച രാവിലെ മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. 

സുഷമയുടെ മരണത്തിന് ശേഷം ഗള്‍ഫിലേക്ക് തിരിച്ച് പോയ സത്യപ്രകാശിനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സംഭവം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷം കുവൈത്തില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെ മംഗലാപുരം വിമാനത്താവളം അധികൃതര്‍ സത്യപ്രകാശിനെ തടഞ്ഞ് വെച്ച് ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറുകയായിരുന്നു. 

സത്യപ്രകാശ് സുഷമയെ മിന്നുകെട്ടിയത് 2002 ജുലായ് 24 ന് കാഞ്ഞങ്ങാട് രാജരാജേശ്വരി സിദ്ധി വിനായക ഗണേശ മന്ദിരത്തില്‍ വെച്ചാണ്.
കുവൈത്തില്‍ ഫര്‍ണീച്ചര്‍ ഷോപ്പില്‍ ജീവനക്കാരനായിരുന്ന സത്യപ്രകാശ് വിവാഹ ശേഷം സുഷമയെ കുവൈത്തിലേക്ക് കൊണ്ടുപോയി. 

കുവൈത്ത് ഗവണ്‍മെന്റിന്റെ കീഴിലുള്ള പൈപ്പ് ഇന്‍ഡസ്ട്രീസ് ആന്റ് ഓയല്‍ സര്‍വ്വീസ് എന്ന കമ്പനിയില്‍ ജോലി നേടിയ സുഷമ ഏഴുവര്‍ഷത്തോളം ഭര്‍ത്താവിനോടൊപ്പം കുവൈത്ത് ഫര്‍വാനയിലുള്ള ബ്ലോക്ക് അഞ്ചിലുള്ള ഫ്‌ളാററ്‌ സമുച്ചയത്തില്‍ മൂന്നാം നിലയിലെ 31-ാം നമ്പര്‍ ഫ്‌ളാറ്റില്‍ താമസിച്ച് വരികയായിരുന്നു. 

ദമ്പതികള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. പതിവായി മദ്യപിച്ച് ഫ്‌ളാറ്റിലെത്തുന്ന സത്യപ്രകാശ് ഭാര്യ സുഷമയെ നിരന്തരം പീഡിപ്പിച്ച് വരികയും സുഷമയുടെ ജോലിയില്‍ നിന്ന് ലഭിക്കുന്ന സമ്പാദ്യങ്ങള്‍ മുഴുവന്‍ ധൂര്‍ത്തടിക്കുകയും ചെയ്തതായി സുഷമയുടെ പിതാവ് കെ വി കുഞ്ഞിക്കൃഷ്ണന്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. 

സുഷമയുടെ സഹോദരിയും സഹോദരനും കുവൈത്തില്‍ ജോലിക്കാരായിരുന്നു. ഇവരോട് ബന്ധപ്പെടുന്നതും അടുപ്പം പുലര്‍ത്തുന്നതും സത്യപ്രകാശ് തടഞ്ഞുവെന്നും പരാതിയുണ്ടായിരുന്നു. സുഷമയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ ഭര്‍ത്താവ് സത്യപ്രകാശും അനുഗമിച്ചിരുന്നു. നാട്ടിലെത്തിയ സത്യപ്രകാശിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെങ്കിലും യുവാവ് പിന്നീട് തന്ത്രപൂര്‍വ്വം മുങ്ങുകയും ചെയ്തിരുന്നു. 

ഇതേ തുടര്‍ന്ന് സുഷമയുടെ പിതാവ് കുഞ്ഞിക്കൃഷ്ണന്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സത്യപ്രകാശിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.